മാസം അഞ്ച് ലക്ഷം രൂപ ശമ്പളമുള്ള ജോലിയിൽ നിന്ന് എന്നെ പിരിച്ചുവിട്ടു; ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമായിരുന്നു അത്; ഇന്ന് സമ്പാദ്യം ലക്ഷങ്ങൾ, ഇങ്ങനെ ചെയ്യൂ; തുറന്ന് പറഞ്ഞ് സംരംഭകൻ
ജോലി നഷ്ടപ്പെടുമ്പോൾ തനിക്ക് 37 വയസായിരുന്നുവെന്നും, രണ്ട് കോടി രൂപയുടെ വായ്പ ഉണ്ടായിരുന്നുവെന്നും യുവാവ് പറയുന്നു

- Updated:
2026-05-22 11:30:24.0

അഞ്ച് ലക്ഷം രൂപ മാസ ശമ്പളമുള്ള ഒരു കോർപ്പറേറ്റ് ജോലി നഷ്ടപ്പെട്ടത് തന്റെ കരിയറും ജീവിതവും എങ്ങനെ മാറ്റിയെന്ന് പങ്കുവെക്കുകയാണ് ഡൽഹി ആസ്ഥാനമായുള്ള ഒരു സംരംഭകൻ. ഓൺലൈനിൽ ഇത് വ്യാപകമായ ചർച്ചയ്ക്കും തുടക്കമിട്ടു.
2018-ൽ ഒരു ചൈനീസ് മൾട്ടിനാഷണൽ കമ്പനിയിൽ ഡയറക്ടറായി ജോലി ചെയ്ത ഗൗരവ് കവത്രയാണ് അനുഭവം പങ്കുവെച്ചത്. ജോലി നഷ്ടപ്പെടുമ്പോൾ തനിക്ക് 37 വയസായിരുന്നുവെന്നും, രണ്ട് കോടി രൂപയുടെ വായ്പ ഉണ്ടായിരുന്നുവെന്നും കവത്ര തന്റെ പോസ്റ്റിൽ പറഞ്ഞു. വർഷങ്ങളുടെ പ്രവൃത്തിപരിചയമുണ്ടായിട്ടും ഉയർന്ന ശമ്പളമുള്ള ജോലി നഷ്ടപ്പെട്ട മറ്റൊരു പ്രൊഫഷണലിനെക്കുറിച്ച് വായിച്ചതാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവെക്കാൻ തനിക്ക് പ്രേരണയായതെന്നും കവത്ര കൂട്ടിച്ചേർത്തു.
കഴിഞ്ഞ രാത്രി താൻ ഒരു ഐഐടി ബിരുദധാരിയെക്കുറിച്ച് വായിച്ചു. 70 ലക്ഷം രൂപ ശമ്പളം, 18 വർഷത്തെ പ്രവൃത്തിപരിചയം. പക്ഷെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഭീമമായ ഇഎംഐ തുക തകർക്കുന്നതിന് മുൻപ് വെറും 2 മാസത്തെ ബാക്കപ്പ് മാത്രമേ അദ്ദേഹത്തിന്റെ പക്കലുള്ളൂ. ഇഎംഐയിൽ യാതൊരു ഇളവും ലഭിക്കാത്തതിനാൽ അദ്ദേഹത്തെ സ്വന്തം വീട് വാടകയ്ക്ക് കൊടുക്കേണ്ടി വന്നുയെന്നും കവത്ര പറഞ്ഞു. ഇത് 2018 സെപ്റ്റംബറിലെ സ്വന്തം അനുഭവത്തെ ഓർമ്മിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
അനുഭവം തന്നെ 2018 സെപ്റ്റംബർ 4, ഉച്ചയ്ക്ക് 12:00 മണിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. തനിക്ക് അന്ന് 37 വയസായിരുന്നു. ഒരു ചൈനീസ് മൾട്ടിനാഷണൽ കമ്പനിയിൽ ഡയറക്ടർ. പ്രതിമാസം അഞ്ച് ലക്ഷം രൂപ ശമ്പളം. രണ്ട് കോടി രൂപയുടെ ഭവനവായ്പ. 2018 സെപ്റ്റംബർ 12-ലെ പിരിച്ചുവിടൽ കത്ത് പ്രകാരം, പ്രവർത്തനമികവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം താങ്കളുടെ സേവനം അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
