Quantcast

‘’സുരേഷ് ഗോപി രാഷ്ട്രീയം മോശമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്’’: തൃശൂരിലെ ബി.എസ്‍.പി സ്ഥാനാര്‍ത്ഥി നിഖില്‍ സംസാരിക്കുന്നു

കേരളത്തിലെ 16 മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുകയാണ് ബി.എസ്.പി. പാര്‍ട്ടിയുടെ തൃശൂര്‍ സ്ഥാനാര്‍ത്ഥി നിഖില്‍ ചന്ദ്രശേഖരനാണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക്‍സഭാ സ്ഥാനാര്‍ത്ഥി.. 

MediaOne Logo

ഖാസിദ കലാം

  • Published:

    21 April 2019 4:32 PM GMT

‘’സുരേഷ് ഗോപി രാഷ്ട്രീയം മോശമായി കൈകാര്യം ചെയ്യുന്ന വ്യക്തിയാണ്’’: തൃശൂരിലെ ബി.എസ്‍.പി സ്ഥാനാര്‍ത്ഥി നിഖില്‍ സംസാരിക്കുന്നു
X

കേരളത്തില്‍ നിന്ന് ഇത്തവണ 16 മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടുകയാണ് ദളിത് പിന്നോക്ക ബഹുജന്‍ രാഷ്ട്രീയം പറയുന്ന ബഹുജന്‍ സമാജ്‌ പാര്‍ട്ടി. പാര്‍ട്ടിയുടെ തൃശൂര്‍ സ്ഥാനാര്‍ത്ഥി നിഖില്‍ ചന്ദ്രശേഖരനാണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക്‍സഭാ സ്ഥാനാര്‍ത്ഥി.. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജാജി മാത്യു, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപന്‍, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ്‌ ഗോപി എന്നിവരോടാണ് തൃശ്ശൂരില്‍ നിഖില്‍ മത്സരിക്കുന്നത്... നിഖില്‍ മീഡിയാവണിനോട് സംസാരിക്കുന്നു....

ആരാണ് നിഖില്‍ ചന്ദ്രശേഖരന്‍, ഒന്ന് പരിചയപ്പെടുത്താമോ?

ഞാനൊരു യുവാവാണ്.. 25 വയസ്സാണ് പ്രായം... തൃശൂര്‍ സ്വദേശിയാണ്. അച്ഛന്‍, അമ്മ, ചേട്ടന്‍, അനിയന്‍ എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാണ് കുടുംബം. ചരിത്രത്തില്‍ ബിരുദമുണ്ട്. എം.എ സോഷ്യോളജി ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നു.. കഴിഞ്ഞ നാലുവര്‍ഷമായി സാമൂഹ്യരംഗത്ത് പ്രവര്‍ത്തിച്ചുവരുന്നു. ജാതീയമായും ലിംഗപരമായും ഉള്ള വിവേചനങ്ങള്‍ക്കെതിരെയാണ് പ്രവര്‍ത്തനങ്ങള്‍. നില്‍പ്പ് സമരം, വടയമ്പാടി സമരം, ആദിവാസി മധുവിന്‍റെ കൊലപാതകം തുടങ്ങി കേരളത്തില്‍ നടന്ന പ്രധാന സമരങ്ങളുടെയെല്ലാം ഭാഗമായിട്ടുണ്ട്... പ്രളയ ദുരിതാശ്വാസക്യാമ്പുകളില്‍ സജീവമായിരുന്നു.

