Quantcast

ഇസ്രായേലിനെ ഞെട്ടിച്ച 'മിന്നൽപ്രളയം', ഗസ്സയിൽ കൂട്ടക്കുരുതി; ആഴക്കടലിൽ നോവായി 'ടൈറ്റൻ'; ദി ഗ്രേറ്റ് ആമസോൺ സർവൈവൽ |World Year-Ender 2023

ആമസോണ്‍ കാട്ടില്‍ അഞ്ചു കുട്ടികളുടെ അസാധാരണമായ അതിജീവനക്കഥ ആനന്ദക്കണ്ണീരോടെ കണ്ടു, കേട്ടു നമ്മള്‍. ടൈറ്റാനിക്കിന്‍റെ രഹസ്യംതേടി അറ്റ്ലാന്‍റിക്കിന്‍റെ ആഴങ്ങളിലേക്ക് ഊളിഴിട്ട ടൈറ്റനും ആ അഞ്ചു സാഹസികരും കടലാഴങ്ങളില്‍ ഞെരിഞ്ഞമര്‍ന്നെന്ന സത്യം ഞെട്ടലോടെ തിരിച്ചറിഞ്ഞു

MediaOne Logo

മുഹമ്മദ് ശഹീര്‍

  • Updated:

    2024-01-01 09:23:47.0

Published:

31 Dec 2023 10:41 PM GMT

Year Ender 2023 world events, World events in 2023, Colombia plane crash, titan submersible implosion, Israel attack on Gaza, Turkey–Syria earthquakes, Jacinda Ardern, Imran Khan
X

തുര്‍ക്കിയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തിന്‍റെ, ഒരു വന്‍ പ്രകൃതി ദുരന്തത്തിന്‍റെ ഞെട്ടലില്‍നിന്നു തുടങ്ങിയതാണ് 2023. ഗസ്സ എന്ന മനുഷ്യനിര്‍മിതമായ ഭീകരദുരന്തത്തിന്‍റെ തീനോവിലാണിപ്പോള്‍ വര്‍ഷമൊടുങ്ങുന്നത്. ഇസ്രായേലെന്ന അധിനിവേശക്കൊതിയെ, അവസാനിക്കാത്ത കൊടുംകൃത്യങ്ങളെ, വംശവെറിയെ, യുദ്ധഭീകരതയെ ചെറുത്തുതോല്‍പിക്കാന്‍ ഫലസ്തീനികള്‍ക്ക് അവര്‍ മാത്രമേയുള്ളൂവെന്ന രാഷ്ട്രീയസത്യം ഒരിക്കല്‍കൂടി ഉറപ്പിക്കുന്നു ഈ 'സംഘര്‍ഷ'കാലവും.

ആള്‍ക്കരുത്തില്‍ ചൈനയെയും തോല്‍പിച്ചുള്ള ഇന്ത്യയുടെ കുതിപ്പ് കണ്ട വര്‍ഷമാണ്. ആമസോണ്‍ കാട്ടില്‍ അഞ്ചു കുട്ടികളുടെ അസാധാരണമായ അതിജീവനക്കഥ ആനന്ദക്കണ്ണീരോടെ കണ്ടു, കേട്ടു നമ്മള്‍. ടൈറ്റാനിക്കിന്‍റെ രഹസ്യംതേടി അറ്റ്ലാന്‍റിക്കിന്‍റെ ആഴങ്ങളിലേക്ക് ഊളിഴിട്ട ടൈറ്റനും ആ അഞ്ചു സാഹസികരും കടലാഴങ്ങളില്‍ ഞെരിഞ്ഞമര്‍ന്നെന്ന സത്യം ഞെട്ടലോടെ തിരിച്ചറിഞ്ഞു.

1. രാജിയിലും ജസിന്ത മോഡൽ

സൈനികശക്തിയൊന്നുമില്ലാതെ ലോകം കീഴടക്കിയ നേതാവാണ് ജസിന്ത ആർഡേൻ. ന്യൂസിലാൻഡ് മുൻ പ്രധാനമന്ത്രി. ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അവർ പേരെടുക്കുമ്പോൾ പ്രായം വെറും 37.

എന്നാൽ, ആ പെരുമയാകില്ല, മനുഷ്യരുടെ ഉള്ളുതൊടുന്ന ആർദ്രതയും കരുണയും ജനഹൃദയങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സിംപ്ലിസിറ്റിയും സദാ പ്രസന്നമായ അവരുടെ മുഖവുമായും ലോകനേതാവ് എന്ന നിലയിൽ ജസിന്തയെ അനശ്വരമാക്കാൻ പോകുന്നത്; ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണം, മവോറികളോടുള്ള മാപ്പുപറച്ചിൽ, കോവിഡ് കാലം, വക്കാരി അഗ്നിപർവത സ്‌ഫോടനം.. അങ്ങനെ പലഘട്ടങ്ങളിൽ ലോകമത് കണ്ടു, നിറമനസ്സോടെ. മാസങ്ങൾ മാത്രം പ്രായമുള്ള കൈക്കുഞ്ഞുമായി യു.എൻ പൊതുസഭ കയറിയും അവർ ചരിത്രമെഴുതി. പ്രൈഡ് പരേഡിൽ പങ്കെടുക്കുന്ന ആദ്യ കിവി പ്രധാനമന്ത്രിയായി. മന്ത്രിസഭയിൽ എൽ.ജി.ബി.ടി വിഭാഗത്തിനു പ്രാതിനിധ്യവും നൽകി.

