യാത്രചെയ്യാൻ റോഡില്ല, മുഹൂർത്തത്തിന് ഭർതൃവീട്ടിലെത്തണം, ഭാരമേറിയ ലെഹങ്കയുമായി നവവധു നടന്നത് 18 കിലോമീറ്റർ
ഉത്തരാഖണ്ഡിലെ ചക്രാതയിലാണ് സംഭവം

ഡെറാഡൂൺ: വിവാഹശേഷം മുഹൂർത്ത സമയം ഭർത്താവിന്റെ വീട്ടിലെത്താൻ കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ 18 കിലോമീറ്ററോളം നടന്ന് നവവധു. ഉത്തരാഖണ്ഡിലെ ചക്രാതയിലാണ് സംഭവം. ഉന്ദാവ ഗ്രാമവാസിയായ ശര്‍മിളയാണ് വിവാഹത്തിനണിഞ്ഞ ഭാരമേറിയ ബ്രൈഡൽ ലെഹങ്കയും താങ്ങി ദൂരങ്ങളോളം നടന്നത്.
ലോഖണ്ഡിയില്‍ നിന്ന് ഉന്ദാവയിലേക്കുള്ള യാത്രയ്ക്കിടെ റോഡിലെ കുണ്ടും കുഴിയുമുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വാഹനം കടന്നുപോകാൻ സാധിക്കാതെ വന്നതോടെയാണ് നവവധുവിന് നടക്കേണ്ടി വന്നത്. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ബുല്‍ഹാര്‍ ഗ്രാമത്തില്‍ നിന്നുള്ള വിവാഹ സംഘത്തോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് പൊട്ടിപ്പൊളിഞ്ഞ റോഡ് കാരണം കാൽനടയായി നവവധുവിന് പിന്നിടേണ്ടി വന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ ഇപ്പോൾ പ്രദേശവാസികൾ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.
സംഭവത്തെത്തുടർന്ന്, പ്രദേശത്ത് ഗതാഗതയോഗ്യമായ റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ശർമിള ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയെ സമീപിച്ചതിന്റെ വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്. ഭാവിയില്‍ മറ്റു നാട്ടുകാര്‍ക്കും ഇതേ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാന്‍ റോഡ് നിര്‍മ്മിച്ചു നല്‍കണമെന്ന് അവർ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.
ഉന്ദാവ മേഖലയിലെ റോഡിന്റെ മോഷം അവസ്ഥ പ്രദേശവാസികളെ ഒന്നാകെ വലച്ചിരിക്കുകയാണ്. റോഡുകളില്ലാത്തത് അത്യാവശ്യ സേവനങ്ങള്‍ കിട്ടാത്തതിനും മുതിര്‍ന്ന പൗരന്മാര്‍ക്കും രോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കും ആശുപത്രികളില്‍ എത്തുന്നതിനും വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.
Adjust Story Font
16

