യാത്രക്കാരുടെ ശ്രദ്ധക്ക്; യുടിഎസ് ആപ്പ് ഈ മാസം കൂടി മാത്രം, പകരം റെയില്‍വണ്‍
യുടിഎസ് ഉപയോഗിക്കുന്ന യാത്രക്കാര്‍ റെയില്‍വണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകും

- Published:
10 Feb 2026 11:08 AM IST

ന്യൂഡല്‍ഹി: ട്രെയിനിലെ സ്ഥിരം യാത്രക്കാര്‍ക്ക് ഏറെ പ്രയോജനപ്രദമായ യുടിഎസ് ആപ്പ് റെയില്‍വേ നിര്‍ത്തലാക്കുന്നു. റിസര്‍വേഷന്‍ ഇല്ലാത്ത ടിക്കറ്റുകളും സീസണ്‍ ടിക്കറ്റുകളും പ്ലാറ്റ്‌ഫോം ടിക്കറ്റും ഫോണിലൂടെ എടുക്കാന്‍ സൗകര്യം നല്‍കുന്ന ആപ്പാണിത്. മാര്‍ച്ച് ഒന്ന് മുതല്‍ യുടിഎസ് (അണ്‍റിസേര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം) ആപ്പ് പ്രവര്‍ത്തനത്തിലുണ്ടാകില്ലെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ഈ സൗകര്യങ്ങള്‍ റെയില്‍വേ അവസാനിപ്പിക്കുന്നില്ല. പകരം, റെയില്‍വേ അവതരിപ്പിച്ച പുതിയ ആപ്പായ റെയില്‍വണ്ണിലേക്ക് മാറുമെന്ന് മാത്രം. യുടിഎസ് ഉപയോഗിക്കുന്ന യാത്രക്കാര്‍ റെയില്‍വണ്‍ ഇന്‍സ്റ്റാള്‍ ചെയ്താല്‍ മാത്രമേ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാകൂ.
2014ലായിരുന്നു റെയില്‍വേ യുടിഎസ് ആപ്പ് അവതരിപ്പിച്ചത്. റെയില്‍വേ സ്‌റ്റേഷനിലെ നീണ്ട വരിയില്‍ നില്‍ക്കാതെ അണ്‍റിസേര്‍വ്ഡ് ടിക്കറ്റുകള്‍ എളുപ്പം എടുക്കാം എന്നതാണ് യുടിഎസ് ആപ്പിനെ ജനപ്രിയമാക്കിയത്. പേപ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും പേപ്പര്‍ലെസ് ഡിജിറ്റല്‍ ടിക്കറ്റ് എടുക്കാനും സാധിച്ചിരുന്നു. സീസണ്‍ ടിക്കറ്റ് എടുക്കാനുള്ള സൗകര്യമുള്ളതിനാല്‍ സ്ഥിരം യാത്രക്കാരുടെ പ്രിയപ്പെട്ട ആപ്പായി ഇത് മാറി. ടിക്കറ്റുകള്‍ക്ക് യുപിഐ വഴി പേമെന്റ് നടത്താനും വാലറ്റില്‍ പണം സൂക്ഷിക്കാനുമുള്ള ഓപ്ഷന്‍ ആപ്പിലുണ്ടായിരുന്നു.
പുതിയ സൂപ്പര്‍ ആപ്പ് എന്ന വിശേഷണത്തോടെയാണ് റെയില്‍വേ 'റെയില്‍വണ്‍' ആപ്പിനെ അവതരിപ്പിക്കുന്നത്. യുടിഎസ് ഉപയോഗിക്കുന്നവര്‍ക്ക് അതേ ലോഗിന്‍ ഐഡി ഉപയോഗിച്ച് റെയില്‍വണ്ണില്‍ പ്രവേശിക്കാം. യുടിഎസിലെ എല്ലാ സൗകര്യവും റെയില്‍വണ്ണിലുമുണ്ടാകും. ഇതുകൂടാതെ ഐആര്‍സിടിസിയുടെ ടിക്കറ്റ് ബുക്കിങ് ആപ്പായ റെയില്‍ കണക്ടില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും റെയില്‍വണ്ണില്‍ ലഭിക്കും. നിലവില്‍ യുടിഎസ് വഴി സീസണ്‍ ടിക്കറ്റ് എടുത്തവരും പേടിക്കേണ്ട. അതും റെയില്‍വണ്‍ ആപ്പില്‍ നിലനില്‍ക്കും.
റെയില്‍വേയുടെ വിവിധ സേവനങ്ങളെ ഒന്നിപ്പിക്കുന്ന ഏകീകൃത പ്ലാറ്റ്ഫോമാണ് റെയില്‍വണ്‍. റിസര്‍വ് ചെയ്യുന്നതും റിസര്‍വ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിങ്ങുകള്‍, പ്ലാറ്റ്‌ഫോം ടിക്കറ്റ്, പാഴ്‌സല്‍ ബുക്കിങ്, ട്രെയിന്‍ അന്വേഷണങ്ങള്‍, പിഎന്‍ആര്‍ അന്വേഷണങ്ങള്‍, റെയില്‍മദാദ് വഴിയുള്ള സഹായം തുടങ്ങിയ സേവനങ്ങളെല്ലാം പുതിയ റെയില്‍വണ്‍ ആപ്പിലൂടെ ലഭ്യമാകും. കൂടാതെ ട്രെയിന്‍ ട്രാക്ക് ചെയ്യാനും ട്രെയിനിലേക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും ഈ ആപ്പിലൂടെ കഴിയും.
റെയില്‍വണ്‍ ആപ്പ് വഴി ഡിജിറ്റല്‍ പേയ്‌മെന്റ് മോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുന്ന അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ക്ക് 3% കിഴിവ് റെയില്‍വേ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 14 മുതല്‍ ജൂലൈ 14 വരെ കിഴിവ് ലഭ്യമാകും. നിലവില്‍ ആര്‍-വാലറ്റ് ഓപ്ഷന്‍ ഉപയോഗിച്ച് റെയില്‍വണ്‍ ആപ്പ് വഴി അണ്‍റിസര്‍വ്ഡ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് 3% ക്യാഷ്ബാക്കും ലഭിക്കുന്നുണ്ട്. റെയില്‍വണ്‍ ആപ്പ് ആന്‍ഡ്രോയിഡ്.,ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭ്യമാണ്.
Adjust Story Font
16