രണ്ടുവര്‍ഷം മുമ്പാണ് ബഹുജന്‍ സമാജ്‌ പാര്‍ട്ടി പാര്‍ട്ടിയുടെ ഭാഗമാകുന്നത്. അംബേദ്‍കര്‍ സ്റ്റുഡന്‍റ്സ് കലക്ടീവ് എന്ന സ്റ്റുഡന്‍റ്സ് മൂവ്‍മെന്‍റിന്‍റെ ഭാഗമായാണ് പൊതുപ്രവര്‍ത്തനരംഗത്തേക്കിറങ്ങുന്നത്. ബഹുജന്‍ സമാജ്‌ പാര്‍ട്ടിയിലേക്ക് എത്തുന്നത് അങ്ങനെയാണ്. ഇപ്പോള്‍ ബി.എസ്‍.പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനാണ്... ഒന്നര വര്‍ഷമായി ബഹുജന്‍ സമാജ്‌ പാര്‍ട്ടിയുടെ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റാണ്.

ബി.എസ്.പി പോലുള്ള ഒരു പാര്‍ട്ടിയോട് രാഷ്ട്രീയ ആഭിമുഖ്യം തോന്നാന്‍ എന്താണ് കാരണം?

അടിസ്ഥാന ജനവിഭാഗങ്ങളെ കൂടുതലായി ഉള്‍ക്കൊള്ളുന്ന ഒരു പാര്‍ട്ടിയാണ് ബി.എസ്.പി. മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ചുനോക്കുമ്പോള്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഒരു പാര്‍ട്ടിയാണ്. മറ്റ് പാര്‍ട്ടികളെ പോലെ കോര്‍പ്പറേറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയല്ല. കോര്‍പ്പറേറ്റ് ഫണ്ടൊന്നും സ്വീകരിക്കാതെ സാധാരണക്കാരുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണിത്. അതുകൊണ്ടുതന്നെ ഞങ്ങളെപ്പോലുള്ള ആളുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ഒരു ഇടം പാര്‍ട്ടിയിലുണ്ട്. അതുകൊണ്ടാണ് എന്‍റെ ഈ 25-ാം വയസ്സില്‍ തന്നെ ലോക്‍സഭയില്‍ മത്സരിക്കാനുള്ള ഒരു അവസരം എനിക്ക് കിട്ടിയത്. മറ്റേതെങ്കിലും ഒരു പാര്‍ട്ടിയിലായിരുന്നുവെങ്കില്‍ ഒരു യുവാവിന് ഇങ്ങനെയൊരു അവസരം ലഭിക്കുമായിരുന്നില്ല.

എന്താണ് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ബി.എസ്‍.പി പോലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസക്തി?

കേരളം നമ്പര്‍ വണ്‍ ആണെന്ന് പൊതുവെ എല്ലാവരും പറയുന്നുണ്ടെങ്കില്‍ കൂടിയും ഏറ്റവും മികച്ചത് എന്ന് പറയാന്‍ പറ്റില്ല. ഉത്തരേന്ത്യയില്‍ സംഭവിക്കുന്ന സമാന അവസ്ഥകള്‍ ഇവിടെയും നിലനില്‍ക്കുന്നുണ്ട്. മധുവിന്‍റെ കൊലപാതകമൊക്കെ അതിന് വളരെ വലിയ ഉദാഹരണമാണ്.. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉത്തരേന്ത്യയില്‍ മാത്രമല്ല നടക്കുന്നത്. ഇവിടെയും പ്രണയത്തിന്‍റെ പേരില്‍ പെണ്‍കുട്ടികള്‍ പെട്രോളൊഴിച്ച് കത്തിക്കപ്പെടുന്നുണ്ട്... കേരളത്തിലും നിരവധി സാമൂഹ്യപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുവെന്നതിന് ഉദാഹരണങ്ങളാണിത്... പക്ഷേ, എന്തുകൊണ്ടോ ആരും അതിനെ അഭിമുഖീകരിക്കാന്‍ തയ്യാറാകുന്നില്ല. പകരം കേരളം നമ്പര്‍ വണ്‍ ആണെന്നുമാത്രം പറഞ്ഞ് ഒരു പുകമറ സൃഷ്ടിക്കുകയാണ് ഇവിടെ.. അങ്ങനെ പറയുന്നതുകൊണ്ടാണ് ഇവിടെ പ്രശ്നങ്ങളില്ലാന്ന് തോന്നുന്നത്... കേരളത്തിലെ സാക്ഷരത നിരക്ക് 100 ശതമാനമാണെന്നാണ് പറയുന്നത്, അടിസ്ഥാന വിദ്യാഭ്യാസം പോലും നേടാത്തവര്‍ ഇപ്പോഴും കേരളത്തിലെ ആദിവാസി മേഖലകളില്‍ ഉണ്ട്.. അത് അവിടെ നില്‍ക്കട്ടെ, പത്താംക്ലാസ് കഴിഞ്ഞ കുട്ടികളില്‍ ഇന്ന് എത്ര പേര്‍ക്ക് ഇംഗ്ലീഷ് അല്ലെങ്കില്‍ മലയാളം നന്നായി കൈകാര്യം ചെയ്യാന്‍ കഴിയുന്നവരുണ്ട്.. വിദ്യാഭ്യാസം ഇടയ്ക്കുവെച്ച് നിര്‍ത്തിപ്പോകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.. കോര്‍പ്പറേറ്റുകളുടെ കൈകളിലാണ് ഇന്നും ഭൂമിയുള്ളത്.. സാധാരണക്കാരായ കര്‍ഷകരുടെ കൈകളിലേക്ക് ഇനിയും ഭൂമിയെത്തിയിട്ടില്ല... ഇത്തരത്തിലുള്ള സാമൂഹ്യപ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ബി.എസ്.പിക്ക് മാത്രമേ കഴിയൂ...

കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളായ കോണ്‍ഗ്രസും കമ്യൂണിസ്റ്റും പാര്‍ട്ടികള്‍ കേരളം നമ്പര്‍ വണ്‍ ആണെന്നും കേരളത്തിന് കുഴപ്പമൊന്നുമില്ലെന്നും പറഞ്ഞുകൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ കേരളത്തിന് കുഴപ്പമുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ കേരളം ഇനി മുന്നോട്ടുപോകുകയുള്ളൂ...

ബി.എസ്‍.പിയെന്നാല്‍ അത് മായാവതിയാണ്.. യുവതയ്ക്കും സ്ത്രീകള്‍ക്കും കൊടുക്കുന്ന പരിഗണനയാണ് പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചതെന്നും പറഞ്ഞു.. പക്ഷേ, കേരളത്തില്‍ മത്സരരംഗത്ത് ഒരൊറ്റ സ്ത്രീ പോലുമില്ലല്ലോ പാര്‍ട്ടിക്ക്?

കേരളത്തില്‍ 16 മണ്ഡലങ്ങളിലാണ് ബി.എസ്‍.പി മത്സരിക്കുന്നത്. പാര്‍ട്ടി കേരളത്തിലിപ്പോള്‍ വളര്‍ച്ചയുടെ ഘട്ടത്തിലാണുള്ളത്. പാര്‍ട്ടിക്ക് വനിതാ സ്ഥാനാര്‍ത്ഥിയില്ല എന്നത് വലിയ പ്രശ്നം തന്നെയാണ് എന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നുണ്ട്. പക്ഷേ, പാര്‍ട്ടിയിലേക്ക് പുതിയതായി വന്നുകൊണ്ടിരിക്കുന്ന യുവാക്കള്‍ വിദ്യാസമ്പന്നരാണ്... അവരില്‍ ഡോക്ടര്‍മാരുണ്ട്, അഭിഭാഷകരുണ്ട്. അവരില്‍ ഏറെയും യുവതികളാണ്. ഇവിടെ തൃശൂരില്‍ എനിക്ക് വേണ്ടി പ്രചാരണരംഗത്തിറങ്ങുന്നവരില്‍ കൂടുതല്‍ സ്ത്രീകളാണ്... ഇനി വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ പ്രതിനിധ്യം പാര്‍ട്ടി നല്‍കേണ്ടിവരില്ല. വനിതകളാണ് ഇപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നത് എന്നതിനാല്‍ അത് അങ്ങനെയായി മാറും എന്നതാണ് സത്യം. പുരുഷന്മാരെ അപേക്ഷിച്ച് കൂടുതല്‍ കഴിവുള്ള സ്ത്രീകളാണ് ഇന്ന് ഞങ്ങളുടെ പാര്‍ട്ടിയിലുള്ളത്. അതുകൊണ്ട് തന്നെ സ്ത്രീപ്രാതിനിധ്യം 50 ശതമാനത്തിലും നില്‍ക്കില്ലെന്ന് ഉറപ്പാണ്...

