Quantcast

വിമാന ടിക്കറ്റിനേക്കാളും വിലക്കൂടുതൽ; 5,300 രൂപയുടെ ഈ ട്രെയിൻ യാത്ര അതിന് മാത്രമുള്ളതുണ്ടോ? ചർച്ചയായി വ്ലോഗറുടെ വീഡിയോ...

ട്രെയിനിനകത്തെ സംവിധാനങ്ങളും ഭക്ഷണവിഭവങ്ങളെക്കുറിച്ചെല്ലാം വിശദമായി വിവരിച്ചുകൊണ്ടാണ് മല്‍ഹര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    4 Nov 2026 5:03 PM IST

വിമാന ടിക്കറ്റിനേക്കാളും വിലക്കൂടുതൽ; 5,300 രൂപയുടെ ഈ ട്രെയിൻ യാത്ര അതിന് മാത്രമുള്ളതുണ്ടോ? ചർച്ചയായി വ്ലോഗറുടെ വീഡിയോ...
X

പ്രതീകാത്മക ചിത്രം

പുതിയ കാലത്ത് നിങ്ങള്‍ക്ക് വളരെ വേഗത്തില്‍ ലക്ഷ്യത്തിലെത്തണമെന്നുണ്ടെങ്കില്‍ ഇന്ന് ഫ്ലൈറ്റിനെ തന്നെ ആശ്രയിക്കേണ്ടിവരുമെന്നതാണ് യാഥാര്‍ത്ഥ്യം. രാജ്യത്തിന്റെ അങ്ങോളമിങ്ങോളമുള്ള ട്രാഫിക്കും റോഡും, മറ്റ് പ്രതിബന്ധങ്ങളും തരണം ചെയ്ത് ലക്ഷ്യസ്ഥാനത്തെത്തുന്നതിനേക്കാള്‍ ഫ്ലൈറ്റിൽ പോകുന്നത് തന്നെയാണ് മറ്റെന്തിനേക്കാളും ഭേദം. ഒട്ടും സമയം കളയാതെ, വിചാരിച്ച സമയത്ത് തന്നെ അത് നമ്മളെ കൊണ്ടെത്തിച്ചേക്കും.

അതേസമയം, ചിലര്‍ക്കെങ്കിലും ലക്ഷ്യസ്ഥാനത്തെത്തുന്നതിനോളം പ്രധാനമാണ് മനോഹരവും ആനന്ദദായകവുമായ യാത്രാനുഭവം. ചുറ്റിലുമുള്ള കാഴ്ചകളെല്ലാം കണ്ട്, രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിച്ച് കഴിച്ചുകൊണ്ട് യാത്ര ചെയ്യാനാണ് അത്തരക്കാര്‍ക്കിഷ്ടം. അത്തരത്തില്‍ അടുത്തിടെ മുംബൈ രാജധാനി എക്‌സ്പ്രസിന്റെ ഫസ്റ്റ് എസി കോച്ചില്‍ യാത്ര ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ മല്‍ഹര്‍. ട്രെയിനിനകത്തെ സംവിധാനങ്ങളും ഭക്ഷണവിഭവങ്ങളെക്കുറിച്ചെല്ലാം വിശദമായി വിവരിച്ചുകൊണ്ടാണ് മല്‍ഹര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കാറ്ററിങ് ചാര്‍ജ് അടക്കം 5,300 രൂപയുടെ ടിക്കറ്റെടുത്തുകൊണ്ടാണ് യാത്ര ചെയ്യുന്നതെന്ന് വീഡിയോയുടെ തുടക്കത്തില്‍ തന്നെ അദ്ദേഹം വ്യക്തമാക്കുന്നു. ഫ്ലൈറ്റ് ടിക്കറ്റിനേയും വെല്ലുന്ന പണം നല്‍കി എന്തുകൊണ്ടാണ് താനീ ട്രെയിന്‍ യാത്ര തിരഞ്ഞെടുത്തതെന്നും, എന്തെല്ലാമാണ് ഈ യാത്രയില്‍ താന്‍ അനുഭവിച്ചതെന്നും വ്യക്തമാക്കുകയാണ് വീഡിയോയില്‍.

'മുംബൈയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വീസ് നടത്തുന്ന 12951 നമ്പര്‍ മുംബൈ രാജധാനി എക്‌സ്പ്രസാണിത്. ഇതിന്റെ ഏറ്റവും ഉയര്‍ന്ന ക്ലാസായ എസി ഫസ്റ്റ് ക്ലാസിലാണ് എന്റെ യാത്ര. കാറ്ററിങ് ചാര്‍ജ് ഉള്‍പ്പെടെ ഇതിനായി ഞാന്‍ 5,300 രൂപയാണ് ഞാന്‍ നല്‍കിയത്. ട്രെയിനില്‍ കയറിയ ഉടന്‍ തന്നെ ഇവിടെ യാത്രക്കാര്‍ക്ക് കുപ്പിവെള്ളം നല്‍കും'. മല്‍ഹോര്‍ പറഞ്ഞുതുടങ്ങി.

