ഇഡിക്ക് കിഫ്ബിയെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് തോമസ് ഐസക്
കിഫ്ബിക്കെതിരെ കേസെടുത്ത എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ വെല്ലുവിളിച്ച് ധനമന്ത്രി തോമസ് ഐസക്

കിഫ്ബിക്കെതിരെ കേസെടുത്തതോടെ സർക്കാരും എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും തുറന്ന പോരിലേക്ക്. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്‍റെ നേതൃത്വത്തിൽ കിഫ്ബിക്കെതിരെ ഗൂഢാലോചന നടന്നെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ഇഡിയുടെ ഇടപെടൽ വികസനത്തെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന് സി.പി.എം വിമർശിച്ചു.
കിഫ്ബി വഴിയുള്ള വികസനം സർക്കാരിന്‍റെ പ്രധാന നേട്ടമായി ഉയർത്തി കാണിക്കുമ്പോഴാണ് കിഫ്ബിയുടെ നടത്തിപ്പ് ചോദ്യം ചെയ്തുള്ള കേന്ദ്ര ഏജൻസിയുടെ ഇടപെടൽ. കിഫ്ബിക്കെതിരെ കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് തോമസ് ഐസക് വിമർശിച്ചു. കേന്ദ്രധനമന്ത്രി നിർമലാ സീതാരാമന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നെന്നാണ് തോമസ് ഐസകിന്‍റെ ആരോപണം. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തകർക്കാനുള്ള പദ്ധതിയെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും ഐസക് കൂട്ടിച്ചേർത്തു.
കിഫ്ബിക്കെതിരായ ഇഡിയുടെ അന്വേഷണത്തെ വിമർശിച്ച് സി.പി.എം രംഗത്തെത്തി. ഇഡിയുടെ ഇടപെടൽ തെരഞ്ഞെടുപ്പ് ചട്ടഘംഘനമാണെന്നും വികസനത്തെ അട്ടിമറിക്കാനുള്ള നീക്കം കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമാണെന്നും സി.പി.എം വിലയിരുത്തി. കിഫ്ബി വഴിയുള്ള ഫണ്ട് കൈമാറ്റം ഫെമ നിയമത്തിന്‍റെ ലംഘനമാണെന്നാണ് ആരോപണം. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം ഉൾപ്പെടെ മൂന്ന് പേരെ ഇഡി അടുത്ത ആഴ്ച ചോദ്യം ചെയ്യും.
Adjust Story Font
16

