Quantcast

വേറെ ലെവല്‍ യാത്ര; കൊല്ലം-ചെങ്കോട്ട പാതയില്‍ 'വിസ്താഡോം കോച്ച്' ഓടിത്തുടങ്ങി, ദൃശ്യങ്ങള്‍ പങ്കുവെച്ച് യാത്രികര്‍

പശ്ചിമഘട്ടത്തിൻ്റെ സൗന്ദര്യം ആസ്വദിച്ച് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ്താഡോം കോച്ചുകള്‍ മികച്ച അനുഭവമാകും സമ്മാനിക്കുക

MediaOne Logo

Web Desk

  • Published:

    24 Oct 2026 3:53 PM IST

vistadome coach service starts
X

കൊല്ലം: പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന കൊല്ലം-ചെങ്കോട്ട പാതയില്‍ 'വിസ്താഡോം കോച്ച്' ഓടിത്തുടങ്ങി. ദക്ഷിണ റെയില്‍വേയിലെ ആദ്യ വിസ്താഡോം കോച്ച് സര്‍വീസാണ് കൊല്ലം-ചെങ്കോട്ട പാത ഉള്‍പ്പെടുന്ന ഗുരുവായൂര്‍-മധുര റൂട്ടില്‍ ആരംഭിച്ചത്. മധുര-ഗുരുവായൂര്‍ (16327), ഗുരുവായൂര്‍ -മധുര (16328) എക്സ്പ്രസിലാണ് വിസ്താഡോം കോച്ച് ഉള്ളത്. പശ്ചിമഘട്ടത്തിന്റെ സൗന്ദര്യം ആസ്വദിച്ച് യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസ്താഡോം കോച്ചുകള്‍ മികച്ച അനുഭവമാകും സമ്മാനിക്കുക.


എന്താണ് വിസ്താഡോം കോച്ച്

വിസ്താഡോം കോച്ച് (vistadome coach) എന്നത് യാത്രയില്‍ ട്രെയിനിന് പുറത്തുള്ള പ്രകൃതിദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമായി ആസ്വദിക്കാന്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക ടൂറിസ്റ്റ് ബോഗിയാണ്. സാധാരണ ട്രെയിന്‍ ബോഗികളില്‍നിന്ന് വ്യത്യസ്തമായി, ഇതില്‍ വലിയ ഗ്ലാസ് ജനലുകളും ചില ഭാഗങ്ങളില്‍ ഗ്ലാസ് മേല്‍ക്കൂരയും ഉണ്ടായിരിക്കും. ചില കോച്ചുകളില്‍ 180 ഡിഗ്രി വരെ തിരിക്കാവുന്ന സീറ്റുകളുണ്ട്. ഗ്ലാസ് ജനലുകള്‍ക്ക് അഭിമുഖമായി ഇരിക്കാന്‍ ഇത് സഹായിക്കും. കോച്ചിന്റെ പിന്‍ഭാഗത്ത് കാഴ്ചകള്‍ തടസ്സമില്ലാതെ കാണാന്‍ പ്രത്യേക ഒബ്‌സര്‍വേഷന്‍ ഡെക്ക് ഉണ്ടാകും. ഇവിടെ നിന്നുകൊണ്ടും കാഴ്ചകളാസ്വദിക്കാം. സാധാരണ ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായി ഏറ്റവും പിറകിലാകും കോച്ചിന്റെ സ്ഥാനം.



നിരക്ക് എത്ര

ഗുരുവായൂരില്‍ നിന്ന് മധുര വരെ യാത്ര ചെയ്യാന്‍ 1875 രൂപയാണ് നിരക്ക്. പുനലൂര്‍-ചെങ്കോട്ട റൂട്ടില്‍ മാത്രമാണെങ്കില്‍ 515 രൂപയാണ് നിരക്ക്. 'ഇവി' എന്ന ക്ലാസ് കോഡിന് കീഴിലാണ് വിസ്താഡോം കോച്ചിലെ റിസര്‍വേഷന്‍. റെയില്‍വേ ആപ്പിലൂടെയും മറ്റ് ഓണ്‍ലൈന്‍ ബുക്കിങ് പ്ലാറ്റ്‌ഫോമുകളിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

ഏതൊക്കെ ദിവസങ്ങളില്‍ സര്‍വീസ്

ഒക്ടോബര്‍ 22 മുതലാണ് സര്‍വീസ് ആരംഭിച്ചത്. 2027 ജനുവരി 16 വരെ നിശ്ചിത ദിവസങ്ങളില്‍ വിസ്താഡോം കോച്ച് ഉള്‍പ്പെടുത്തിയുള്ള സര്‍വീസ് തുടരും. ഈ കാലയളവിലെ വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ മധുരയില്‍നിന്ന് ഗുരുവായൂരിലേക്ക് യാത്ര ആരംഭിക്കും. വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഗുരുവായൂരില്‍നിന്ന് മധുരയിലേക്ക് യാത്ര ആരംഭിക്കും.

TAGS :

Next Story