2023 ജനുവരി 18ന്റെ പകലിൽ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച് ജസിന്ത ലോകത്തെ ഞെട്ടിച്ചു. പ്രധാനമന്ത്രിക്കസേരയുടെ ലഹരിയും ലേബർ പാർട്ടി നേതൃത്വം നൽകുന്ന അധികാരവും വേണ്ടെന്നുവച്ചു.

2017ൽ അധികാരമേറ്റ ശേഷം തുടർച്ചയായി ആറു വർഷത്തോളം ന്യൂസിലൻഡിനെ നയിച്ച അവർ, ഭാരിച്ച ഉത്തരവാദിത്തമുള്ള പദവിയോട് ഇനിയും നീതിപുലർത്താനാകില്ലെന്നു പ്രഖ്യാപിച്ച് കാലാവധി തീരുംമുൻപേ താഴെയിറങ്ങി. താനുമൊരു മനുഷ്യനാണ്, രാഷ്ട്രീയക്കാരും മനുഷ്യരാണെന്നൊരു 'രാഷ്ട്രീയ'പ്രഖ്യാപനവും നടത്തി രാജിസന്ദേശത്തിലവർ.

അപ്പോഴും കോവിഡ് കാലവും സാമ്പത്തിക പ്രതിസന്ധിയും അവരുടെ പ്രതിച്ഛായയ്ക്കും ഇളക്കമുണ്ടാക്കിയെന്നതും നേര്. ഭീകരവിരുദ്ധ-പരിസ്ഥിതി സംരക്ഷണ യത്‌നങ്ങളുമായി സജീവമാണവരിപ്പോൾ. ഇരട്ട ഫെലോഷിപ്പുമായി ലോകപ്രശസ്തമായ ഹാർവാഡ് സർവകലാശാലയിലെ കെന്നെഡി സ്‌കൂളിൽ ചേർന്നിരിക്കുകയാണ് ജസിന്ത ഒടുവിൽ. സെന്റർ ഫോർ പബ്ലിക് ലീഡർഷിപ്പിൽ നേതൃ-ഭരണ രംഗത്തെ തന്റെ അനുഭവങ്ങളും ഉൾക്കാഴ്ചകളും വിദ്യാർത്ഥികൾക്കു പകരുകയാകും അവരുടെ ദൗത്യം.

2. മഹാദുരന്തത്തില്‍ നെടുകെപ്പിളർന്ന് തുർക്കി

2023 ഫെബ്രുവരി 6ന്റെ കാളരാത്രി തുർക്കിക്ക് ഉൾക്കിടിലത്തിന്റെ ഓർമകളാണ്. തെക്കൻ-മധ്യ തുർക്കിയെയും വടക്കുപടിഞ്ഞാറൻ സിറിയയെയും നെടുകെ പിളർന്ന ഭൂകമ്പം ജീവനെടുത്തത് അരലക്ഷം മനുഷ്യരുടെ ജീവനാണ് അപഹരിച്ചത്. തുർക്കി നിദ്രയിലാണ്ടുകിടക്കുകയായിരുന്നു പാതിരാത്രിയും കഴിഞ്ഞായിരുന്നു അയൽരാജ്യങ്ങളെ ഉൾപ്പെടെ വിറപ്പിച്ച ഭൂകമ്പം. ഇരുട്ടടിയായി മണിക്കൂറുകളോളം നീണ്ട 200ഓളം തുടർചലനങ്ങളും. വിറപ്പിച്ച റിക്ടർ സ്‌കെയിലിൽ 7.5 തീവ്രതരേഖപ്പെടുത്തിയ ഭൂകമ്പം ആധുനിക ലോക ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി മാറി.

ഒരു രാത്രിയുടെ ഭീകരതയിൽനിന്ന് കരകയറാൻ തുർക്കി മാസങ്ങളെടുത്തു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് മനുഷ്യജീവനുകളും പാതിജീവനുകളും മൃതദേഹങ്ങളും പുറത്തെടുക്കാൻ തന്നെ നാളുകളെടുത്തു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ജനപ്രീതി കൂടി തകർത്തുകളഞ്ഞ ദുരന്തമായി ഭൂകമ്പം മാറിയത് അങ്ങനെയാണ്.

തുർക്കിയിൽ മാത്രം 50,783 പേരാണു കൊല്ലപ്പെട്ടത്. ഒരുലക്ഷത്തിനു മീതെ മനുഷ്യർക്കു ഗുരുതരവും അല്ലാത്തതുമായ പരിക്കും. സിറിയയിൽ 8,476 പേരും മരിച്ചു. 14,500 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തകർന്നടിഞ്ഞ കെട്ടിടങ്ങൾ, കണക്കില്ലാത്ത നാശനഷ്ടങ്ങൾ വേറെയും.

3. ചൈന പാലമിട്ടു; കൈകൊടുത്ത് സൗദിയും ഇറാനും

2023 മാർച്ച് 10ന് ബെയ്ജിങ്ങിൽനിന്നു പുറത്തുവന്ന ഒരു ദൃശ്യം പശ്ചിമേഷ്യയിൽ പുതിയൊരു യുഗപ്പിറവിയുടെ വിളംബരമായിരുന്നു. സൗദി ദേശീയ സുരക്ഷാ ഉപദേഷ്ടാവും മന്ത്രിയുമായ മുസ്അദ് ബിൻ മുഹമ്മദ് അൽഐബാനും ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ഷംഖാനിയും പുഞ്ചിരിച്ചു പരസ്പരം ഹസ്തദാനം ചെയ്യുന്നു. നടുവിൽ രണ്ടുപേരെയും ചേർത്തുപിടിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും.

പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയ-ആദർശവൈരങ്ങൾ അവസാനിപ്പിച്ച് മേഖലയുടെ സുരക്ഷിതവും സമ്പന്നവുമായി ഭാവിക്കായി ഒന്നിച്ചുനിൽക്കാൻ പ്രതിജ്ഞ ചെയ്തു ഇരുനേതാക്കളും. 2016ൽ ഔദ്യോഗികമായി വിച്ഛേദിച്ച നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നു സൗദിയും ഇറാനും. വർഷങ്ങൾക്കുശേഷം ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ സൗദിയിലെത്തുന്നു. സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ ആൽസൗദിനൊപ്പം സംയുക്ത വാർത്താസമ്മേളനം നടത്തുന്നു. ഒടുവിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ചയും നടത്തിയാണ് ഹുസൈൻ അമീറബ്ദുലാഹിയാൻ ചരിത്രപര്യടനം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയത്.

മേഖലയിലെ രാഷ്ട്രീയ ബലതന്ത്രം തന്നെ മാറിമറിയുന്ന കാഴ്ചയായിരുന്നു അത്. അമേരിക്ക പശ്ചിമേഷ്യയിൽ പതിറ്റാണ്ടുകളായി ആസ്വദിച്ചുവന്ന അധികാരത്തിനുമേൽ ചൈന പുതിയൊരു അവകാശിയായി വരുന്നു. ഇറാനെ മുൻനിർത്തിയുള്ള ഇസ്രായേലിന്റെ നിഴൽയുദ്ധങ്ങളുടെ കൂമ്പടയുന്നു.

പടിഞ്ഞാറൻ രാജ്യങ്ങളുടെ ഇറാൻ വിരുദ്ധ നീക്കങ്ങളും ദുർബലമാകുന്നു. യു.എസിന്റെ ആഞ്ജയ്ക്കും തീർപ്പുകൾക്കുമപ്പുറം സ്വയമൊരു അധികാരകേന്ദ്രമായി മാറുകയാണ് സൗദി.

4. ആൾക്കരുത്തിൽ ലോകത്തിനുമുന്നിൽ നടന്ന് ഇന്ത്യ

142.86 കോടി ജനങ്ങൾ പാർക്കുന്ന ഇന്ത്യ! ആൾക്കരുത്തുകൊണ്ട് ഇന്ത്യ ലോകത്തിനു മുന്നില്‍ നടക്കുകയാണ്. ജനസംഖ്യാകണക്കിൽ ഏറെക്കാലം ബഹുദൂരം മുന്നിൽനിന്ന ചൈനയെ പിന്തള്ളിയാണ് ഇന്ത്യൻ കുതിപ്പ്. ലോകജനസംഖ്യ 800 കോടി കടന്നതിനു തൊട്ടടുത്ത വർഷമാണ് ഈ നേട്ടം.

2023 ഏപ്രിൽ 19നാണ് ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടന്ന വിവരം യു.എൻ പോപുലേഷൻ ഫണ്ട് ഔദ്യോഗികമായി പുറത്തുവിട്ടത്. 142.86 കോടിയാണ് ഏറ്റവും പുതിയ വിവരപ്രകാരം ഇന്ത്യൻ ജനസംഖ്യ. ചൈനയുടേത് 142.57 കോടിയും. 1950ൽ യു.എൻ ജനസംഖ്യാ വിവരം പുറത്തുവിടാൻ തുടങ്ങിയതു മുതൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത് ചൈനയായിരുന്നു. ഏഴു പതിറ്റാണ്ടിനുശേഷമാണു ജനസംഖ്യയിൽ ഇന്ത്യയുടെ ചരിത്രപരമായ കുതിപ്പ് സംഭവിക്കുന്നത്.

ഇന്ത്യൻ ജനസംഖ്യയിൽ 0-14 വയസിനിടയിലുള്ളവർ 25 ശതമാനമുണ്ടെന്നതു ശ്രദ്ധേയമാണ്. 15നും 64നും ഇടയിലാണ് 68 ശതമാനവും. 65 വയസിനുമുകളിൽ ഏഴു ശതമാനവും.

5. അഴിമതിക്കേസിൽ 'റണ്ണൗട്ട്' ആയി ഇമ്രാൻ

പാക് രാഷ്ട്രീയത്തിൽ വിപ്ലവകരമായ അരങ്ങേറ്റത്തിനുശേഷം, രാജ്യഭരണത്തിന്റെ പിച്ചിൽ പരാജിതനായി 'ക്യാപ്റ്റൻസി'യിൽനിന്നു പടിയിറങ്ങേണ്ടിവന്നയാളാണ് മുൻ പാകിസ്താൻ ക്രിക്കറ്റ് നായകൻ ഇമ്രാൻ ഖാൻ. അഴിമതിക്കെതിരെ പോരാട്ടം പ്രഖ്യാപിച്ച് നടത്തിയ പ്രചാരണത്തിലൂടെ പാക് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ തെഹ്രീകെ ഇൻസാഫ് പാർട്ടി തലവൻ അതേ വലയിൽ തന്നെ വീണു.

