Quantcast

ഒളിക്യാമറാ വിവാദം; കേസ് എടുക്കുന്ന കാര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും

ഭൂമി വിവാദത്തില്‍ അഞ്ച് കോടി രൂപ എം.കെ രാഘവന്‍ എം.പി കോഴയായി ആവശ്യപ്പെട്ടെന്നായിരുന്നു സ്വകാര്യ ചാനലിന്‍റെ റിപ്പോര്‍ട്ട്.

MediaOne Logo

Web Desk

  • Published:

    20 April 2019 1:45 AM GMT

ഒളിക്യാമറാ വിവാദം; കേസ് എടുക്കുന്ന കാര്യത്തില്‍  രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും
X

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളിക്യാമറ വിവാദത്തില്‍ കേസ് എടുക്കുന്ന കാര്യത്തില്‍ പൊലീസ് രണ്ടു ദിവസത്തിനുള്ളില്‍ തീരുമാനമെടുക്കും. ഇതു സംബന്ധിച്ച് കണ്ണൂര്‍ റേഞ്ച് ഐ.ജി നല്‍കിയ റിപ്പോര്‍ട്ട് ഡി.ജി.പി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറി. കോഴ വിവാദത്തിലെ ദൃശ്യങ്ങള്‍ കൃത്രിമമല്ലെന്നാണ് കണ്ണൂര്‍ റേഞ്ച് ഐ.ജിയുടെ റിപ്പോര്‍ട്ട്. ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് എം.കെ രാഘവന്‍ പ്രതികരിച്ചു.

ഭൂമി വിവാദത്തില്‍ അഞ്ച് കോടി രൂപ എം.കെ രാഘവന്‍ എം.പി കോഴയായി ആവശ്യപ്പെട്ടെന്നായിരുന്നു സ്വകാര്യ ചാനലിന്‍റെ റിപ്പോര്‍ട്ട്. ഇതിന്‍റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. സംഭവം ചര്‍‌ച്ചയായതോടെ ചാനല്‍ ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് എം.കെ രാഘവന്‍ എം.പി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഇതിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷനും ‍‍ഡി.ജി.പിക്കും ഒരു ഡസന്‍ പരാതികളുമെത്തി.

കോഴ വിവാദത്തിലെ ‍ദൃശ്യങ്ങള്‍ കരുതിക്കൂട്ടി ഉണ്ടാക്കിയതല്ലെന്ന് കണ്ണൂര്‍ റേഞ്ച് ഐ.ജി ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറി. ആരോപണം പ്രഥമദൃഷ്ട്യാ ശരിയാണെന്നും കൂടുതല്‍ പരിശോധന ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഡി.ജി.പി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടി. രണ്ടു ദിവസത്തിനുള്ളില്‍ പൊലീസിന് നിയമോപദേശം ലഭിച്ചേക്കും.അതേ സമയം ആരോപണം കോഴിക്കോട്ടെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് എം.കെ.രാഘവന്‍ പറഞ്ഞു.

TAGS :

Next Story