'ജോലിയെല്ലാം വെടിപ്പായി ചെയ്തിട്ടും പ്രൊമോഷൻ വൈകുന്നോ? വേഗത്തിലാക്കാൻ ഈ ഏഴ് കാര്യങ്ങൾ ചെയ്തുനോക്കൂ'; യുവാവിന്‍റെ വൈറൽ പോസ്റ്റ്...
കേവലം കഠിനാധ്വാനം കൊണ്ടും ആത്മാർത്ഥത കൊണ്ടും മാത്രം കോർപറേറ്റ് ഗോവണിയിലൂടെ നിഷ്പ്രയാസം കയറിച്ചെല്ലാനാവില്ലെന്നാണ് സ്വന്തം ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത അനുഭവം പങ്കുവെച്ചുകൊണ്ട് യുവാവ് വ്യക്തമാക്കുന്നത്

ജോലിയിൽ രാപ്പകലില്ലാതെ കഷ്ടപ്പെട്ടിട്ടും ടാസ്കുകളെല്ലാം ചെയ്തുതീർത്തിട്ടും അർഹമായ പ്രമോഷൻ മാത്രം അകന്നുനിൽക്കുന്നുവെന്ന് പരാതിപ്പെടുന്നവരാണോ നിങ്ങൾ? ചീഫ് ഏൽപ്പിക്കുന്ന ജോലികളെല്ലാം പരിപൂർണ പെർഫക്ഷനോടെ ചെയ്തിട്ടും ബുദ്ധിമുട്ട് തോന്നാറുണ്ടോ? ഉണ്ടെങ്കിൽ മുന്നും പിന്നും മറന്ന് പരിഭ്രമിക്കാൻ വരട്ടെ. നിങ്ങളുടെ കരിയർ ഗ്രാഫ് തന്നെയും മാറ്റിമറിക്കാൻ പോകുന്ന ചില നിർണായക വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇൻവെസ്റ്റ്മെന്‍റ് ബാങ്കിങ്ങിൽ പത്ത് വർഷത്തെ അനുഭവസമ്പത്തുള്ള ഒരു പ്രൊഫഷണൽ. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ റെഡിറ്റിൽ പങ്കുവെച്ച പോസ്റ്റ് ഇതിനോടകം നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്.
കേവലം കഠിനാധ്വാനം കൊണ്ടും ആത്മാർത്ഥത കൊണ്ടും മാത്രം കോർപറേറ്റ് ഗോവണിയിലൂടെ നിഷ്പ്രയാസം കയറിച്ചെല്ലാനാവില്ലെന്നാണ് സ്വന്തം ജീവിതത്തിൽ നിന്ന് പറിച്ചെടുത്ത അനുഭവം പങ്കുവെച്ചുകൊണ്ട് യുവാവ് വ്യക്തമാക്കുന്നത്. far_concept25 എന്ന യൂസർ പങ്കുവെച്ച, അധികമാരും തുറന്നുപറയാത്ത, എന്നാൽ പ്രമോഷന് അത്യാവശ്യമായ ആ ഏഴ് രഹസ്യങ്ങളേതെന്ന് പരിശോധിക്കാം.
1. നിങ്ങളുടെ മാനേജറുടെ പ്രകടനം നിങ്ങളുടെയും ഭാവി നിശ്ചയിക്കും: ജോലിയിൽ നിങ്ങളെത്രമാത്രം മിടുക്കനാണെങ്കിലും കാര്യമില്ല; നിങ്ങളുടെ ടീം ലീഡറോ മാനേജറോ മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ അത് നിങ്ങളുടെ കരിയറിനെയും പിറകോട്ട് വലിക്കാനിടയുണ്ട്. നിങ്ങളുടെ പ്രൊമോഷൻ പലപ്പോഴും അവരുടെ കൂടെ ഔട്ട്പുട്ടിനെ ആശ്രയിച്ചാണിരിക്കുന്നത്. മാനേജർ മികച്ച പ്രകടനം കാഴ്ചവെക്കുന്നില്ലെങ്കിൽ ടീം മാറാൻ മടിക്കേണ്ടതില്ലെന്നാണ് യുവാവിന്‍റെ അഭിപ്രായം.
2. ശ്രദ്ധിക്കപ്പെടേണ്ടത് ശരിയായ ആളുകളുടെ മുന്നിലാണ്: നേരിട്ട് നിങ്ങളുടെ ജോലി വിലയിരുത്തുന്ന ടീം ലീഡ് മാത്രമല്ല പ്രധാനം. പ്രൊമോഷൻ ഫയലുകളിൽ ഒപ്പുവെക്കുന്ന, നിങ്ങൾക്ക് രണ്ട് റാങ്കിന് മുകളിലുള്ള ഉന്നതരുമായി നല്ല ബന്ധം സ്ഥാപിക്കുക എന്നതാണ് പ്രധാനം. എല്ലാവർക്കും നിങ്ങളെ പ്രൊമോട്ട് ചെയ്യാനുള്ള അധികാരമില്ലെന്ന സത്യം തിരിച്ചറിഞ്ഞ് പണിതാൽ അത്രയും നല്ലത്.
