ഫ്രഞ്ച് അധോലോക നായകന്‍റെ അറസ്റ്റ്; കുടുക്കിയത് ദുബൈ പൊലീസിന്‍റെ നൂതന സാങ്കേതികവിദ്യയിലൂടെ
ഇരുപത് വർഷം മുമ്പുള്ള ഫോട്ടോ നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ പുന:സൃഷ്ടിച്ചെടുക്കുകയായിരുന്നു ദുബൈ പൊലീസ്

അധോലോക മയക്കുമരുന്ന് മാഫിയാ തലവനായ ഫ്രഞ്ചുകാരൻ പിടിയിലായത് ദുബൈ പൊലീസിന്‍റെ സമർത്ഥമായ നീക്കത്തിലൂടെ. നൂതന സാങ്കേതികവിദ്യയാണ് ദുബൈ പൊലിസിന് ഇതിൽ തുണയായത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് ഫ്രഞ്ച് പൗരൻ മൗഫിദെ ബൗച്ചിബിയെ ദുബൈ പൊലിസ് കുടുക്കിയത്. ഇരുപത് വർഷം മുമ്പുള്ള ഫോട്ടോ നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലൂടെ പുന:സൃഷ്ടിച്ചെടുക്കുകയായിരുന്നു ദുബൈ പൊലിസ്.

അടുത്തിടെ ബൗച്ചിബി യു.എ.ഇയിലേക്ക് കടക്കുന്നതിനിടെ ഇന്‍റർപോളിൽ നിന്ന് ദുബൈ പൊലിസിന് റെഡ് നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച് ഇദ്ദേഹം മുങ്ങിനടക്കുകയായിരുന്നു. ഫ്രാൻസിലെ മോസ്റ്റ് വാണ്ടഡ് കുറ്റവാളിയെ വലയിലാക്കാൻ ആസൂത്രിത പദ്ധതി തന്നെ തയ്യാറാക്കി. ഒരു സംഘത്തെ ദുബൈ പൊലിസ് ഇതിനായി പ്രത്യേകം തന്നെ നിയോഗിക്കുകയും ചെയ്തു. ലഭ്യമായ ഡാറ്റകൾ മുൻനിർത്തി സംശയാസ്പദ ചിത്രങ്ങളും വീഡിയോകളും വിശകലനം ചെയ്യുന്നതിനായി ഏറ്റവും പുതിയ നിർമിതബുദ്ധി സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുകയും ചെയ്തു.
യൂറോപ്പിലുടനീളം മയക്കുമരുന്ന് കടത്ത് നിയന്ത്രിച്ചിരുന്നത് ബൗച്ചിബിയായിരുന്നു. എല്ലാ വർഷവും യൂറോപ്പിൽ നിന്ന് 60 ടൺ ലഹരി മരുന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. കുറ്റാന്വേഷണത്തിന് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിച്ച ദുബൈ പൊലീസ് നടപടിയെ ഫ്രഞ്ച് ജുഡീഷ്യറി പൊലീസ് സെൻട്രൽ ഡയറക്ടർ ജെറോമി ബോണെറ്റ് പ്രശംസിച്ചു.
Adjust Story Font
16

