Quantcast

വടകരയിൽ കൈപിടിച്ച് കരപറ്റുമോ? രമയുടെ സാധ്യതകൾ ഇങ്ങനെ

രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത അക്രമരാഷ്ട്രീയത്തിന്റെ ഇര, ടിപി ചന്ദ്രശേഖരന്റെ വിധവ എന്ന നിലയിൽ മണ്ഡലത്തിൽ ഒരു മുഖവുര ആവശ്യമില്ലാത്ത സ്ഥാനാർത്ഥിയാണ് കെകെ രമ.

MediaOne Logo

  • Published:

    16 March 2021 4:37 PM IST

വടകരയിൽ കൈപിടിച്ച് കരപറ്റുമോ? രമയുടെ സാധ്യതകൾ ഇങ്ങനെ
X

അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ വടകര നിയമസഭാ മണ്ഡലം പിടിച്ചെടുക്കാന്‍ ആർഎംപിയുടെ കെകെ രമ യുഡിഎഫ് പിന്തുണയോടെ അങ്കത്തട്ടിലേക്ക്. നേരത്തെ, മത്സരിക്കാനില്ലെന്നായിരുന്നു രമയുടെ തീരുമാനം. എന്നാൽ മണ്ഡലം തിരിച്ചെടുക്കുകയാണ് എന്ന് കോൺഗ്രസ് അറിയിച്ചതോടെ രമയെ സ്ഥാനാർത്ഥിയാക്കാൻ ആർഎംപി സന്നദ്ധമാകുകയായിരുന്നു. കഴിഞ്ഞ തവണ യുഡിഎഫിന് വേണ്ടി രംഗത്തിറങ്ങിയ മനയത്ത് ചന്ദ്രനാണ് എൽഡിഎഫിന് വേണ്ടി ഇത്തവണ മണ്ഡലത്തിൽ പോരിനിറങ്ങുന്നത്; എൽജെഡി ടിക്കറ്റിൽ.

വടകരയിൽ ജയിക്കാൻ കെകെ രമയ്ക്ക് ആകുമോ? സാധ്യതകൾ ഇങ്ങനെ;

രമയെന്ന കരുത്ത്

അക്രമരാഷ്ട്രീയത്തിന്റെ ഇരയായ ടിപി ചന്ദ്രശേഖരന്റെ വിധവ എന്ന നിലയിൽ മണ്ഡലത്തിൽ ഒരു മുഖവുര ആവശ്യമില്ലാത്ത സ്ഥാനാർത്ഥിയാണ് കെകെ രമ. ടിപിക്കേറ്റ അമ്പത്തിയൊന്ന് വെട്ടും അതിനു പിന്നാലെ രമ നടത്തിയ വീറുറ്റ പോരാട്ടവും രാഷ്ട്രീയ കേരളം ഇപ്പോഴും ഓർമയിൽ സൂക്ഷിക്കുന്നുണ്ട്.

1957ലെ തെരഞ്ഞെടുപ്പിലൊഴികെ സോഷ്യലിസ്റ്റ് പാർട്ടികളെ മാത്രം ജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് വടകര. ആർഎംപിയിലൂടെ മണ്ഡലത്തിൽ ജയം നേടാം എന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ. അതു കൊണ്ടു തന്നെ രമയുടെ സ്ഥാനാർത്ഥിത്വം ചരിത്രം തിരുത്താനുള്ള മികച്ച അവസരമായി കോൺഗ്രസ് കണക്കുകൂട്ടുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച രമ 20504 വോട്ടുകളാണ് നേടിയത്. സികെ നാണു 9511 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മണ്ഡലത്തിൽ 49,111 വോട്ടാണ് അദ്ദേഹത്തിന് കിട്ടിയത്. മനയത്ത് ചന്ദ്രന് 39,700 വോട്ടുലഭിച്ചു. എന്നാൽ കഴിഞ്ഞ തവണ യുഡിഎഫിന് ഒപ്പമുണ്ടായിരുന്ന എൽഡെജി ഇപ്പോൾ എൽഡിഎഫിലാണ്. അതാണ് മണ്ഡലത്തിലെ നിർണായകമായ രാഷ്ട്രീയമാറ്റം.

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥിതി

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്-ആർഎംപി സഹകരണത്തോടെ നിലവിൽ വന്ന ജനകീയ മുന്നണി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. അഞ്ചു തദ്ദേശ തെരഞ്ഞെടുപ്പിലാണ് സഖ്യം മത്സരിച്ചത്. ഇതിൽ ഒഞ്ചിയം, അഴിയൂർ, ഏറാമല പഞ്ചായത്തുകളിൽ ഭരണം പിടിച്ചെടുത്തു. ആർഎംപിയുടെ ശക്തി കേന്ദ്രമായ ഒഞ്ചിയത്ത് പാർട്ടി ഭരണം നിലനിർത്തുകയായിരുന്നു. ഏറാമല പഞ്ചായത്തിലെ വിജയം പാർട്ടിക്ക് അതിമധുരമായി. 2008ലാണ് ഏറാമലയിൽ പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെ തുടർന്ന് ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ആർഎംപിക്ക് രൂപവത്കൃതമായത്. ചോറോട് പഞ്ചായത്തിലും ജനീകയ മുന്നണി മികച്ച പ്രകടനം കാഴ്ച വച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിലെ ജയം ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ആർഎംപി. വടകരയിൽ ലീഗിന്റെ പിന്തുണയാണ് പാർട്ടിയുടെ കരുത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരന് വേണ്ടിയും ആർഎംപി പ്രവർത്തകർ കൈമെയ് മറന്ന് രംഗത്തുണ്ടായിരുന്നു. അതു കൊണ്ടു തന്നെ കോൺഗ്രസിന്റെ വോട്ടും ഉറപ്പിക്കാം.

തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു പ്രകാരം വടകരയിൽ രണ്ടായിരത്തിലേറെ വോട്ടുകളുടെ ലീഡാണ് യുഡിഎഫിനുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 22963 വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തിൽ മുരളിക്ക് കിട്ടിയത്.

TAGS :

Next Story