"നിങ്ങളുടെ പ്രവർത്തനമികവ് വിലയിരുത്തിയ ശേഷം ജോലിയിൽ നിന്ന് മാറാൻ ആവശ്യപ്പെടാൻ മാനേജ്‌മെന്റ് തീരുമാനിച്ച വിവരം ഖേദത്തോടെ അറിയിക്കുന്നു. ഈ കാര്യം നേരത്തെ തന്നെ നിങ്ങളെ അറിയിച്ചിരുന്നതാണെങ്കിലും രാജി സമർപ്പിക്കാൻ നിങ്ങൾ തയ്യാറായില്ല," കത്തിൽ വ്യക്തമാക്കുന്നു. നിയമന വ്യവസ്ഥകൾ അനുസരിച്ച് അദ്ദേഹത്തിന് മൂന്ന് ദിവസത്തെ നോട്ടീസ് കാലാവധി നൽകിയിരുന്നതായും കമ്പനി അറിയിച്ചു.
പിരിച്ചുവിടലിന് ശേഷം ഒന്നുമില്ലാത്തവനായി താൻ പുറത്തേക്ക് നടന്നുവെന്ന് യുവാവ് പറഞ്ഞു. ജോലി നഷ്ടപ്പെട്ടതിന് ശേഷമുള്ള മാസങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാലഘട്ടങ്ങളിൽ ഒന്നായിരുന്നു. പ്രൊഫഷണൽ ജീവിതം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉത്കണ്ഠയും നിരന്തരമായ നിരസിക്കലുകളും നേരിടേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു.
അയൽക്കാർ താൻ വീട്ടിലിരിക്കുന്നത് നോക്കി നിന്നു. മകൾ തന്നോട് ചോദിച്ച ഒരു ചോദ്യത്തിന് മറുപടി ഉണ്ടായിരുന്നില്ല. തൊഴിലില്ലായ്മ തന്റെ മാനസികാരോഗ്യത്തെയും ശാരീരികക്ഷമതയെയും സാരമായി ബാധിച്ചുവെന്ന് കവത്ര പറഞ്ഞു. ആ കാലഘട്ടത്തിൽ താൻ അമിതമായി പുകവലിക്കാൻ തുടങ്ങിയതായും ഉറക്കമില്ലായ്മ അനുഭവിച്ചതായും അദ്ദേഹം തുറന്നുപറഞ്ഞു.
ഉറക്കമില്ലാത്ത രാത്രികളായിരുന്നു അത്. ഒരു രാത്രിയിൽ 12 മുതൽ 15 വരെ സിഗരറ്റുകൾ. ആ ശീലം മാറ്റിയെടുക്കാൻ തനിക്ക് എട്ട് വർഷമെടുത്തു. സമാനമായ സാഹചര്യങ്ങൾ നേരിടുന്നവരോട് അപമാനഭാരമോ ഭയമോ തങ്ങളെ ശാരീരികമായി തകർക്കാൻ അനുവദിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നിങ്ങളുടെ ഭാര്യയോട് സംസാരിക്കൂ. അമ്മയോട് സംസാരിക്കൂ. എത്ര വേണമെങ്കിലും കരയൂ. പക്ഷേ, ഒരു കാരണവശാലും അപമാനം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കാൻ അനുവദിക്കരുത്. നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാം. എന്നാൽ നിങ്ങളുടെ ശരീരം തിരിച്ചുപിടിക്കാനാകില്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.
