ജോൺ സള്ളിവൻ മെമ്മോറിയൽ; ഒരു ദേശത്തെ കണ്ടെത്തിയ കഥ
ആദ്യം സള്ളിവൻ ഊട്ടിയിലേക്ക് ഒരു പാത നിർമ്മിക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. സള്ളിവന്റെ നിർദ്ദേശപ്രകാരം മേട്ടുപ്പാളയത്തെ സിരുമുഗൈയിൽ നിന്ന് കോത്തഗിരിയിലേക്ക് ഒരു കുതിര സഞ്ചാര പാത നിർമ്മിച്ചു. തുടർന്ന് പ്രദേശം പതിയെ വികസിച്ചു.1827 ആയപ്പോഴേക്കും ഈ പ്രദേശം മുഴുവൻ സഞ്ചാരയോഗ്യമായ ഇടമാക്കി മാറിയിരുന്നു.

തമിഴ്നാട്ടിലെ ഉദകമണ്ഡലമെന്ന ഊട്ടിയും കോത്തഗിരിയും തമ്മിൽ ഏകദേശം മുപ്പത് കിലോമീറ്റർ ദൂരമുണ്ട്. സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമായി ഊട്ടി മാറിയപ്പോൾ ഒരു കിംഗ് മേക്കറെപ്പോലെ നിഗൂഢമായ പുഞ്ചിരിയുമായി നിൽക്കുകയാണ് കോത്തഗിരിയെന്ന പീഠഭൂമി. ഊട്ടിയെ അപേക്ഷിച്ച് അത്ര തിരക്കില്ലാത്ത കോത്തഗിരിയിൽ അധികമാരുടേയും ശ്രദ്ധപതിയാതെ ചെറിയൊരു കുന്നിൻ ചെരുവിൽ ഒതുങ്ങി നിൽക്കുന്നൊരു കെട്ടിടമുണ്ട്. നിഗൂഢതയും മിത്തുകളുമായി നീലഗിരി കുന്നുകൾ മനുഷ്യരെ അകറ്റി നിർത്തിയിരുന്ന കാലത്ത് അതിന്റെ പൊരുൾ തേടി വന്ന ഒരു മനുഷ്യൻ ജീവിച്ചത് ഇവിടെയായിരുന്നു. പറഞ്ഞുവരുന്നത് കോത്തഗിരിയിലെ ജോൺ സള്ളിവൻ സ്മാരകത്തെക്കുറിച്ചാണ്. കോത്തഗിരിയിലെ മയമില്ലാത്ത കോടമഞ്ഞ് അൽപം മാറിയാൽ ചുവന്ന നിറത്തിൽ ഒട്ടും ആർഭാടമില്ലാത്ത ഒരു കെട്ടിടം കന്നേരിമുക്കിൽ കാണാം. ഇവിടെ നിന്നാണ് ജോൺ സള്ളിവൻ നീലഗിരിയെ പ്രണയിച്ചത്. അതിന്റെ കാനനത്വം കവർന്നത്.
1819 ൽ കോയമ്പത്തൂർ കലക്ടറായിരുന്നു മുപ്പത്തിയൊന്നുകാരനായ ജോൺ സള്ളിവൻ. നീലഗിരിയെക്കുറിച്ച് അന്ന് ധാരാളം അപസർപ്പക കഥകൾ പ്രചരിച്ചിരുന്നു.അന്ന് പ്രചരിച്ചിരുന്ന യക്ഷിക്കഥകളുടെ ഉത്ഭവം അന്വേഷിക്കാനും അവയുടെ ആധികാരികത പരിശോധിക്കാനും അധികാരികൾക്ക് ഒരു റിപ്പോർട്ട് അയക്കാനുമായാണ് സള്ളിവൻ കോത്തഗിരിയിൽ എത്തുന്നത്. തുടർന്ന് അദ്ദേഹം നീലഗിരിയിൽ നടത്തിയ പര്യവേഷണമാണ്,നീലഗിരിയെ ഇന്ത്യയിലെ ആദ്യത്തെ ഹിൽസ്റ്റേഷനാക്കിയത്. 1819 ജനുവരി രണ്ടിന് അദ്ദേഹം തന്റെ സംഘത്തോടൊപ്പം നീലഗിരി കയറാൻ തുടങ്ങി. ദിവസങ്ങൾ നീണ്ട പര്യവേഷണത്തിനും സംഘാംഗങ്ങളിൽ ചിലരുടെ ജീവൻ നഷ്ടപ്പെട്ടതിനും ശേഷം,സള്ളിവൻ ഒടുവിൽ ഒരു പീഠഭൂമിയിലെത്തി, അവിടെ അദ്ദേഹം ബ്രിട്ടീഷ് പതാക ഉയർത്തി,അതാണ് ഇന്നത്തെ കോത്തഗിരി. അത് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഊട്ടിയിൽ തേയില പ്ലാന്റേഷൻ വരുന്നത്.