2023 മേയ് ഒൻപതിന് ഇസ്ലാമാബാദ് ഹൈക്കോടതിക്കകത്തുനിന്ന് പാക് അഴിമതി വിരുദ്ധ അന്വേഷണസംഘം അദ്ദേഹത്തെ നാടകീയമായി അറസ്റ്റ് ചെയ്തു. ഇമ്രാന്റെ അൽഖദീർ ട്രസ്റ്റുമായി ബന്ധപ്പെട്ടുള്ള തോഷഖാന അഴിമതിക്കേസിലായിരുന്നു നടപടി. പ്രധാനമന്ത്രിയായിരിക്കേ വിദേശത്തുനിന്ന് ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലക്ക് വിറ്റ് നികുതി വെട്ടിച്ചെന്നാണ് കേസ്. നിരവധി തവണ ചോദ്യംചെച്ചലിനു ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും ഇമ്രാൻ പിടികൊടുത്തില്ല. ഒടുവിൽ കോടതിക്കകത്തുനിന്നായിരുന്നു നാടകീയമായ അറസ്റ്റ്. അറസ്റ്റ് വൻ കോളിളക്കമാണ് പാകിസ്താനിൽ സൃഷ്ടിച്ചത്. വലിയ പ്രതിഷേധത്തിനും അക്രമസംഭവങ്ങൾക്കും പാക് രാഷ്ട്രീയം സാക്ഷിയായി.

തൊട്ടടുത്ത ദിവസം തന്നെ ജാമ്യം നേടി അദ്ദേഹം പുറത്തിറങ്ങുകയും ചെയ്തു. ആഗസ്റ്റ് അഞ്ചിന് ഇമ്രാൻ വീണ്ടും അറസ്റ്റിൽ. പഴയ അഴിമതിക്കുറ്റത്തിൽ മൂന്നു വർഷത്തെ തടവിനു വിധിക്കപ്പെടുകയും ചെയ്തു. ആഗസ്റ്റ് 29ന് പാക് അപ്പീൽ കോടതി അഴിമതിക്കുറ്റം ഒഴിവാക്കി. ഇമ്രാൻ വീണ്ടും ജാമ്യത്തിൽ പുറത്ത്.

6. ഒരു ആമസോൺ അപാരത; അസാധാരണം, അവിശ്വസനീയം ഈ അതിജീവനം

40 ദിവസം കൊടുങ്കാടിന്റെ വന്യതയിൽ നാലു കുഞ്ഞുങ്ങൾ. വന്യമൃഗങ്ങൾക്കും ഇഴജന്തുക്കൾക്കുമിടയിൽ. രാത്രിയുടെ ഭീതിപ്പെടുത്തുന്ന ഏകാന്തതയിൽ. എല്ലാം കടന്ന് ജീവന്റെ തുടിപ്പുമായി പുറംലോകത്തിന്റെ വെളിച്ചത്തിലേക്ക് അവർ നാലുപേർ...

ഒരു അസാധാരണമായ അതിജീവനത്തിന്റെ വാർത്ത കേട്ട് കുളിരണിയുകയായിരുന്നു ജൂൺ 10ന്റെ പകലിൽ ലോകം. ഒരു മാസംമുൻപ് കൊളംബിയൻ മഴക്കാടിൽ ചെറുവിമാനം തകർന്നുണ്ടായ അപകടത്തിൽ കാണാതായ നാലു കുട്ടികളെയാണു സൈന്യം ജീവനോടെ കണ്ടെത്തിയത്. കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ലോകത്തിനാകെ ആശ്ചര്യവും സന്തോഷവും പകർന്ന ആ വാർത്ത പുറത്തുവിട്ടത്.

മെയ് ഒന്നിനായിരുന്നു കൊളംബിയൻ കുടുംബം സഞ്ചരിച്ച ചെറുവിമാനം 'സെസ്‌ന 206' ആമസോൺ കാട്ടിനകത്ത് തകർന്നുവീഴുന്നത്. ആറ് യാത്രികരും ഒരു പൈലറ്റുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. എൻജിൻ തകരാറിനെ തുടർന്ന് മുന്നറിയിപ്പ് നൽകിയെങ്കിലും ഏതാനും മിനിറ്റുകൾക്കകം വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.

പിന്നീടാണ് വിമാനം ആമസോൺ കാട്ടിൽ തകർന്നുവീണ വിവരം പുറത്തുവരുന്നത്. സംഭവസ്ഥലത്തുവച്ച് കുട്ടികളുടെ അമ്മ മഗ്ദലീന മ്യൂകറ്റൂയിയിയുടെയും പൈലറ്റിന്റെയും മൃതദേഹം കണ്ടെത്തി. എന്നാൽ, കൊളംബിയൻ സേന ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും വിമാനത്തിലുണ്ടായിരുന്ന കുട്ടികളെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. അതു രാജ്യത്തിന്റെയും ലോകത്തിന്റെയും തീരാനോവായി മാറി.

ഒടുവിൽ ഒരു മാസം കഴിഞ്ഞാണു കാട്ടിൽ അലഞ്ഞുതിരിഞ്ഞു നടന്ന കുട്ടികളെ സൈനികർ കണ്ടെത്തുന്നത്. 13ഉം ഒൻപതും നാലും വയസുള്ള സഹോദരങ്ങൾക്കൊപ്പം ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞും ഇത്രയും നാൾ അതിജീവിച്ചുവെന്നത് വിസ്മയകരം തന്നെയായിരുന്നു.