ജോലി അന്വേഷണത്തിനിടയിൽ നേരിട്ട ഓരോ നിരസിക്കലുകളെയും തുടക്കത്തിൽ വ്യക്തിപരമായാണ് എടുത്തിരുന്നതെന്നും, എന്നാൽ പിന്നീട് ഇത് കൂടുതൽ വിശകലനാത്മകമായി കാണാൻ പഠിച്ചതായും കവത്ര പറഞ്ഞു.
ഓരോ കോളും ട്രാക്ക് ചെയ്യുക. 70 പേർ നിങ്ങളെ അവഗണിക്കും. 30 പേർ നിങ്ങളോട് സഹതാപം കാണിക്കുമെങ്കിലും ഒരു സഹായവും ചെയ്യില്ല. 5 പേർ നിങ്ങൾക്കായി ഒരു വാതിൽ തുറന്നുതരും. ഒരാൾ നിങ്ങളുടെ അടുത്ത ഒരു പതിറ്റാണ്ട് നിർണയിക്കും. ഒരിക്കൽ നിങ്ങളതിനെ ഒരു കളിയായി കണ്ടുതുടങ്ങിയാൽ, അത് നിങ്ങളുടെ ഹൃദയം തകർക്കുന്നത് നിർത്തും. 109-ാമത്തെ കോൾ നിങ്ങൾക്ക് ഫലം തരും. ആദ്യത്തെ 108 കോളുകൾ നിങ്ങൾക്ക് അതിനുള്ള നട്ടെല്ല് നൽകുമെന്നും അദ്ദേഹം എഴുതി
പ്രൊഫഷണൽ സുരക്ഷിതത്വത്തിനായി താൻ തന്റെ കോർപ്പറേറ്റ് പദവിയെയും വിദ്യാഭ്യാസ യോഗ്യതകളെയും എത്രമാത്രം അമിതമായി ആശ്രയിച്ചിരുന്നുവെന്നും യവാവ് ഓർത്തെടുത്തു. കവത്രയുടെ അഭിപ്രായത്തിൽ, ജോലി നഷ്ടപ്പെട്ടതാണ് പ്രായോഗിക ബിസിനസ് കഴിവുകൾ വളർത്തിയെടുക്കാനും ഒരു സംരംഭകത്വ കരിയർ കെട്ടിപ്പടുക്കാനും അദ്ദേഹത്തിന് പ്രേരണയായത്.
ദൈവം തന്റെ കസേര എടുത്തുമാറ്റിയത് യഥാർത്ഥത്തിൽ പ്രാധാന്യമുള്ള കഴിവുകൾ വളർത്തിയെടുക്കാൻ വേണ്ടിയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ബിരുദങ്ങളുടെ കാലാവധി അവസാനിക്കും. എന്നാൽ കഴിവുകൾ എപ്പോഴും വളർന്നുകൊണ്ടേയിരിക്കും. സംരംഭകത്വത്തിലൂടെയും കൺസൾട്ടിംഗിലൂടെയും താൻ തന്റെ കരിയർ പുനർനിർമ്മിച്ചതായി കവത്ര പറഞ്ഞു. 6,500 കോടി രൂപയുടെ പ്രോജക്ടുകൾക്ക് താൻ ഉപദേശം നൽകിയിട്ടുണ്ടെന്നും, 19 സംസ്ഥാനങ്ങളിലായി 65 കോർപ്പറേറ്റുകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നും, 1.6 GW ഷിപ്പ് ചെയ്തിട്ടുണ്ടെന്നും, 0 പോർട്ട്ഫോളിയോ ഡിഫോൾട്ടുകൾ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം തന്റെ പോസ്റ്റിൽ അവകാശപ്പെട്ടു.
ജോലിയിൽ നിന്നുള്ള പിരിച്ചുവിടൽ എന്റെ അവസാനമായിരുന്നില്ല. അത് തന്റെ പുനർജന്മമായിരുന്നു. ഈ അനുഭവം തൊഴിൽ സുരക്ഷിതത്വത്തെക്കുറിച്ചും കോർപ്പറേറ്റ് ജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടിനെ എങ്ങനെ ശാശ്വതമായി മാറ്റിമറിച്ചുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Adjust Story Font
16