ഫസ്റ്റ് എസിയുടെ ഒരു പ്രത്യേകത, ഇതില്‍ യാത്രക്കാര്‍ക്കായി സ്വന്തമായി ഒരു ബാത്റൂം ലഭ്യമാണ് എന്നതാണ്. യാത്ര പുറപ്പെട്ടതിന് ശേഷം സായാഹ്ന ലഘുഭക്ഷണവും ചൂടുള്ള ചായയും നല്‍കും. മനോഹരമായ കാഴ്ചകള്‍ കണ്ടുകൊണ്ട് ഫസ്റ്റ് എസി ഗാലറിയിലൂടെ യാത്ര ചെയ്യുന്നത് എന്ത് രസമാണെന്നോ. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ സഞ്ചരിക്കുമ്പോള്‍ ഈ രസം ഇരട്ടിയാകും. അടുത്തതായി ചൂടുള്ള സൂപ്പ് വിളമ്പും. ഇത് പാന്‍ട്രി കാറില്‍ തയ്യാറാക്കിയതാണ്. എന്തുതന്നെയായാലും കൊള്ളാം. മല്‍ഹോര്‍ പറഞ്ഞു.

'സൂപ്പിന് ശേഷം വെജ് ലഞ്ച് കിട്ടി. അതിനുശേഷം ഞാന്‍ കോണ്ടിനെന്റല്‍ ഡിന്നറും ഓര്‍ഡര്‍ ചെയ്തിരുന്നു. രാത്രിയിലെ ഭക്ഷണമാണ് പ്രത്യേകം എടുത്തുപറയേണ്ടത്. ഭക്ഷണത്തിന് ശേഷം ഐസ്‌ക്രീമും കൊണ്ടുതരികയുണ്ടായി. തുടര്‍ന്ന് ഞങ്ങള്‍ വോദോദര ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്നു. ഇവിടെനിന്ന് ട്രെയിന്‍ ഓടിത്തുടങ്ങിയപാടെ എനിക്ക് നന്നായി ഉറക്കം വന്നു. അങ്ങനെ ബെഡ്റോള്‍ ശരിയാക്കി ഞാന്‍ വിശ്രമിച്ചു. അടുത്ത ദിവസം രാവിലെ ഏകദേശം 6:30 ഓടെ ഉറക്കമുണര്‍ന്നു. അപ്പോഴേക്കും ഒരു ചേട്ടന്‍ രാവിലേക്കുള്ള ചായയുമായി എത്തി. ഇവിടെ ഉറക്കമുണരുമ്പോള്‍ തന്നെ അടുത്തടുത്തായി ഭക്ഷണ സാധനങ്ങള്‍ കാത്തിരിക്കുന്നുണ്ടാകും.'

'അതിനുശേഷം പ്രാതലിന്റെ സമയമായി. ആദ്യം ചൂടുള്ള കോണ്‍ഫ്‌ലേക്‌സ് കൊണ്ടുവന്നുതന്നു. കോണ്‍ഫ്‌ലേക്‌സിന് ശേഷം ഉപ്മാവും പൊഹയും കയ്യിലെത്തി. അധികം വൈകാതെ ഒരു വെജിറ്റബിള്‍ കട്ട്‌ലറ്റും കിട്ടി. മൊത്തത്തില്‍ ഈ പ്രഭാതഭക്ഷണം ഒരു സമ്പൂര്‍ണ്ണ ബ്രഞ്ച് പോലെയായിരുന്നു, ഇത് വയര്‍ നിറയ്ക്കാന്‍ ഇതുതന്നെ ധാരാളം. ഡല്‍ഹിയിലെത്തുന്നതിന് മുന്‍പ് ഒരു ചേട്ടന്‍ വീണ്ടും ഒരു ചായയുമായെത്തി. അത് കുടിച്ചുകഴിഞ്ഞപ്പോഴേക്കും ട്രെയിന്‍ കൃത്യസമയത്ത് രാവിലെ 8:35 ന് രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയിലെ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നിരുന്നു'. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പതിവായി ഈ ട്രെയിനില്‍ യാത്ര ചെയ്യുന്ന നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റുമായെത്തിയിരിക്കുന്നത്. ട്രെയിനിനകത്തെ ഭക്ഷണത്തെ കുറിച്ചും മറ്റ് സംവിധാനങ്ങളെ കുറിച്ചും സമാനമായ അനുഭവം തങ്ങള്‍ക്കുമുണ്ടായെന്നാണ് പലരുടേയും അഭിപ്രായം. വീഡിയോ യാത്രാപ്രേമികള്‍ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.

TAGS :

Next Story