Quantcast

ഒരു ഐസ്​ക്രീം കമ്പനി ഫലസ്​തീന്​​ നൽകുന്ന മധുരപ്രതീക്ഷകൾ

ഐസ്​ക്രീം രാഷ്​ട്രീയത്തി​ന്‍റെ മൂർച്ചയിൽ പുളയുകയാണ്​ ഇസ്രായേൽ എന്ന സൈനിക രാഷ്​ട്രം.

MediaOne Logo

MCA Nazer

  • Updated:

    2021-07-22 11:59:12.0

Published:

22 July 2021 11:58 AM GMT

ഒരു ഐസ്​ക്രീം കമ്പനി ഫലസ്​തീന്​​ നൽകുന്ന മധുരപ്രതീക്ഷകൾ
X

ഐസ്​ക്രീം. ആഗോളതലത്തിൽ മധുരിക്കുന്ന ഒരു ഉൽപന്നം മാത്രമല്ല ഇതെന്ന്​ തെളിയുകയാണ്​. ​ഐസ്​ക്രീം രാഷ്​ട്രീയത്തി​ന്‍റെ മൂർച്ചയിൽ പുളയുകയാണ്​ ഇസ്രായേൽ എന്ന സൈനിക രാഷ്​ട്രം.'ഐസ്​ക്രീം' കമ്പനി ഭീകരതയുടെ പുതിയ വകഭേദം ആണെന്നാണ്​ ​ഇസ്രായേൽ പ്രസിഡൻറ്​ ഐസക്​ ഹെർസോഗ്​ പറയുന്നത്​.

യഥാർഥ പ്രതി ഐസ്​ക്രീം ഉൽപാദകരായ ബെൻ ആൻറ്​ ജെറി ആണ്​. യുനിലിവർ ആണ്​ മാതൃകമ്പനി. അമേരിക്കയിലെ പ്രമുഖ ​ഐസ്​ക്രീം ബ്രാൻഡിനെതിരെയാണ്​ ഇസ്രായേൽ ആക്രോശം.

എന്താണ്​ പൊടുന്നനെയുള്ള പ്രകോപനത്തിനു കാരണം? ഇസ്രായേലി​ൽ ബെൻ ആൻറ്​ ജെറി വിൽക്കും. എന്നാൽ ഫലസ്​തീൻ അധിനിവിഷ്​ട പ്രദേശങ്ങളിൽ ഐസ്​ക്രീം വിൽപന ഉണ്ടാകില്ല എന്നാണ്​ ബെൻ ആൻറ്​ ജെറി പ്രഖ്യാപിച്ചത്​. അതിന്​ കൃത്യമായ കാരണവും കമ്പനി നിരത്തിയിട്ടുണ്ട്​. ഫലസ്​തീൻ ജനതക്കെതിരെ യുദ്ധകുറ്റങ്ങൾ ഇസ്രായേൽ തുടരുന്ന സാഹചര്യത്തിൽ അതുമായി ഒത്തുപോകാൻ കഴിയില്ലെന്നാണ്​ ബെൻ ആൻറ്​ ജെറിയുടെ തീരുമാനം. ശരിക്കും രാഷ്​ട്രീയതീർപ്പാണിത്​. പ്രത്യക്ഷത്തിൽ ഫലസ്​തീൻ ഐക്യദാർഢ്യവും.


വെസ്​റ്റ്​ ബാങ്ക്​, കിഴക്കൻ ജറൂസലം, ഗസ്സ എന്നിവിടങ്ങളിൽ എന്തു നടക്കുന്നു എന്ന്​ ലോകത്തിനറിയാം. ശരിയായ യുദ്ധ കുറ്റം തന്നെയാണ്​ ഇസ്രായേൽ നടത്തുന്നതെന്ന്​ യു.എൻ സമിതിയുടെ ഏറ്റവും പുതിയ റിപ്പോർട്ടും വ്യക്​തമാക്കിയതാണ്​. ഗസ്സയിൽ അതിക്രമം നടത്തി മുന്നൂറോളം പേരെ വകവരുത്തിയത്​ അടുത്തിടെ. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും ഗസ്സയിലേക്ക്​ ജീവകാരുണ്യ ഉൽപന്നങ്ങൾ പോലും അനുവദിക്കാത്ത കുടിലത മറുഭാഗത്തും. അതിനിടയില്‍ മസ്​ജിദുൽ അഖ്​സയുടെ പവിത്രത തകർക്കാനുള്ള ആസൂത്രിത നീക്കങ്ങളും തുടരുന്നു.

