'അവന്റെ മൂന്നാം പിറന്നാളായിരുന്നു പക്ഷേ...; സ്കാനിങ്ങിൽ ആ ഞെട്ടിക്കുന്ന കാഴ്ച കണ്ടു; കേക്ക് കഴിക്കുമ്പോൾ ഈ അപകടം തിരിച്ചറിയാതെ പോകരുത്; കുറിപ്പുമായി യുവതി
മൂന്നുവയസുള്ള മകന്‍ കേക്ക് കഴിച്ച് ആശുപത്രിയിലായത് എങ്ങനെ എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്.

- Updated:
2026-06-11 12:22:55

പിറന്നാൾ ആഘോഷം ഗംഭീരമാക്കാൻ പലവഴികളും സ്വീകരിക്കുന്നവരാണ് നമ്മൾ. പലരൂപത്തിലുള്ള കേക്കുകളും അലങ്കാരങ്ങളും ഇതിനായി ഉപയോഗിക്കും. എന്നാൽ അത്തരം കേക്കുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ സൂചിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
കേക്കിലെ അലങ്കാര വസ്തുക്കൾക്കുള്ളിൽ ഒളിപ്പിച്ചിരുന്ന രണ്ട് മെറ്റൽ പിന്നുകൾ മൂന്ന് വയസുകാരൻ അബദ്ധത്തിൽ വിഴുങ്ങിയതിനെത്തുടർന്ന് മഹാരാഷ്ട്രയിൽ നടന്ന ഒരു ജന്മദിനാഘോഷം അപകടകരമായിമാറി. ഭക്ഷ്യസുരക്ഷയെക്കുറിച്ചും കേക്കുകളിൽ ഉപയോഗിക്കുന്ന അലങ്കാര വസ്തുക്കളുടെ സുരക്ഷിതത്വത്തെക്കുറിച്ചും ഇത് ആശങ്കകൾ ഉയർത്തി. മുംബൈ സ്വദേശിയായ ഒരു സ്ത്രീയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. തന്റെ മൂന്നുവയുള്ള മകന്‍ കേക്ക് കഴിച്ച് ആശുപത്രിയിലായത് എങ്ങനെ എന്നാണ് ഇവര്‍ വീഡിയോയില്‍ പറയുന്നത്.
റെയാന്‍ഷ് എന്ന കുഞ്ഞിന്റെ അമ്മയായ സ്‌നേഹ ഷെലാറാണ് തൻ്റെ മകന് സംഭവിച്ച ദുരവസ്ഥ വ്യക്തമാക്കുന്നത്. മേയ് 31ന് താനെയിലാണ് സംഭവം നടന്നത്. റെയാൻഷിൻ്റെ പിറന്നാളായിരുന്നു പിറ്റേന്ന്. ബേക്കറിയില്‍ നിന്നും മേയ് 31ന് തന്നെ കേക്ക് ഓര്‍ഡര്‍ ചെയ്തിരുന്നു. ഒരു 'സ്പൈഡർമാൻ തീം' പാർട്ടിയും ബോളിങ് അലിയുടെ (bowling alley) മാതൃകയിലുള്ള പ്രത്യേക കേക്കും ഒരുക്കിയിരുന്നു.
കേക്കിലെ അലങ്കാരങ്ങൾക്കായി വെച്ചിരുന്ന ചോക്ലേറ്റ് ബോളിങ് പിന്നുകൾക്ക് താങ്ങായി ഉള്ളിൽ മെറ്റൽ കമ്പികൾ ഉണ്ടായിരുന്നുവെന്ന് റെയാൻഷിന്റെ അമ്മ സ്നേഹ ഷെലാർ പറഞ്ഞു. കൊച്ചുകുട്ടികൾക്ക് വേണ്ടിയാണ് ഈ കേക്ക് എന്ന് ബേക്കറിയിൽ പ്രത്യേകം പറഞ്ഞിരുന്നിട്ടും, ഉള്ളിൽ ഒളിപ്പിച്ചിരുന്ന ഇത്തരം ഇരുമ്പ് കഷണങ്ങളെക്കുറിച്ച് കുടുംബത്തിന് യാതൊരു വിവരവും നൽകിയിരുന്നില്ല.
