പാലക്കാട്ട് ഇരട്ടസഹോദരങ്ങള്‍ കുളത്തിൽ മരിച്ച നിലയില്‍
രാമന്‍,ലക്ഷ്മണന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

പാലക്കാട്: ചിറ്റൂരിൽ 14 വയസുള്ള ഇരട്ടസഹോദരന്മാരെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനും ലക്ഷ്മണനുമാണ് മരിച്ചത്.ഇരുവരെയും ഇന്നലെയാണ് കാണാതാവുന്നത്. വൈകിട്ട് ആറുമണിവരെ ഇരുവരും വീട്ടിലുണ്ടായിരുന്നു.ഇതിന് പിന്നാലെയാണ് കുട്ടികള്‍ സമീപത്തെ ക്ഷേത്രകുളത്തിലേക്ക് പോയത്.
ഇരുവര്‍ക്കും നീന്താന്‍ അറിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇലക്ട്രിക് സ്കൂട്ടറെടുത്താണ് ഇരുവരും ക്ഷേത്രത്തിലേക്ക് പോയത്. രാത്രിയായിട്ടും വീട്ടില്‍ തിരികെ എത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇന്ന് രാവിലെ ലക്ഷ്മണന്‍റെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തത്. ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വീട്ടുകാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ഫോഴ്സും പൊലീസും എത്തി മൃതദേഹം പുറത്തെത്തിച്ചത്.
പിന്നീട് ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിലാണ് രാമന്‍റെ മൃതദേഹം കുളത്തിനടിയില്‍ നിന്ന് കണ്ടെടുത്തത്. ചിറ്റൂര്‍ ബോയ്സ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.
Adjust Story Font
16

