രാഹുലും പ്രിയങ്കയും വീണ്ടും കേരളത്തിലേക്ക്
രണ്ട് ദിവസം വീതം ഇരുവരും പ്രചാരണം നടത്തും. പ്രിയങ്ക കേന്ദ്രീകരിക്കുക പൂര്‍ണമായും വയനാട്ടില്‍.

യു.ഡി.എഫ് ക്യാംപില്‍ ആവേശം തീര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വീണ്ടും കേരളത്തിലെത്തുന്നു. വരുന്ന ചൊവ്വയും ബുധനും കോണ്‍ഗ്രസ് അധ്യക്ഷന്‍ സംസ്ഥാനത്ത് പര്യടനം നടത്തും. ബുധനാഴ്ച കൂടുതല്‍ സമയവും രാഹുല്‍ വയനാട് മണ്ഡലത്തില്‍ കേന്ദ്രീകരിക്കും. ശനിയാഴ്ച കേരളത്തിലെത്തുന്ന പ്രിയങ്ക ഗാന്ധി രണ്ട് ദിവസം വയനാട്ടിലെ വിവിധ ഇടങ്ങളില്‍ പ്രചാരണം നടത്തും.
16ന് പത്തനാപുരം, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ഇടങ്ങളിലാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുക. അന്ന് അന്തരിച്ച മുന്‍മന്ത്രി കെ.എം മാണിയുടെ വസതിയും രാഹുല്‍ സന്ദര്‍ശിക്കും. 16ന് രാത്രി കണ്ണൂരില്‍ തങ്ങുന്ന രാഹുലിന് പിറ്റേന്ന് കണ്ണൂരില്‍ തന്നെയാണ് ആദ്യ പരിപാടി. റോഡ് ഷോയിലടക്കം പങ്കെടുത്ത ശേഷം വയനാട്ടിലേക്ക് തിരിക്കും. തിരുനെല്ലി ക്ഷേത്ര ദര്‍ശനത്തിന് ശേഷം സുല്‍ത്താന്‍ ബത്തേരിയിലെ തെരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് തിരുവമ്പാടി, വണ്ടൂര്‍, തൃത്താല എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് റാലികളെ രാഹുല്‍ അഭിസംബോധന ചെയ്യും.
20ന് കേരളത്തിലെത്തുന്ന പ്രിയങ്ക വയനാട്ടില്‍ കര്‍ഷകരുമായും ആദിവാസികളുമായും കൂടിക്കാഴ്ച നടത്തും. ചില കുടുംബ യോഗങ്ങളില്‍ കൂടി പങ്കെടുത്ത ശേഷം 21ന് ഏറനാട്, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ കേന്ദ്രീകരിക്കും. അന്ന് റോഡ് ഷോയും സംഘടിപ്പിക്കാനാണ് കെ.പി.സി.സി തീരുമാനം. രാഹുലും പ്രിയങ്കയും വീണ്ടും എത്തുന്നതോടെ അവസാന ഘട്ടത്തില്‍ പ്രചാരണ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടല്‍.
Adjust Story Font
16