"ഞാൻ സ്വപ്നം കണ്ടതുപോലെ തന്നെയുള്ള എല്ലാ കാര്യങ്ങളും അവിടെ ഉണ്ടായിരുന്നു. അലങ്കാരങ്ങൾ, കേക്ക്, കുടുംബം മുഴുവൻ, ചുരുക്കത്തിൽ അവന് ഇഷ്ടമുള്ളതെല്ലാം," ഷെലാർ ഓർത്തെടുത്തു.
എന്നാൽ അടുത്ത ദിവസമാണ് അപകടം പുറത്തറിയുന്നത്. പാർട്ടിയിൽ പങ്കെടുത്ത മുതിർന്ന കുട്ടികൾ അലങ്കാര വസ്തുക്കൾക്കുള്ളിൽ ഇരുമ്പ് കമ്പികൾ ഇരിക്കുന്നത് കാണുകയും മുതിർന്നവരെ വിവരമറിയിക്കുകയുമായിരുന്നു. റെയാൻഷ് ഇത് വിഴുങ്ങിയിട്ടുണ്ടാകാമെന്ന് ഭയന്ന കുടുംബം ഉടൻ തന്നെ അവനെ എക്സ്-റേ എടുക്കാനായി ആശുപത്രിയിലേക്ക് എത്തിച്ചു.
"സ്കാനിംഗിൽ അവന്റെ ചെറുകുടലിൽ രണ്ട് മെറ്റൽ പിന്നുകൾ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി," അവർ പറഞ്ഞു. പിന്നുകൾ ഇതിനകം തന്നെ കുടലിലേക്ക് നീങ്ങിയതിനാൽ താനെയിലെ ജൂപ്പിറ്റർ ഹോസ്പിറ്റലിലെ ഡോക്ടർമാർ ശസ്ത്രക്രിയ വേണ്ടെന്ന് നിർദ്ദേശിച്ചു. പകരം, ഈ വസ്തുക്കൾ സ്വാഭാവികമായി പുറത്തുപോകുന്നത് വരെ കുട്ടിയെ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് അവർ ആവശ്യപ്പെട്ടത്.
"റെയാൻഷ് ഇപ്പോൾ സുരക്ഷിതനാണ്. 48 മണിക്കൂറിന് ശേഷം രണ്ട് കമ്പികളും സ്വാഭാവികമായി പുറത്തുപോയി. എന്നാൽ ആ 48 മണിക്കൂർ എന്റെ ജീവിതത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന സമയമായിരുന്നു," എന്നും അവർ പറയുന്നു. കുട്ടികൾക്കായി കേക്കുകൾ ഓർഡർ ചെയ്യുമ്പോൾ മാതാപിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഷെലാർ അഭ്യർത്ഥിച്ചു.
അലങ്കാര വസ്തുക്കളുടെ ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്ന ഇത്തരം പിന്നുകൾ ഉണ്ടോ എന്നും, എല്ലാ അലങ്കാരങ്ങളും പൂർണമായും കഴിക്കാൻ യോഗ്യവും കൊച്ചുകുട്ടികൾക്ക് സുരക്ഷിതവുമാണോ എന്ന് ബേക്കറി ഉടമകളോട് നേരിട്ട് ചോദിച്ചറിയാൻ അവർ ഉപദേശിച്ചു.
സംഭവുമായി ബന്ധപ്പെട്ട് കുടുംബം കാസർവാഡവലി പൊലീസിനെ സമീപിച്ചെങ്കിലും, ഈ വിഷയം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ (FDA) പരിധിയിൽ വരുന്നതാണെന്നാണ് അവർക്ക് ലഭിച്ച വിവരം. എന്നാൽ കേക്കിന്റെയോ ചോക്ലേറ്റ് അലങ്കാരത്തിന്റെയോ സാമ്പിൾ ഇല്ലാതെ അന്വേഷണം നടത്താൻ കഴിയില്ലെന്ന് എഫ്ഡിഎ ഉദ്യോഗസ്ഥർ പറയുകയായിരുന്നു.
Adjust Story Font
16