ആദ്യം സള്ളിവൻ ഊട്ടിയിലേക്ക് ഒരു പാത നിർമ്മിക്കാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചത്. സള്ളിവന്റെ നിർദ്ദേശപ്രകാരം മേട്ടുപ്പാളയത്തെ സിരുമുഗൈയിൽ നിന്ന് കോത്തഗിരിയിലേക്ക് ഒരു കുതിര സഞ്ചാര പാത നിർമ്മിച്ചു. തുടർന്ന് പ്രദേശം പതിയെ വികസിച്ചു.1827 ആയപ്പോഴേക്കും ഈ പ്രദേശം മുഴുവൻ സഞ്ചാരയോഗ്യമായ ഇടമാക്കി മാറിയിരുന്നു. യുദ്ധത്തിലും മറ്റും പരിക്കേറ്റ സൈനികരെ താമസിപ്പിക്കുന്നതിനും അവരുടെ വിശ്രമത്തിനും പറ്റിയ ഇടമാണ് കോത്തഗിരിയെന്ന് സള്ളിവൻ ബ്രിട്ടീഷ് അധികാരികളെ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ സള്ളിവന്റെ ഈ കെട്ടിടത്തിൽ കുറച്ചുകാലം സൈനികരിൽ ചിലർ വിശ്രമജീവിതം നയിച്ചിട്ടുണ്ട്.
തന്റെ വിജയകരമായ പര്യവേഷണത്തിനൊടുവിൽ അന്നത്തെ മദ്രാസ് ഗവർണറായിരുന്ന തോമസ് മൺറോയ്ക്ക് സള്ളിവൻ എഴുതി .തണുത്തുറഞ്ഞ ഈ പീഠഭൂമി സ്വിറ്റ്സർലന്റിനോട് സാദൃശ്യമുള്ളതാണ്. പ്രഭാതത്തിൽ ഞങ്ങളുടെ മൺചട്ടിയിൽ ഐസ് കാണാറുണ്ട്. 1819 ലാണ് ജോൺ സള്ളിവൻ ഇന്ന് ബംഗ്ലാവെന്ന് വിളിക്കാൻ കഴിയില്ലെങ്കിലും,തന്റെ കന്നേരിമുക്കിലെ ബംഗ്ലാവ് നിർമ്മിക്കുന്നത്. 1823 വരെ സള്ളിവൻ കോത്തഗിരിയിൽ വരുമ്പോഴെല്ലാം ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. പിന്നീട് പലരിലേക്കും കൈ മറിഞ്ഞ് സള്ളിവന്റെ ബംഗ്ലാവ് സ്വാതന്ത്രാനന്തരം ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടമായി മാറി. പിന്നീട് 2002 ലാണ് ഇപ്പോൾ കാണുന്ന കെട്ടിടം പുനരുദ്ധരിച്ചതും അവിടെ സഞ്ചാരികളെത്തി തുടങ്ങിയതും.
നാലു മുറികളുള്ള ഇരുനിലകെട്ടിടമാണ് സള്ളിവൻ മ്യൂസിയം. കുമ്മായവും കട്ടയും ചേർത്ത് നിർമിച്ച ചുവരുകളും തേക്കിൽ തീർത്ത തൂണുകളും ഗോവണിപ്പടികളും. പുതുക്കിപ്പണിയിൽ പാതി നഷ്ടമായ നെരിപ്പോടും കാണാം. ജോൺ സള്ളിവന്റെ സുവർണപ്രതിമയും കെട്ടിടത്തിന്റെ മുന്നിൽ സ്ഥാപിച്ചിരിക്കുന്നു.നീലഗിരിയുടെ പഴയക്കാല ചിത്രങ്ങളും പ്രദേശത്തുണ്ടായിരുന്ന ഗോത്ര വർഗ്ഗക്കാരുടെ വിശദവിവരങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്.സള്ളിവൻ ഉപയോഗിച്ചിരുന്ന ടൈപ്പ് റൈറ്ററും വലിയ കേടുപാടുകൾ കൂടാതെ സൂക്ഷിച്ചിരിക്കുന്നു. രണ്ടാം നിലയിലെ ജനാലച്ചില്ലുകളിൽ വരച്ചിരിക്കുന്ന കുറുമ്പ ഗോത്രവർഗ്ഗക്കാരുടെ തേൻശേഖരണ ചിത്രങ്ങൾ മ്യൂസിയത്തിലെ പ്രധാന ആകർഷണമാണ്.
തേയില, കാപ്പി എന്നിവ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതിൽ അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു, ഇന്നും നിലനിൽക്കുന്ന തോട്ടം വ്യവസായത്തിന് അടിത്തറ പാകി. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും സംരംഭങ്ങളും സാമ്പത്തിക അഭിവൃദ്ധി വർദ്ധിപ്പിക്കുക മാത്രമല്ല, പ്രദേശത്തിന്റെ പ്രകൃതി ഭംഗിയും ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനും കാരണമായി. കോത്തഗിരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ജോൺ സള്ളിവൻ മെമ്മോറിയൽ അദ്ദേഹത്തിന്റെ ശാശ്വത പാരമ്പര്യത്തിന്റെയും അദ്ദേഹത്തിന്റെ സംഭാവനകളുടെ ശാശ്വത സ്വാധീനത്തിന്റെയും തെളിവായി നിലകൊള്ളുന്നു. വിനോദസഞ്ചാരികളും പ്രദേശവാസികളും ഒരുപോലെ സന്ദർശിക്കുന്ന ഈ സ്മാരകം, പ്രദേശത്തിന്റെ ചരിത്രത്തെയും സാംസ്കാരിക പ്രാധാന്യത്തെയും കുറിച്ച് ചിന്തിക്കുന്നതിനുള്ള ഒരു കേന്ദ്രബിന്ദുവായി വർത്തിക്കുന്നു. അതിന്റെ സമാധാനപൂർണമായ ചുറ്റുപാട് ഭൂതകാലത്തിന്റെയും അതിന്റെ പാത രൂപപ്പെടുത്തിയ ദാർശനികരുടെയും ഓർമ്മകൾക്ക് മുന്നിലുള്ള ആദരസൂചകമായ മൗനമായി മാറുന്നു.
Adjust Story Font
16

