Quantcast

വെടിനിർത്തൽ പ്രഖ്യാപനം; ഹോർമുസ് നിബന്ധനകളില്ലാതെ തുറക്കണമെന്ന് യുഎഇ

നഷ്ടപരിഹാരവും സുരക്ഷയും ഉറപ്പാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2026-04-09 05:40:17.0

Published:

9 April 2026 11:09 AM IST

Ceasefire announcement; UAE demands unconditional opening of Hormuz
X

ദുബൈ: അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിക്കപ്പെട്ട രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിനെ യുഎഇ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഹോർമുസ് കടലിടുക്ക് നിബന്ധനകളില്ലാതെ തുറന്നുനൽകണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയ ഈ പ്രഖ്യാപനത്തിൽ കൂടുതൽ വ്യക്തത വേണമെന്നും, മേഖലയിൽ ഇറാൻ നടത്തുന്ന ശത്രുതാപരമായ നീക്കങ്ങൾ പൂർണ്ണമായും അവസാനിപ്പിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യുഎഇ ആവശ്യപ്പെട്ടു.

കഴിഞ്ഞ 40 ദിവസത്തിനിടെ ഇറാൻ നടത്തിയ അക്രമങ്ങളിൽ ഉണ്ടായ ജീവഹാനിക്കും സ്വത്ത് നാശനഷ്ടങ്ങൾക്കും ഇറാനെ ഉത്തരവാദികളാക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഇറാന്റെ ആണവ പദ്ധതികൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോൺ ആക്രമണങ്ങൾ, ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങളുടെ ഭീഷണികൾ എന്നിവ ഉൾപ്പെടുന്ന സമഗ്രമായ പരിഹാരമാണ് മേഖലയുടെ സ്ഥിരതക്ക് ആവശ്യമെന്ന് യുഎഇ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 40 ദിവസത്തിനിടെ ഊർജ കേന്ദ്രങ്ങൾക്കും സിവിലിയൻ കേന്ദ്രങ്ങൾക്കും നേരെ 2,760 ലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണങ്ങൾ നടന്നതായും യുഎഇ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഓർമിപ്പിച്ചു. മേഖലയിലെ സാമ്പത്തിക യുദ്ധവും കടൽക്കൊള്ളയും അവസാനിപ്പിക്കാനുള്ള കർശന നിലപാടുകൾ കരാറിൽ ഉണ്ടാകണമെന്നും യുഎഇ ആവശ്യപ്പെട്ടു.

TAGS :

Next Story