അധിനിവിഷ്​ട പ്രദേശങ്ങളിലെ ജനതക്ക്​ നൽകേണ്ട മിനിമം നീതി പോലും നിഷേധിക്കുകയാണ്​. അത്തരമൊരു ഘട്ടത്തിലാണ്​ സ്ഥാപനത്തി​ന്‍റെ നൈതികതക്കും ധാർമികമൂല്യങ്ങൾക്കും നിരക്കാത്ത ഇസ്രായേൽ നടപടികൾക്കെതിരെ ഒരു ഐസ്​ക്രീം സ്ഥാപനം പ്രതിരോധം തീർക്കുന്നത്​. ഇസ്രായേലിൽ ​​ഐസ്​ക്രീം ലഭിക്കും, എന്നാൽ അധിനിവിഷ്​ട പ്രദേശങ്ങളിൽ അതുണ്ടാകില്ല എന്ന രാഷ്ട്രീയ തീരുമാനം ബെൻ ആൻറ്​ ജെറി കൈക്കൊള്ളുന്നത്​.

തീരുമാനം കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. ഇസ്രായേൽ ഒന്നാകെ ബെൻ ആൻറ്​ ജെറിക്കെതിരെ ഉറഞ്ഞു തുള്ളുകയാണിപ്പോൾ. 'ഇസ്രായേൽ സമ്പദ്​ ഘടന തർക്കാനുള്ള ഭീകരതയാണിത്​. എന്തുവില കൊടുത്തും ഈ ഭീകരത അമർച്ച ചെയ്യണം' ഇസ്രായേൽ പ്രസിഡന്‍റ്​ രോഷം കൊള്ളുന്നു. ബഹിഷ്​കരണം, നിക്ഷേപം പിൻവലിക്കൽ, ഉപരോധ നടപടികൾ എന്നിവ പ്രതിഷേധ രൂപങ്ങളാണ്.


ഇസ്രായേല്‍ പ്രസിഡന്‍റ് ഐസഖ്​ ഹെർസോഗ്

ഫലസ്​തീൻ ജനതക്കെതിരായ യുദ്ധ കുറ്റങ്ങൾ തുടരുന്ന ഇസ്രായേലി​ന്‍റെ പങ്ക്​ പുറംലോകത്തെ അറിയിക്കാൻ ബെൻ ആൻറ്​ ജെറിയുടെ തീരുമാനത്തിനായി. ബെൻ ആൻറ്​ ജെറിയുടെ പ്രഖ്യാപന​ത്തെ ഫലസ്തീൻ ജനത സ്വാഗതം ചെയ്​തു. 'യഥാർഥ ഭീകരത അധിനിവേശം തന്നെയാണ്​. ഭീകരതയുടെ ഏറ്റവും വൃത്തികെട്ട രൂപമാണിത്​.' ഫലസ്​തീൻ അതോറിറ്റിയുടെ പ്രതികരണം.

ഒരു ഐസ്​ക്രീം കമ്പനിയുടെ തീരുമാനം ഇസ്രായേലിനെ വിറകൊള്ളിക്കുന്നതാണ്​ ലോകം കാണുന്നത്​. കമ്പനിയുടെ ആസ്​ഥാനം സ്ഥിതി ചെയ്യുന്ന അമേരിക്കയിൽ സമ്മർദം ചെലുത്തി ബഹിഷ്​കരണം പിൻവലിപ്പിക്കാനുള്ള കുത​ന്ത്രങ്ങളിലാണ്​ ഇസ്രായേൽ. സെമിറ്റിക്​ വിരുദ്ധ സമീപനത്തിന്‍റെ ഭാഗമാണിതെന്നാണ്​ ഇസ്രായേൽ കുറ്റപ്പെടുത്തൽ. വർണവെറിയുടെ രാഷ്​ട്രീയവും ക്രൂരതയും പിൻപറ്റുന്ന ഒരു രാഷ്​ട്രം തന്നെയാണ്​ ബെൻ ജെറിക്ക്​ ക്ലാസെടുക്കുന്നതും.

പ്രധാനമ​ന്ത്രി നാഫ്​തലി ബെനറ്റും രോഷപ്രകടനവുമായി രംഗത്തുണ്ട്​. ഒരു അമേരിക്കൻ കമ്പനിക്ക്​ എങ്ങനെ ഇതിന്​ ധൈര്യം വന്നു എന്നാണ്​ ബെനറ്റിന്‍റെ ചോദ്യം. സെമിറ്റിക്​ വിരുദ്ധതക്കു മുന്നിൽ അടിയറവ്​ പറഞ്ഞിരിക്കുകയാണ്​ ഐസ്​ക്രീം കമ്പനിയെന്ന്​ ഇസ്രായേൽ വിദേശകാര്യ മ​​ന്ത്രി യായിർ ലാപിഡ്​ പറയുന്നു. ജറൂസലം കേന്ദ്രമായി സ്വതന്ത്ര ഫലസ്​തീൻ രാഷ്​ട്രം ആരും സ്വപ്​നം കാണേണ്ടതില്ലെന്ന്​ പറഞ്ഞയാളാണ്​ ഈ യായിർ ലാപിഡ്.


