Quantcast

മാണി സി. കാപ്പന്‍റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് ടി.പി പീതാംബരൻ

'ജയിച്ച സീറ്റ് തോറ്റവർക്ക് നൽകിയത് വിഷമമുണ്ടാക്കിയിട്ടുണ്ടാകാം. മുഖ്യമന്ത്രി മാണി സി. കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല.'

MediaOne Logo

  • Published:

    14 Feb 2021 9:36 AM IST

മാണി സി. കാപ്പന്‍റെ  നിലപാട് വഞ്ചനയായി കാണേണ്ടെന്ന് ടി.പി പീതാംബരൻ
X

മാണി സി. കാപ്പന്‍റെ നിലപാട് വഞ്ചനയായി കാണേണ്ടെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരൻ. ജയിച്ച സീറ്റ് തോറ്റവർക്ക് നൽകിയത് വിഷമമുണ്ടാക്കിയിട്ടുണ്ടാകാം. മുഖ്യമന്ത്രി മാണി സി. കാപ്പനോട് മര്യാദ കാണിച്ചില്ലെന്ന അഭിപ്രായത്തോട് യോജിപ്പില്ല. എൽ.ഡി.എഫിൽ തുടരുന്നത് ആശയപരമായ തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും പീതാംബരൻ പറഞ്ഞു.

അതേസമയം തന്‍റെ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എം.എം മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മാണി സി കാപ്പന്‍ രംഗത്തെത്തി. മന്ത്രി എം.എം മണി വാ പോയ കോടാലിയാണ്, വണ്‍, ടൂ, ത്രീ എന്നാണ് അദ്ദേഹത്തിന്‍റെ ശൈലിയെന്നും അതിനോടൊന്നും പ്രതികരിക്കാനില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. മണിയുടെ പ്രസ്താവനയെപ്പറ്റി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. മാണി സി. കാപ്പന്‍റെ നടപടി 'ശുദ്ധ പോക്രിത്തരമാണെന്നായിരുന്നു എം.എം മണിയുടെ പ്രതികരണം.

പ്രാഥമിക ചര്‍ച്ച പോലും നടത്താതെയാണ് മുന്നണി വിട്ടത്. മാണി സി കാപ്പന് വേറെയാണ് ലക്ഷ്യങ്ങള്‍. മന്ത്രിസ്ഥാനം കിട്ടാത്തതിന്‍റെ ചൊരുക്കാണ് മാണി സി. കാപ്പനെന്നും എം.എം മണി പറഞ്ഞിരുന്നു. പാലായിൽ എൽ.ഡി.എഫുകാരാണ് മാണി സി. കാപ്പനെ ജയിപ്പിച്ചത്, കാപ്പന്‍ പാലായില്‍ ഒന്നും ചെയ്തിട്ടില്ല, കാപ്പന് സീറ്റില്ലെന്ന് എല്‍.ഡി.എഫ് പറഞ്ഞിട്ടില്ലെന്നുമായിരുന്നു എം.എം മണിയുടെ പ്രസ്താവന.

അതേസമയം പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ച ശേഷം പുതിയ പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫിനൊപ്പം ചേരുമെന്ന് മാണി സി. കാപ്പന്‍ കോട്ടയത്ത് പറഞ്ഞു. എം.എല്‍.എ സ്ഥാനം രാജിവെക്കില്ല. കൂടുതല്‍ നേതാക്കള്‍ ഒപ്പമുണ്ടാകും, തന്നോടൊപ്പം പോരുന്നവരും പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെയ്ക്കും. ചതി ആരുടെ ഭാഗത്ത് നിന്നാണ് ഉണ്ടായതെന്ന് ജനങ്ങള്‍ക്കറിയാം. പാര്‍ട്ടി വളരരുതെന്ന് ആഗ്രഹിക്കുന്നവര്‍ എന്‍.സി.പി.യില്‍ തന്നെയുണ്ടെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

TAGS :

Next Story