7. ആഴക്കടലിൽ ഞെരിഞ്ഞമർന്ന് 'ടൈറ്റൻ'; നോവായി അവർ അഞ്ചുപേർ

അറ്റ്ലാന്‍റിക്കിന്‍റെ അടിത്തട്ടില്‍ വലിയൊരു ദുരന്തത്തിന്‍റെ ശേഷിപ്പായി കിടക്കുന്ന ടൈറ്റാനിക് കപ്പലിന്റെ രഹസ്യങ്ങൾ തേടി പുറപ്പെട്ട അതിസാഹസികരുടെ അഞ്ചംഗസംഘം അതേ സമുദ്രത്തിന്റെ ആഴങ്ങളിൽ മുങ്ങിത്താഴുന്നു. ലോകമനഃസാക്ഷിയില്‍ ഇനിയും തീരാനോവായിക്കിടക്കുന്ന ഒരു മഹാദുരന്തത്തിന്റെ ശേഷിപ്പുകൾ കാണാൻ പുറപ്പെട്ട ആ സാഹസികസംഘവും അങ്ങനെ ചരിത്രത്തിൽ മറ്റൊരു മുറിവായി മാറി. അങ്ങനെ ദുരന്തത്തിനുമേൽ ദുരന്തത്തിന്റെ പേരായി ഓഷ്യൻഗേറ്റിന്റെ 'ടൈറ്റൻ'.

അറ്റ്ലാന്റിക് സമുദ്രത്തിൽ 12,500 അടി താഴ്ചയിലുള്ള ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ പര്യവേക്ഷണം ചെയ്യാനായി 2023 ജൂൺ 16നാണ് യു.എസ് കമ്പനിയായ ഓഷ്യൻഗേറ്റിന്റെ അന്തർവാഹിനി പേടകം 'ടൈറ്റൻ' യാത്ര തിരിക്കുന്നത്. ഓഷ്യൻഗേറ്റ് സി.ഇ.ഒ സ്റ്റോക്ടൺ റഷ്, ഫ്രഞ്ച് ആഴക്കടൽ പര്യവേക്ഷകനും ടൈറ്റാനിക് വിദഗ്ധനുമായ പോൾ ഹെൺറി നർജിയോലെറ്റ്, ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പാകിസ്താൻ വ്യവസായി ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

യാത്ര തുടങ്ങി 1.45 മണിക്കൂറിനുള്ളിൽ സപ്പോർട്ട് കപ്പലായ പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടപ്പെട്ടു. പിന്നീട് മൂന്നു ദിവസത്തോളം പേടകത്തിനു വേണ്ടിയുള്ള തിരച്ചിലായിരുന്നു. ലോകം സന്തോഷത്തിന്റെ വാർത്തക്കായി കണ്ണുമിഴിച്ചു കാത്തിരുന്നു. എന്നാൽ, ജൂൺ 18ന് ടൈറ്റൻ പൊട്ടിത്തെറിച്ച് അഞ്ചുപേരും മരിച്ചെന്ന യു.എസ് കോസ്റ്റ് ഗാർഡിന്റെ സ്ഥിരീകരണം ലോകം ഞെട്ടലോടെയാണു കേട്ടത്.


കടലിനുള്ളിലുണ്ടായ മർദം താങ്ങാനാകാതെ പേടകം ഞെരിഞ്ഞമരുകയായിരുന്നുവെന്നാണു വിവരം. ടൈറ്റാനിക്കിന്റെ വെറും 500 മീറ്റർ അകലെനിന്ന് അന്തർവാഹിനിയുടെ അവശിഷ്ടങ്ങൾ അന്വേഷണ സംഘം കണ്ടെത്തുകയും ചെയ്തു. യു.എസ്-കനേഡിയൻ കോസ്റ്റ് ഗാർഡുകൾ ചേർന്നായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. കനേഡിയൻ-യു.എസ് വ്യോമസേനകളും കനേഡിയൻ വ്യോമസേനയും എല്ലാ പിന്തുണയുമായി കൂടെയുണ്ടായിരുന്നു.

8. നിജ്ജാർ വധത്തിൽ ഉലഞ്ഞ് ഇന്ത്യ-കാനഡ ബന്ധം

2023 ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ ഒരു സിഖ് ഗുരുദ്വാരയുടെ പാർക്കിങ് കേന്ദ്രത്തിൽ വച്ച് ഖലിസ്ഥാനി നേതാവും സിഖ് വിഘടനവാദി നേതാവുമായിരുന്ന ഹർദീപ് സിങ് നിജ്ജാർ കൊല്ലപ്പെടുന്നു. മാസങ്ങൾ കഴിഞ്ഞ് സെപ്റ്റംബർ 18ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തുന്നു. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാരുമായി ബന്ധപ്പെട്ട ചിലർക്കു ബന്ധമുണ്ടെന്നായിരുന്നു ആരോപണം. വലിയ രാഷ്ട്രീയ കോളിളക്കമാണ് അതു സൃഷ്ടിച്ചത്. ഇന്ത്യ-കാനഡ നയതന്ത്രബന്ധം ശരിക്കും ഉലഞ്ഞു.

സംഭവത്തിൽ പങ്ക് ആരോപിച്ച് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥനെ ട്രൂഡോ പുറത്താക്കിയതോടെ സംഭവത്തിന്റെ നിറം ഒന്നുകൂടി മാറി. ഇന്ത്യൻ ഇന്റലിജൻസ് വിഭാഗം 'റോ'യുടെ കാനഡയിലെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ പ്രവൺ കുമാർ റായിക്കെതിരെയായിരുന്നു നടപടി. പിന്നാലെ ഇന്ത്യയിലെ കനേഡിയൻ ഇന്റലിജൻസ് വിഭാഗം തലവൻ ഒലിവിയർ സിൽവസ്റ്ററെ പുറത്താക്കി കേന്ദ്ര സർക്കാരും തിരിച്ചടിച്ചു.

