' 20 ലക്ഷത്തോളം രൂപയായിരുന്നു ശമ്പളം; മകൻ ഇനിയും ഇങ്ങനെ തുടരുന്നത് കാണാൻ കഴിയില്ലെന്ന് അമ്മ തുറന്നുപറഞ്ഞു'; സർക്കാർ ജോലി രാജിവെച്ച് 25കാരൻ
രണ്ട് വർഷം മുമ്പാണ് യുവാവ് ജോലിയിൽ പ്രവേശിച്ചത്

- Published:
18 May 2026 1:30 PM IST

ഒരു സർക്കാർ ജോലി ഭൂരിപക്ഷം പേരുടെയും ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ ലഭിച്ച ജോലി രാജിവെച്ചിരിക്കുകയാണ് 25 കാരനായ ഒരു എഞ്ചിനീയർ. പ്രതിവർഷം 20 ലക്ഷത്തോളം രൂപയായിരുന്നു 22-ാം വയസിൽ ജോലിയിൽ പ്രവേശിച്ച യുവാവിൻ്റ ശമ്പളം.
ഹരിയാന സ്വദേശിയായ സൗരഭ് മിത്തലാണ് തന്റെ രാജിയുടെ കാര്യം വെളിപ്പെടുത്തിയത്. മോശം തൊഴിൽ സാഹചര്യങ്ങൾ, ഉദ്യോഗസ്ഥ മേധാവിത്വം, നിരന്തരമായ സമ്മർദ്ദം എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്. 'ഒരു പൊതുമേഖലാ സ്ഥാപനത്തെക്കുറിച്ച് ആളുകൾ ഭാവനയിൽ കാണുന്നത് പോലെയല്ല ഈ ജോലി' സൗരഭ് പറഞ്ഞു. സിലിഗുരിയിലെ ഒരു വെയർഹൗസിലായിരുന്നു ഓഫീസ്. ഇവിടെ കുടിവെള്ളമോ, ടോയ്‌ലറ്റ് സംവിധാനമോ ലഭ്യമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എൻഐടി കുരുക്ഷേത്രയിൽ നിന്നുള്ള എഞ്ചിനീയറിങ് ബിരുദധാരിയായ മിത്തൽ, മികച്ച പാക്കേജും പൊതുമേഖല സ്ഥാപനത്തിൻ്റെ ഗുണങ്ങളും പ്രതീക്ഷിച്ചാണ് ബിപിസിഎല്ലിൽ ചേർന്നത്. സിലിഗുരിയിൽ 'അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫ് ലൂബ്സ് സെയിൽസ് ആയി നിയമിതനായ അദ്ദേഹം നോർത്ത് ബംഗാൾ, സിക്കിം, ഭൂട്ടാൻ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളാണ് കൈകാര്യം ചെയ്തിരുന്നത്.
എന്നാൽ യാഥാർഥ്യം ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പൊതുമേഖലാ കമ്പനികൾ പേപ്പറിൽ നൽകുന്ന ആനുകൂല്യങ്ങളൊന്നും ദൈനംദിന തൊഴിൽ സാഹചര്യങ്ങളിൽ പ്രതിഫലിച്ചിരുന്നില്ല. "ഞങ്ങളെ നാട്ടിൽ നിന്നും ഒരുപാട് ദൂരേക്ക് അയക്കുകയും ഓരോ മൂന്ന്-നാല് വർഷം കൂടുമ്പോൾ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അവിവാഹിതനായിരിക്കുമ്പോൾ ഇത് കുഴപ്പമില്ല, എന്നാൽ ഒരു കുടുംബമാകുമ്പോൾ ഇത് ബുദ്ധിമുട്ടായി മാറും," അദ്ദേഹം പറഞ്ഞു. കൂടാതെ, വർഷം തോറുമുള്ള സാധാരണ മൂന്ന് ശതമാനം ശമ്പള വർധനവും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലുള്ള പ്രമോഷനുകളും വളർച്ചയ്ക്കുള്ള സാധ്യതകൾ കുറയ്ക്കുന്നതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഓഫീസുകൾ വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും, അവിടുത്തെ പ്രവർത്തനരീതികൾ കാലഹരണപ്പെട്ടതാണെന്നും, ജീവനക്കാരുടെ ശരാശരി പ്രായം 50 വയസാണെന്നും സൗരഭ് വിവരിച്ചു. അവിടുത്തെ ഉയർന്ന ഉദ്യോഗസ്ഥരുടെ മേധാവിത്വം വിശ്വസിക്കാൻ കഴിയാത്തത്രയായിരുന്നു. മറ്റ് ജോലിയേക്കാൾ കൂടുതൽ പേപ്പർ ജോലികളായിരുന്നു അവിടെ. സൗകര്യങ്ങൾ ഒന്നുമില്ലാത്ത ഒരു വെയർഹൗസിനുള്ളിലാണ് എനിക്ക് ജോലി നൽകിയത്. അവിടെ കുടിവെള്ളമോ ടോയ്‌ലറ്റോ ഉണ്ടായിരുന്നില്ല. എസി കേടായിരുന്നു. അത് സ്വയം നന്നാക്കേണ്ടി വന്നു" അദ്ദേഹം പറഞ്ഞു.
