Quantcast

വര്‍ഗശത്രുവിന്‍റെ കൂടെ നിന്നവരാണ് തനിക്കെതിരെ പോസ്റ്ററൊട്ടിച്ചതെന്ന് മന്ത്രി എ.കെ ബാലന്‍

''അവരുടെ ലക്ഷ്യമെന്താണെന്ന് തനിക്ക് നന്നായറിയാം. പ്രതിഷേധിക്കുന്നത് ഇരുട്ടിന്‍റെ സന്തതികളാണ്''

MediaOne Logo

  • Published:

    7 March 2021 11:27 AM IST

വര്‍ഗശത്രുവിന്‍റെ കൂടെ നിന്നവരാണ് തനിക്കെതിരെ പോസ്റ്ററൊട്ടിച്ചതെന്ന്  മന്ത്രി എ.കെ ബാലന്‍
X

തനിക്കെതിരെ പോസ്റ്ററൊട്ടിച്ചത് വർഗ ശത്രുവിന്‍റെ കൂടെ നിന്നവരാണെന്ന് മന്ത്രി എ.കെ ബാലന്‍. അവരുടെ ലക്ഷ്യമെന്താണെന്ന് തനിക്ക് നന്നായറിയാം. പ്രതിഷേധിക്കുന്നത് ഇരുട്ടിന്‍റെ സന്തതികളാണ്. മാധ്യമങ്ങള്‍ ഇപ്പോൾ കൊടുക്കുന്ന വാർത്തകളെല്ലാം വാസ്‍തവ വിരുദ്ധമാണ്.

സ്ഥാനാർഥി നിർണയത്തിലെ ജനാധിപത്യ പ്രക്രിയയാണ് ഇപ്പോൾ നടക്കുന്നത്. ഒരു സ്ഥാനാർഥിയെയും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അന്തിമ തീരുമാനം പത്താം തിയതിയോടെ ഉണ്ടാകും. യു.ഡി.എഫ് ഞെട്ടുന്ന സ്ഥാനാർഥികളെ തങ്ങള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രിയോടെയാണ് പാലക്കാട് നഗരത്തില്‍ മന്ത്രി എ.കെ ബാലനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ നോക്കിയാൽ നട്ടെല്ലുള്ള കമ്യൂണിസ്റ്റുകാർ തിരിച്ചടിക്കും. ജനാധിപത്യത്തെ കുടുംബ സ്വത്താക്കാനുള്ള അധികാര മോഹികളെ തിരിച്ചറിയുക എന്നീ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. സേവ് കമ്മ്യൂണിസത്തിന്‍റെ പേരിൽ സി.പി.എം ജില്ലാകമ്മിറ്റി ഓഫീസിലും മന്ത്രിയുടെ വീടിന്‍റെ പരിസരത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മന്ത്രി എകെ ബാലന്‍റെ ഭാര്യ ഡോക്ടർ പി.കെ ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കുന്നതാണ് സി.പി.എം നേതാക്കളെയും പ്രവർത്തകരെയും ഒരുപോലെ ചൊടിപ്പിച്ചത്. ജമീലയെ സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ട് വലിയ രീതിയില്‍ പ്രതിഷേധം നടക്കുന്നുണ്ട്. സി.പി.എമ്മിന്‍റെ ജില്ലാസെക്രട്ടറിയേറ്റ് യോഗത്തിലും നീക്കത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. 2001 മുതല്‍ എ.കെ ബാലന്‍ മത്സരിച്ചു ജയിച്ചുവന്ന തരൂർ മണ്ഡലത്തിൽ കുടുംബ പാരമ്പര്യത്തിന്‍റെ പേരില്‍ മാത്രമാണ് ജമീലയ്ക്ക് സീറ്റ് നൽകുന്നതെന്നാണ് അണികള്‍ക്കിടയിലെ സംസാരം.

നിയമസഭ തെരഞ്ഞെടുപ്പില്‍ രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ മല്‍സരിക്കേണ്ടെന്ന നിലപാടില്‍ പാര്‍ട്ടി ഉറച്ചുനിന്നതോടെയാണ് എ.കെ.ബാലന് സീറ്റ് നഷ്ടമായത്.സി.പി.ഐ.എം സംസ്ഥാന സമിതിയാണ് എ.കെ.ബാലന് പകരം ഭാര്യ ഡോ.പി.കെ ജമീലയെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്. ജമീലയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തല്‍

TAGS :

Next Story