അമര്‍ സെന്ററുകള്‍ വഴി കൂടുതല്‍ സേവനം ലഭ്യമാക്കി ദുബൈ എമിഗ്രേഷന്‍ വകുപ്പ്

അമർ സെൻററുകൾ മുഖേന ദുബൈ എമിഗ്രേഷൻ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കും. സ്ഥാപനങ്ങളുടെ എമിഗ്രേഷൻ കാർഡ് നേടുന്നതിനും പുതുക്കുന്നതിനും ഇനി അമർ ഹാപ്പിനസ് സെന്ററുകളെ സമീപിക്കാം. ഡിപാർച്ചർ പെർമിറ്റിനും താമസ-കുടിയേറ്റ പിഴകൾ അടക്കുവാനും, വകുപ്പിന്റെ ഓൺലൈൻ ഐ.ഡിക്ക് വേണ്ടി
അപേക്ഷിക്കുവാനും അമർ കേന്ദ്രങ്ങളെ സമീപിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ദുബൈ എമിഗ്രേഷൻ ഡയറക്ടർ ജനറൽ- മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മറിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഉപയോക്താക്കൾ ഇതുവരെ ഈ സേവനം തേടി എമിഗ്രേഷൻ ഓഫീസുകളെയാണ് സമീപിച്ചിരുന്നത്.
എന്നാൽ തൊഴിലാളികളുടെ ഒളിച്ചോട്ടം അമർ സെൻറർ മുഖേന വകുപ്പിന് റിപ്പോർട്ട് ചെയ്യുന്നത് താൽക്കാലികമായി നിർത്തി വെച്ചു. ദുബൈയിൽ വിസ- റെസിഡൻസി ഇടപടുകൾ എമിഗ്രേഷൻ ഓഫിസുകളിൽ പോകാതെ തന്നെ നേരിട്ട് വകുപ്പിന് ഓൺലൈനിലൂടെ അപേക്ഷിക്കാൻ സഹായിക്കുന്ന കേന്ദ്രങ്ങളാണ് അമർ ഹാപ്പിനസ് സെൻററുകൾ. നിലവിൽ ദുബായിൽ 56 അമർ സെൻററുകളാണുള്ളത്. ദിവസം ആയിരക്കണക്കിന് അപേക്ഷകളിൽ നടപടികൾ സ്വീകരിക്കുന്ന വിധം കാര്യക്ഷമമായി പ്രവർത്തിക്കാൻ അമർ സെൻററുകൾക്ക് സാധിക്കും. ദുബൈയിലേക്ക് എത്തുന്ന ആളുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അവർക്ക് മികച്ച സേവനങ്ങൾ നൽകുകയും നടപടികൾ വേഗമാക്കുകയുമാണ് അമർ കേന്ദ്രങ്ങളുടെ പ്രധാന ലക്ഷ്യം. വിസ നടപടികള്‍ക്കായി ദുബൈ എമിഗ്രേഷൻ ഓഫീസുകള്‍ സന്ദര്‍ശിക്കാതെ തന്നെ അമർ സെൻററുകൾ വഴി ലഭ്യമാവും. അമര്‍ സേവന കേന്ദ്രങ്ങള്‍ ഇവിടെ നിന്ന് നേരിട്ടാണ് വിസ അപേക്ഷകള്‍ എമിഗ്രേഷന്‍ വകുപ്പിന് സമര്‍പ്പിക്കുന്നത്. എമിഗ്രേഷന്‍ സേവനങ്ങള്‍ക്ക് പുറമെ എമിറേറ്റ് ഐഡൻറിറ്റി അതോറിറ്റി, ദുബൈ നഗരസഭ, ദുബൈ ഹെല്‍ത്ത് അതോറിറ്റി തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സേവനങ്ങളും ലഭിക്കുന്നതാണ്.
Adjust Story Font
16