"ടോയ്‌ലറ്റ് ഇല്ലെന്ന കാര്യം തന്റെ മാനേജർ, സീനിയർ മാനേജ്‌മെന്റ്, എച്ച്ആർ എന്നിവരുടെ ശ്രദ്ധയിൽ പലതവണ പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്നും പറഞ്ഞു. ഇതൊരു 'ബിസിനസ്സ് പ്രശ്നം' ആണെന്നും തങ്ങളുടെ പരിധിയിൽ വരുന്നതല്ലെന്നുമാണ് എച്ച്ആർ പറഞ്ഞത്. ബഡ്ജറ്റിനായി അപേക്ഷിക്കാമെന്ന് മാനേജർ പറഞ്ഞു. എന്നാൽ ഒരു വാഷ്‌റൂം നിർമ്മിക്കുന്നത് വഴി എന്ത് ആദായമാണ് ലഭിക്കുക എന്ന് ചോദിച്ച് ഫിനാൻസ് വിഭാഗം അത് നിരസിച്ചു. അങ്ങനെ ഒരു പരിഹാരവും കാണാനാകാതെയായി." മിത്തൽ പറഞ്ഞു.
അവധി എന്നൊരു സാധനമേ ഉണ്ടായിരുന്നില്ല, ഒരു തവണ മാനേജർ പറഞ്ഞത് കമ്പനി അവധികൾ നൽകാറില്ല എന്നാണ്. അവധി ദിവസങ്ങൾ 'വർക്ക് ഫ്രം ഹോമിനായി' ഉള്ളതാണെന്നും പറഞ്ഞു. വാരാന്ത്യങ്ങളിൽ ഉൾപ്പെടെ അർധരാത്രി വരെ ഫോൺ കോളുകൾ വരുമായിരുന്നുവെന്നും, തന്റെ ഔദ്യോഗിക ചുമതലകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ചെയ്യേണ്ടി വന്നുവെന്നും യുവാവ് പറഞ്ഞു.
എയർപോർട്ടിൽ പോയി ആളുകളെ കൂട്ടിക്കൊണ്ടു വരിക, ഹോട്ടൽ ബുക്കിംഗുകൾ നടത്തുക, മറ്റ് വ്യക്തിപരമായ ആവശ്യങ്ങൾ നോക്കുക തുടങ്ങിയവ ചെയ്യാൻ മുതിർന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിൽപ്പനയിൽ ഇടിവുണ്ടാകുമ്പോൾ മാനേജർമാരുടെ മുകളിലുള്ള ഉദ്യോഗസ്ഥർ പോലും ജീവനക്കാരെ നേരിട്ട് സമ്മർദ്ദത്തിലാക്കുമായിരുന്നു. തന്റെ ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഇതോടെ ജോലിയിൽ പ്രവേശിച്ച് രണ്ട് വർഷം തികയുന്നതിന് മുൻപ് തന്നെ, തന്റെ ഭാവി അവിടെ ശൂന്യമാണെന്ന് മനസിലാക്കിയതായി മിത്തൽ പറയുന്നു.
സ്വന്തം നാട്ടിൽ ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ജോലി താൻ ഉപേക്ഷിച്ചു എന്നത് ഉൾക്കൊള്ളാൻ പിതാവിന് ഏറെ ബുദ്ധിമുട്ടായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കടന്നുപോയ ബുദ്ധിമുട്ടുകൾ, അസമയത്തുള്ള ഫോൺ കോളുകൾ, കടുത്ത സമ്മർദ്ദം, താൻ ജോലി ചെയ്തിരുന്ന സാഹചര്യങ്ങൾ എല്ലാം അമ്മ കണ്ടതായിരുന്നു. മകൻ ഇനിയും ഇങ്ങനെ തുടരുന്നത് കാണാൻ തനിക്ക് കഴിയില്ലെന്ന് അമ്മ തുറന്നുപറഞ്ഞു. അമ്മയുടെ ആ പ്രതികരണം എന്നെ സംബന്ധിച്ച് വലിയൊരു കാര്യമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിചേർത്തു.
നിലവിൽ ഗുഡ്ഗാവിലുള്ള മിത്തൽ എംബിഎ പ്രോഗ്രാമിൽ ചേർന്നു. കരിയർ തിരഞ്ഞെടുക്കുന്നതിന് മുൻപ് കാര്യങ്ങളിൽ കൃത്യമായൊരു വ്യക്തത വരുത്താനാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. മറ്റൊരു ജോലി ലഭിക്കുന്നതുവരെ തന്റെ ചെലവുകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു മാർഗ്ഗമായി 'കണ്ടന്റ് ക്രിയേഷൻ' ചെയ്യാനും പദ്ധതിയുണ്ടെന്ന് മിത്തൽ കൂട്ടിച്ചേർത്തു.
Adjust Story Font
16