3. നിങ്ങളുടെ ജോലിയുടെ 'വിജയഗാഥ' രചിക്കാൻ മറ്റാരെയും കാത്തുനിന്നേക്കരുത്: 'ഞാൻ നന്നായി ജോലി ചെയ്യുന്നുണ്ടല്ലോ, കമ്പനി അത് കണ്ടുകൊള്ളും' എന്ന ചിന്ത തെറ്റാണ്. പ്രകടനം കൊണ്ടുമാത്രം പ്രൊമോഷൻ ലഭിക്കുമെന്നാണ് നിങ്ങളുടെ ധാരണയെങ്കിൽ എത്രയും വേഗം തിരുത്തുന്നതായിരിക്കും നല്ലത്. നിങ്ങളുടെ ജോലി കമ്പനിക്ക് എന്തുമാത്രം സാമ്പത്തിക ലാഭമോ വളർച്ചയോ ഉണ്ടാക്കിയെന്ന് കൃത്യമായി മേലധികാരികളെ ബോധ്യപ്പെടുത്താൻ കഴിയുന്നിടത്താണ് വിജയം.
4. ജൂനിയർമാരെപ്പോലെയുള്ള ഇമെയിലുകൾ ഒഴിവാക്കാം: വളരെ നീളമേറിയ ഇമെയിലുകളും, അനാവശ്യമായി ഒട്ടനവധി പേരെ CC ചെയ്യുന്നതും നിങ്ങൾ ഇപ്പോഴും ഒരു ജൂനിയർ മാത്രമാണെന്നതിന്റെ സൂചനയാണെന്നത് തിരിച്ചറിയേണ്ടതും വളരെ പ്രധാനമാണ്. പലപ്പോഴും, ഇങ്ങനെ ചെയ്യുന്നതിന് പകരം, വ്യക്തവും ചുരുങ്ങിയതുമായ, പ്രശ്നപരിഹാരങ്ങൾ മാത്രം മുൻനിർത്തിയുള്ള പ്രൊഫഷണൽ ആശയവിനിമയ ശൈലി സ്വീകരിക്കുന്നതാവും നല്ലത്.
5. അമിത വൈദഗ്ധ്യം ചിലപ്പോഴെങ്കിലും 'വള്ളി'യാകും: ഓഫീസിലെ ചെറിയ പ്രശ്നങ്ങൾക്ക് പോലും പരിഹാരം തേടി എല്ലാവരും നിങ്ങളുടെ അടുത്തേക്ക് തന്നെ ഓടിയെത്തുന്നുവെന്നത് കേൾക്കാൻ സുഖമുള്ള കാര്യമൊക്കെ തന്നെ. എന്നാൽ ഇത് നിങ്ങളെ ഒരു സ്ഥാനത്ത് തന്നെ തളച്ചിടാനുള്ള സാധ്യതയേറെയാണ്. ചെറിയ കാര്യങ്ങൾ മറ്റുള്ളവരെ പരിശീലിപ്പിച്ച് ഏൽപ്പിക്കണം. വലിയതും മർമപ്രധാനവുമായ പ്രശ്നങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
6. എല്ലാവരും നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്നതൊക്കെ നിങ്ങളുടെ മാത്രം തോന്നൽ: എല്ലാ മീറ്റിങ്ങുകളിലും ഇമെയിലുകളിലും നിങ്ങളുടെ പേര് ഉണ്ടെന്നത് കൊണ്ട് മാത്രം ആളുകൾ നിങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് കരുതാനും മാത്രം വിഢിയാവാതിരിക്കുകയെന്നതും പ്രധാനമാണ്. മീറ്റിങ്ങുകളിൽ മുന്നോട്ടുവന്ന് സംസാരിക്കുക, വലിയ പ്രോജക്റ്റുകളുടെ അവതരണങ്ങൾ ഏറ്റെടുക്കുക എന്നിവയിലൂടെ നിങ്ങളുടെ പ്രസൻസ് മേലധികാരികൾക്ക് മുന്നിൽ ഉറപ്പാക്കാനാകും. വിജയിക്കണമെന്ന് അത്യധികം ആഗ്രഹമുള്ള കഠിനാധ്വാനികളെല്ലാം അങ്ങനെയാകും ചെയ്യാറ്.
7. അമിതമായ സ്വയംപര്യാപ്തതയും ചിലപ്പോൾ തലവേദനയായേക്കും: എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്തു തീർക്കുന്നത് നിങ്ങളുടെ കഴിവായിരിക്കാം, ശരിതന്നെ. എങ്കിലും, ചിലപ്പോഴെങ്കിലും ഇത് സഹപ്രവർത്തകരുമായി ചേർന്ന് പ്രവർത്തിക്കാനുള്ള നിങ്ങളുടെ കഴിവിനെയും കഴിവുകേടിനെയും ചോദ്യം ചെയ്യപ്പെടാനും ഇടയാക്കിയേക്കും. വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ മാനസികമായി പാകപ്പെട്ടിട്ടില്ലെന്ന തെറ്റായ ധാരണയും ഇത് നൽകിയേക്കാം. അതും ശ്രദ്ധിച്ചാൽ നല്ലത്.
കഠിനാധ്വാനത്തിനും ആത്മാർത്ഥതക്കുമൊപ്പം തന്നെ തന്ത്രപരമായ ഇടപെടലുകളും കോർപ്പറേറ്റ് ലോകത്ത് മുന്നേറാൻ അത്യന്താപേക്ഷിതമാണ്. അടിത്തറ ശക്തമാക്കിക്കൊണ്ട്, സ്വന്തം നേട്ടങ്ങളെ കൃത്യമായി അടയാളപ്പെടുത്താൻ പഠിക്കുമ്പോഴാണ് കരിയർ വിജയത്തിന്റെ പുതിയ പടവുകൾ കയറാൻ കഴിയുക.
Adjust Story Font
16