യായിർ ലാപിഡ്​

ശൈഖ്​ ജർറാഹ്​ ഉൾപ്പെടെ കിഴക്കൻ ജറൂസലം പ്രദേശങ്ങളിൽ നിന്ന്​ ഫലസ്​തീൻ കുടുംബങ്ങളെ പുറന്തള്ളാൻ ഇസ്രായേൽ മുതിർന്നതും ആരും മറന്നിട്ടില്ല. യായിർ ലാപിഡ്​ കുറച്ചു മുമ്പ്​ പറഞ്ഞത്​ കൂടി നാം അറിയണം.'എന്‍റെ കഴിവനുസരിച്ച്​ എന്തും ചെയ്യും. ഇസ്രായേലിനുള്ളിൽ ഒരു ഫലസ്​തീൻ രാഷ്​ട്രം വരുന്നതിനെ എന്തു വിലകൊടുത്തും ചെറുക്കും. നിങ്ങൾ ഒരു ഭീകരനെ പിടികൂടിയാൽ ഒന്നും ആലോചിക്കാതെ വധിച്ചു കൊള്ളുക. ഞാൻ ഈ ജീവിതത്തിൽ നിരവധി അറബികളെ കൊന്നിട്ടുണ്ട്​. അതിലൂടെ ​ ഒരു പ്രശ്​നവും ഇതുവരെ എനിക്ക്​ ഉണ്ടായിട്ടുമില്ല.'

അധിനിവിഷ്​ട പ്രദേശങ്ങളിൽ ഐസ്​ക്രീം വിൽപന നടത്തുന്നത്​ കമ്പനിയുടെ മൂല്യങ്ങൾക്ക്​ നിരക്കുന്നതല്ലെന്ന പ്രഖ്യാപിത നയമാണ്​ ബെൻ ആൻറ്​ ജെറിയുടേത്​. എന്നാൽ എത്രകാലം ഈ നിലപാടിൽ ഉറച്ചു നിൽക്കാൻ ഐസ്​ക്രീം കമ്പനിക്ക്​ കഴിയും എന്ന ചോദ്യം ബാക്കി.

യു.എസ്​ സെനറ്ററും ഇസ്രായേൽ പക്ഷപാതിയുമായ ജെയിംസ്​ ​ലൻക്​ഫോഡിന്‍റെ നേതൃത്വത്തിൽ ബെൻ ആൻറ്​ ജെറി ഉൽപന്നങ്ങൾ ബഹിഷ്​കരിക്കാനുള്ള ആഹ്വാനം വന്നുകഴിഞ്ഞു. നിരവധി യു.എസ്​ സെനറ്റർമാരെ രംഗത്തിറക്കിയാണ്​ ഇസ്രായേൽ സമ്മർദം. ഇസ്രായേലിനെയും അതിന്‍റെ താൽപര്യങ്ങളെയും ഹനിക്കുന്ന നടപടികൾ പൊറുപ്പിക്കില്ലെന്നാണ്​ യു.എസ്​ പ്രഖ്യാപിത നയം. എങ്കിൽ എന്തുകൊണ്ട്​ ബെൻ ആൻറ്​ ജെറിക്കെതിരെ നടപടി സ്വീകരിക്കുന്നില്ല? ഇതാണ്​ ഇസ്രായേലും അമേരിക്കയിലെ സയണിസ്​റ്റ്​ ലോബിയും ഉന്നയിക്കുന്നത്​.

യുനി​ലിവർ കമ്പനി സി.ഇ.ഒയെ ഫോണിൽ വിളിച്ച്​​ ഇസ്രായേൽ പ്രധാനമന്ത്രി നഫ്​തലി ബെനറ്റ്​ ഭീഷണി മുഴക്കിയതും മുന്നറിയിപ്പാണ്​. എത്രകാലം ഫലസ്​തീൻ ​ഐക്യദാർഢ്യം തുടരാൻ ​യു.എസ്​ ഐസ്​ക്രീം കമ്പനിക്ക്​ കഴിയും? വിപണിയാണോ നിലപാടാണോ പ്രധാനം? ബെൻ ആൻറ്​ ജെറി മാത്രമല്ല, നീതിയോട്​ ഐക്യപ്പെടുന്ന എല്ലാ സ്​ഥാപനങ്ങളും ഇന്നല്ലെങ്കിൽ നാളെ ഈ ചോദ്യം നേരിടേണ്ടി വരും.

TAGS :

Next Story