ഇന്ത്യയുടെ രാജ്യസുരക്ഷയ്ക്ക് ഭീഷണിയുയർത്തുന്ന ഭീകരവാദികൾക്ക് കാനഡ സഹായം നൽകുന്നതായി കേന്ദ്രം ആരോപിച്ചു. ഇന്ത്യയിലെ കനേഡിയൻ ഉദ്യോഗസ്ഥരോട് രാജ്യംവിടാൻ വിദേശകാര്യ മന്ത്രാലയം ഉത്തരവിട്ടു. ഇന്ത്യയിലുള്ള 62 ഉദ്യോഗസ്ഥരിൽ 40 പേരെയും പിൻവലിക്കാൻ അന്ത്യശാസനം നൽകുകയായിരുന്നു.

9. ഇസ്രായേലിൽ 'മിന്നൽപ്രളയ'മായി ഹമാസ്; ഗസ്സയിൽ തുടരുന്നു കൂട്ടക്കുരുതി

2023 ഒക്ടോബർ 7. പശ്ചിമേഷ്യയുടെ മാത്രമല്ല, ലോകരാഷ്ട്രീയത്തിന്റെ തന്നെ ഗതിമാറ്റുന്ന ഒരു ദിനമായിരിക്കും ചരിത്രത്തിലിനിയങ്ങോട്ടത്. ഇസ്രായേലിന്റെ സർവസന്നാഹങ്ങളെയും അട്ടിമറിച്ചായിരുന്നു ആ ശനിയാഴ്ചയുടെ പുലരിയിൽ ഹമാസ് പോരാളികൾ മിന്നൽപ്രളയം പോലെ അതിർത്തികടന്നു പ്രവഹിച്ചത്. ലോകത്ത് ഏറ്റവും വലിയ സുരക്ഷാ-രഹസ്യാന്വേഷണ സന്നാഹമുള്ള ഇസ്രായേൽ സ്തംഭിച്ചുപോയ നിമിഷങ്ങളായിരുന്നു അത്.

ഫലസ്തീൻ സമയം പുലർച്ചെ 6.30ന് ഗസ്സയിൽനിന്ന് ഇസ്രായേൽ പ്രദേശങ്ങളിലേക്ക് ഹമാസ് റോക്കറ്റുകൾ വർഷിച്ചു. ഏതാനും മണിക്കൂറുകൾക്കകം 5,000ത്തോളം റോക്കറ്റുകളാണ് ഹമാസിന്റെ സൈനിക വിഭാഗം ഖസ്സാം ബ്രിഗേഡ്സ് ഇസ്രായേലിലേക്കു വിക്ഷേപിച്ചത്. ജൂത ആഘോഷദിനമായ യോം കിപ്പൂറിനിടയിലുള്ള ആക്രമണം ഇസ്രായേലിന് ഇരട്ടി ആഘാതമായി. 1967ലെ അറബ് അറബ് യുദ്ധത്തിലൂടെ ഇസ്രായേൽ പിടിച്ചടക്കിയ പ്രദേശങ്ങൾ തിരിച്ചുപിടിക്കാൻ ഈജിപ്ഷ്യന്‍-സിറിയൻ സേനകൾ സംയുക്തമായി നടത്തിയ ആക്രമണത്തിന്റെ 50-ാം വാർഷികം കൂടിയായിരുന്നു അത്.


സൈനികതാവളങ്ങളെ ലക്ഷ്യമിട്ടു നടന്ന മിന്നലാക്രമണത്തിനു പിന്നാലെ 'തൂഫാനുൽ അഖ്സ'(അൽഅഖ്സ ഫ്ളഡ്) എന്ന പേരിൽ ഇസ്രായേലിൽ സൈനിക ഓപറേഷൻ ആരംഭിച്ചതായി ഖസ്സാം തലവൻ മുഹമ്മദ് ദായിഫ് പ്രഖ്യാപിച്ചു. ഗസ്സാ അതിർത്തിയിൽ ഇസ്രായേൽ സ്ഥാപിച്ച സുരക്ഷാവേലികളും കടന്ന് നൂറുകണക്കിന് ഖസ്സാം പോരാളികൾ ഇസ്രായേൽ പ്രദേശങ്ങളിലേക്കു കടന്നു. സൈനികതാവളങ്ങളും ജനവാസകേന്ദ്രങ്ങളും ആക്രമിച്ചു നിയന്ത്രണത്തിലാക്കി.

പ്രാദേശിക സമയം രാവിലെ പത്തു മണിയോടെ ഇസ്രായേൽ തിരിച്ചടി ആരംഭിച്ചു. ഗസ്സയിലേക്ക് മിസൈലുകൾ വർഷിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഹമാസിനെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഹമാസ് നിയന്ത്രണത്തിലാക്കിയ അയൽപ്രദേശങ്ങൾ ദിവസങ്ങളെടുത്ത് തിരിച്ചുപിടിച്ചതായി ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചു.

നൂറുകണക്കിനു സൈനികരടക്കം 1,400 ഇസ്രായേലികൾ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ആദ്യം സൈന്യം സമ്മതിച്ചു. ഭരണകൂടത്തിന്റെ സുരക്ഷാവീഴ്ചയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായതോടെ മരണസംഖ്യ 1,200 ആയി കുറച്ച് പിന്നീട് സർക്കാർ വാർത്താകുറിപ്പിറക്കി. ഇതിനുശേഷവും 1,139 ആയി കൊല്ലപ്പെട്ടവരുടെ എണ്ണം കുറച്ചു വീണ്ടും വിശദീകരണം വന്നു. നൂറുകണക്കിനുപേരെ ഇസ്രായേലിൽനിന്നു പിടിച്ചുകൊണ്ടുപോയി ഹമാസ് ബന്ദികളാക്കുകയും ചെയ്തു.


