ഒന്നര മില്ല്യൺ ഫോളോവേഴ്‌സുള്ള ആ സെലിബ്രിറ്റി നായ ഇനിയില്ല; 2500 രൂപയ്ക്ക് ഇറച്ചിക്കായി വിറ്റ് മോഷ്ടാക്കൾ, കറിവെച്ചെന്ന് റസ്റ്റോറൻ്റ് ജീവനക്കാർ; നീതി തേടി ഉടമ
ഇലക്ട്രിക് ബൈക്കിൽ കടത്തിക്കൊണ്ട് പോകുകയായിരുന്നു

- Updated:
2026-06-05 10:10:39

ന്യൂഡൽഹി: 15 ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള ഒരു നായയെ നഷ്ടപ്പെട്ട വേദനയിലാണ് ഒരു വ്ലോഗർ. സോഷ്യൽ മീഡിയയിലെ താരമായ തന്റെ പ്രിയപ്പെട്ട ബോർഡർ കോളി ഇനത്തിൽപ്പെട്ട 'ചുതൗ' (Chutou) എന്ന നായയെ മോഷ്ടിച്ച്, ഇറച്ചിക്കായി ഒരു റസ്റ്റോറന്റിന് വിറ്റുവെന്നും അവർ അതിനെ പാകം ചെയ്ത് കഴിക്കുകയും ചെയ്തുവെന്നുമാണ് ചൈനീസ് ട്രാവൽ വ്ലോഗറായ ഗുവോയുടെ ദുഖത്തിന് കാരണം.
വ്ലോഗറായ ഗുവോ വർഷങ്ങളോളം ചുതൗവിനൊപ്പം ചൈനയിലുടനീളം യാത്ര ചെയ്യുകയും അവരുടെ യാത്രാവിശേഷങ്ങൾ ഓൺലൈനിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ചുതൗവിന് വലിയൊരു ആരാധകവൃന്ദം ഉണ്ടായത്. ഒരു ചെറിയ നായ്ക്കുട്ടിയിൽ നിന്നും ഒരു സെലിബ്രിറ്റിയായി ചുതൗ വളർന്നു.
2018ൽ ചുതൗവിന് വെറും മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോൾ ഒരു തെരുവ് കച്ചവടക്കാരനിൽ നിന്നാണ് ഗുവോ അതിനെ വാങ്ങിയത്. അന്ന് 2,000 യുബാനിലധികം (ഏകദേശം 28,145 ഇന്ത്യൻ രൂപ) നൽകിയാണ് സ്വന്തമാക്കിയത്.
ഗുവോ ജോർജിയയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് ഈ ദാരുണമായ സംഭവം. ഗുവോയുടെ യാത്രാവേളയിൽ ചുതൗ ചൈനയിലുള്ള മാതാപിതാക്കളുടെ കൂടെയായിരുന്നു. മെയ് 11-ന്, കുടുംബത്തിന്റെ കൃഷിസ്ഥലത്ത് നിന്നും നായയെ കാണാതായത് ഗുവോയുടെ പിതാവിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് അവിടുത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, രണ്ട് വ്യക്തികൾ ചേർന്ന് ഒരു ഇലക്ട്രിക് ബൈക്കിൽ കടത്തിക്കൊണ്ടുപോകുന്നത് കണ്ടെത്തി.
വാർത്തയറിഞ്ഞ ഉടൻ തന്നെ ഗുവോ തന്റെ വിദേശയാത്ര പകുതിക്ക് വെച്ച് നിർത്തി വളർത്തുനായയെ തിരയാനായി നാട്ടിലേക്ക് മടങ്ങി. മെയ് 26ന്, നായയെ കടത്തിക്കൊണ്ടുപോയെന്ന് സംശയിക്കുന്നയാളെ അദ്ദേഹം കണ്ടെത്തുകയും, ചുതൗവിനെ തിരികെ നൽകിയാൽ 10,000 യുവാൻ (ഏകദേശം 1.4 ലക്ഷം ഇന്ത്യൻ രൂപ) പ്രതിഫലമായി നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ, ചുതൗ ഒരു തെരുവ് നായയാണെന്ന് കരുതിയെന്നും താൻ വിളിച്ചപ്പോൾ അത് തന്റെ കൂടെ പോന്നതാണെന്നുമാണ് അയാൾ പറഞ്ഞത്. എന്നാൽ ഗുവോ ഇത് നിഷേധിച്ചു. തങ്ങളുടെ സ്വന്തം കൃഷിസ്ഥലത്ത് വിശ്രമിക്കുകയായിരുന്ന ചുതൗവിന്റെ കഴുത്തിൽ കോളറും ട്രാക്കിംഗ് ഉപകരണവും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പിന്നീടുള്ള അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. ചുതൗവിനെ വെറും 180 യുവാന് (ഏകദേശം 2,533 ഇന്ത്യൻ രൂപ) ഒരു റസ്റ്റോറന്റിന് വിറ്റുവെന്നും, അവർ അതിനെ കൊന്നുകറിവെച്ചുവെന്നും അദ്ദേഹം മനസ്സിലാക്കി.
"നായ ചത്തുപോയി, ഇനി ഇതിന്റെ പേരിൽ കൂടുതൽ ബഹളമുണ്ടാക്കേണ്ടതില്ല. ഞാൻ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല," എന്നാണ് പ്രതി ഗുവോയോട് പറഞ്ഞത്. നിരാശനായ അദ്ദേഹം നായയുടെ അവശിഷ്ടങ്ങൾ എങ്കിലും തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിൽ റസ്റ്റോറന്റ് സന്ദർശിക്കുകയും നായയെ കൊന്ന തൊഴിലാളിയോട് സംസാരിക്കുകയും ചെയ്തു. എന്നാൽ "അവന്റെ രോമങ്ങളെല്ലാം പണ്ടേ കുപ്പത്തൊട്ടിയിൽ എറിഞ്ഞു കളഞ്ഞു," എന്നായിരുന്നു തൊഴിലാളിയുടെ മറുപടി.
ഇതിന് പിന്നാലെ ഗുവോ, കുറ്റവാളിക്കെതിരെ പൊലീസിൽ പരാതി നൽകുകയും രേഖകൾ സമർപ്പിക്കുകയും ചെയ്തു. മോഷണം പോയ വസ്തുവിന്റെ മൂല്യം 2,000 യുവാനിൽ കൂടുതലാണെങ്കിൽ മാത്രമേ അതിനെ ഒരു ക്രിമിനൽ കുറ്റമായി കണക്കാക്കി നടപടിയെടുക്കാൻ സാധിക്കൂ എന്ന് സിചുവാൻ വെയ്ക്സു ലോ ഫേമിലെ വക്കീലായ ദു വെയ് മാധ്യമങ്ങളോട് പറഞ്ഞു. ചുതൗവിന്റെ മൂല്യം ആ പരിധിക്ക് മുകളിലാണെന്ന് അധികൃതർ കണ്ടെത്തുകയാണെങ്കിൽ, പ്രതിക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന മോഷണക്കുറ്റം നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
സംഭവം ചൈനയിലെ മൃഗക്ഷേമ സംരക്ഷണ നിയമങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. ഓൺലൈനിൽ വലിയ ദുഃഖത്തിനും പ്രതിഷേധത്തിനും കാരണമായി.
Adjust Story Font
16