അതേസമയം, ഗസ്സയ്ക്കുനേരെയുള്ള ഇസ്രായേൽ ആക്രമണം സമാനതകളില്ലാത്തതായിരുന്നു. വ്യോമമാർഗം ആരംഭിച്ച ആക്രമണം ഒരു ഘട്ടം കഴിഞ്ഞ് കരയുദ്ധത്തിലേക്കും വ്യാപിച്ചു. ഹമാസിനെതിരെയുള്ള യുദ്ധം എന്ന പേരിൽ സിവിലിയന്മാരെ കൂട്ടക്കശാപ്പ് ചെയ്തു. ഏറ്റവും ഒടുവിലെ കണക്കുപ്രകാരം 21,672 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇതിൽ 8,800 പേരും കുട്ടികൾ. 3,000ത്തിലേറെ സ്ത്രീകൾ. പരിക്കേറ്റവരായി അരലക്ഷത്തിലേറെ പേരും.

ഗസ്സയിലെ 70 ശതമാനം പാർപ്പിടങ്ങളും തകർത്തു. ആകെ 4,39,000 വീടുകളിൽ മൂന്നു ലക്ഷവും നിശ്ശേഷം തകർന്നെന്നാണ് ഫലസ്തീൻ അധികൃതർ നൽകുന്ന വിവരം. നഗരത്തിലെ 200ഓളം പൈതൃക-പുരാവസ്തു കേന്ദ്രങ്ങൾ പൂർണമായും തകർന്നു. ഗസ്സയിലെ ആശുപത്രികളെല്ലാം ഇസ്രായേൽ ആക്രമിച്ചു. ആരോഗ്യരംഗം അപ്പാടെ നിശ്ചലമായി. ജല-വൈദ്യുത ബന്ധമെല്ലാം വിച്ഛേദിച്ചു. മുസ്ലിം-ക്രിസ്ത്യൻ പള്ളികളെല്ലാം ആക്രമണത്തിനിരയായി. അഭയാർത്ഥി ക്യാംപുകളും ആക്രമിച്ചു. ഗസ്സ കൊടുംപട്ടിണിയിലാണെന്ന് യു.എൻ മുന്നറിയിപ്പ് നൽകിയിട്ടും അതിർത്തിവഴിയുള്ള അന്താരാഷ്ട്ര സഹായങ്ങളെല്ലാം ഇസ്രായേൽ തടഞ്ഞു. ചരിത്രത്തിലാദ്യമായി യേശുവിന്‍റെ ജന്മാട്ടില്‍, ബെത്ലഹേമില്‍, ഫലസ്തീന്‍ ക്രിസ്ത്യാനികളുള്ളിടങ്ങളിലെല്ലാം ഇത്തവണ ആഘോഷങ്ങളൊഴിഞ്ഞ ക്രിസ്മസായിരുന്നു.


ഗസ്സയെ അപ്പാടെ തകർത്തിട്ടും മൂന്നു മാസമെടുത്തിട്ടും ഹമാസിനെതിരെ യുദ്ധം ജയിക്കാനാകാത്തത് ഇസ്രായേലിനും നെതന്യാഹുവിനും ആഗോളതലത്തിലും സ്വന്തം നാട്ടിലും വൻ തിരിച്ചടിയായി. സൈനിക നടപടി വിജയിക്കാതായതോടെ ഖത്തറിന്റെ മധ്യസ്ഥതയിൽ ഫലസ്തീൻ തടവുകാരെ കൈമാറി ഹമാസിന്റെ കൈയിലുള്ള 110 ബന്ദികളെ മോചിപ്പിക്കാൻ നിർബന്ധിതരായി. ഇനിയും നൂറുകണക്കിനു ബന്ദികളെ മോചിപ്പിക്കാനാകാതെ, ഹമാസിനു പറയത്തക്ക പരിക്കുകളൊന്നും ഏൽപിക്കാനാകാതെ പതറുകയാണ് ഇസ്രായേൽ. ബ്രിട്ടൻ, ഫ്രാൻസ്, ജർമനി ഉൾപ്പെടെയുള്ള സഖ്യരാജ്യങ്ങൾ വെടിനിർത്താൻ ആവശ്യപ്പെട്ടു. യു.എസ് പ്രസിഡന്റ് ജോ ബൈഡൻ തന്നെ സിവിലിയന്മാരെ ആക്രമിക്കുന്നത് നിർത്തണമെന്ന് മുന്നറിയിപ്പ് നൽകി. ഇതോടൊപ്പം കാലിനടിയിലെ മണ്ണൊലിച്ചുപോകുന്ന ഭീഷണിയും മറുവശത്ത് അഭിമുഖീകരിക്കുന്നു നെതന്യാഹു. ബന്ദികളെ മോചിപ്പിക്കാനാകാത്തതിൽ, ഒക്ടോബർ ഏഴിലെ ആക്രമണത്തിലേക്കു നയിച്ച സുരക്ഷാവീഴ്ചയിലെല്ലാം ജനരോഷം പുകയുന്നു.

മറുവശത്ത് കീഴടങ്ങാൻ ഒരുക്കമല്ലെന്നു നിരന്തരം ആവർത്തിക്കുന്ന ഹമാസ്. എത്രകാലവും പോരാട്ടത്തിന് സജ്ജമാണെന്ന് ഖസ്സാം വക്താവ് അബൂ ഉബൈദ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. അൽഅഖ്സയിലെ ആക്രമണങ്ങൾക്കും കൈയേറ്റങ്ങൾക്കും വെസ്റ്റ് ബാങ്കിലും ജറൂസലമിലുമുള്ള അനധികൃത കുടിയേറ്റങ്ങൾക്കുമെതിരെ ഹമാസ് പ്രഖ്യാപിച്ച പോരാട്ടം പുതിയ വർഷം പുലരുമ്പോഴും അവസാനമില്ലാതെ തുടരുകയാണ്.

10. വിയോഗങ്ങൾ, ദുരന്തങ്ങൾ

ലോകരാഷ്ട്രീയത്തിലും ചരിത്രത്തിലും നിർണായകശക്തികളും സാന്നിധ്യവുമായ ഒരുപിടി വ്യക്തിത്വങ്ങളുടെ വിയോഗത്തിനും സാക്ഷിയായി 2023. ദുരന്തങ്ങളും ദുരിതങ്ങളും വേറെയും കണ്ടു ലോകം.

ഗ്രീസിന്റെ അവസാനത്തെ രാജാവ് കോൺസ്റ്റന്റൈൻ രണ്ടാമൻ(ജനുവരി 10)

പാകിസ്താൻ മുൻ സൈനിക മേധാവിയും പ്രസിഡന്റുമായ പർവേസ് മുഷറഫ്(ഫെബ്രുവരി 5)

ഫലസ്തീൻ അതോറിറ്റിയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയും 1993ലെ ചരിത്രപ്രധാനമായ ഓസ്‌ലോ കരാർ ചർച്ചയിൽ നിർണായക പങ്കുവഹിച്ചയാളുമായ അഹ്മദ് അലി മുഹമ്മദ് ഖരീഅ്(ഫെബ്രുവരി 22)

അമേരിക്കൻ പോപ്പ് ഗായകനും പൗരാവകാശ പ്രവർത്തകനമായ ഹാരി ബെലാഫോന്റെ(ഏപ്രിൽ 25)

നാലു തവണ ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന സിൽവിയോ ബെർലുസ്‌കോനി(ജൂൺ 12)

വിയറ്റ്‌നാം യുദ്ധരഹസ്യങ്ങൾ പുറത്തെത്തിച്ച പെന്റഗൺ പേപ്പേഴ്‌സ് ചോർത്തിയ ഡാനിയൽ എൽസ്ബർഗ്(ജൂൺ 17)

സൈനിക അട്ടിമറിയിൽ സ്ഥാനഭ്രഷ്ടനായ മുൻ ഐവറി കോസ്റ്റ് പ്രസിഡന്റ് ഹെൺറി കോനൻ ബെഡി(ആഗസ്റ്റ് 1)

ക്രെംലിനെയും വ്‌ളാദ്മിർ പുടിനെയും വിറപ്പിച്ച വാഗ്നർ കൂലിപ്പട്ടാളത്തിന്റെ തലവൻ യെവ്‌ഗെനി പ്രിഗോഷിൻ(ആഗസ്റ്റ് 23)

ഫിൻലൻഡ് മുൻ പ്രസിഡന്റും 2008ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരജേതാവുമായ മാർട്ടി അഹ്തിസാരി(ഒക്ടോബർ 16)

മുൻ ചൈനീസ് പ്രധാനമന്ത്രി ലി കെഗിയാങ്(ഒക്ടോബർ 27)

നാസയുടെ അപ്പോളോ 13 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായ കെൻ മാറ്റിങ്‌ലി(ഒക്ടോബർ 31)

മുൻ യു.എസ് പ്രഥമ വനിതയും മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ ഭാര്യയും എഴുത്തുകാരിയുമായ റോസലിൻ കാർട്ടർ(നവംബർ 19)

വിയറ്റ്‌നാം യുദ്ധത്തിലടക്കമുള്ള നിർണായക ഇടപെടലിലൂടെ യുദ്ധക്കൊതിയനെന്ന വിമർശനത്തിനിരയായ, 1973ലെ നൊബേൽ ജേതാവും യു.എസ് മുൻ വിദേശകാര്യ സെക്രട്ടറിയുമായ ഹെൺറി കിസിഞ്ചർ(നവംബർ 29)

സി.ഐ.എ ബന്ധത്തിന്റെ പേരിൽ ക്യൂബ വിടേണ്ടിവന്ന ഫിഡൽ കാസ്‌ട്രോയുടെ സഹോദരിയും കടുത്ത വിമർശകയുമായിരുന്ന ജോനിത കാസ്‌ട്രോ(ഡിസംബർ 4)

കുവൈത്ത് അമീര്‍ ശൈഖ് നവാഫ് അൽഅഹ്മദ് അൽജാബിർ അൽസബാഹ്(ഡിസംബർ 16)

♠♠♠♠♠♠ ♠♠♠♠♠♠

ജനുവരി 15ന് നേപ്പാളിൽ യാത്രാവിമാനം തകർന്ന് അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 മരണം

മേയ് മാസം കോംഗോയിലുണ്ടായ പ്രളയത്തിൽ 438 മരണം

സെപ്റ്റംബർ ഒൻപതിന് മൊറോക്കോയെ നടുക്കി വൻ ഭൂചലനം. 2,960 പേർ കൊല്ലപ്പെട്ടു

ലിബിയയിൽ നാശംവിതച്ച് ഡാനിയേൽ ചുഴലിക്കാറ്റ്. 4,352 മരണം

ഒക്ടോബർ ഏഴിന് അഫ്ഗാനിസ്താനെ ഞെട്ടിച്ച് വൻ ഭൂചലനം. 1,480 പേർ കൊല്ലപ്പെട്ടു

Summary: Year Ender 2023-Top Ten world events

TAGS :

Next Story