കേരളത്തിലെ ജനങ്ങള്‍ എത്രമാത്രം ബി.എസ്.പി എന്ന പാര്‍ട്ടിയെ പിന്തുണയ്ക്കുന്നുണ്ട്, പ്രതീക്ഷയര്‍പ്പിക്കുന്നുണ്ട്...?

രണ്ട് മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികളും അടിത്തട്ടില്‍ വരെ പ്രവര്‍ത്തിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. പക്ഷേ, ഒരു യുവത്വത്തിന്‍റെ പ്രതിനിധി എന്ന നിലയില്‍ ഇത്തരമൊരു ആശയവുമായി ഞങ്ങള്‍ പ്രചാരണത്തിനിറങ്ങുമ്പോള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പിന്തുണയാണ് ഞങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കുന്നത്. സാധാരണക്കാരായ നിരവധി ജനങ്ങള്‍ ഇത്തരമൊരു രാഷ്ട്രീയത്തെ കാത്തിരിക്കുന്നുണ്ട്. അവര് മറ്റു രാഷ്ട്രീയപാര്‍ട്ടികളുടെ വാഗ്ദാനങ്ങളെല്ലാം മടുത്തവരാണ്. പുതിയ ഒരു രാഷ്ട്രീയം മുന്നോട്ട് വെച്ച്, യുവ സ്ഥാനാര്‍ത്ഥിയായ ഞാന്‍ അവരുടെ മുന്നിലെത്തുമ്പോള്‍ അത്രയ്ക്കാണ് അവരെനിക്ക് നല്‍കിയ പിന്തുണ. മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പോലും, ഇത്തവണ അവരുടെ രാഷ്ട്രീയത്തിന് അതീതമായിട്ടായിരിക്കും അവരുടെ വോട്ടെന്നാണ് ഉറപ്പുതന്നിട്ടുള്ളത്.

പുതിയ തലമുറ അരാഷ്ട്രീയരാണെന്നാണ് പൊതുവെ പറയുന്നത്.. ആ വിഭാഗത്തിന്‍റെ വോട്ടില്‍ ബി.എസ്‍.പിക്ക് പ്രതീക്ഷയുണ്ടോ?

പുതിയ തലമുറ അരാഷ്ട്രീയരാണ് എന്ന ചിന്ത എനിക്കില്ല. അവര്‍ രാഷ്ട്രീയത്തെ വ്യക്തമായി നിരീക്ഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന സമൂഹമാണ്, പ്രത്യേകിച്ചും കേരളത്തില്‍. കേരളത്തിലെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളുടെ യൂത്തിനോടുള്ള സമീപനത്തില്‍ അവര് അസ്വസ്ഥരാണ്. അതുകൊണ്ടാണ് അവര്‍ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടിയുടെ ഭാഗമാകാത്തത്. പക്ഷേ അവര്‍ രാഷ്ട്രീയത്തെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്... അതുകൊണ്ടുതന്നെ എന്‍റെ രാഷ്ട്രീയത്തെപ്പറ്റി ഞാന്‍ പറയുമ്പോള്‍ കേള്‍ക്കാന്‍ കൂടുതല്‍ താത്‍പര്യം കാണിക്കുന്നത് അവരാണ്.. കൂടുതല്‍ പിന്തുണ നല്‍കുന്നത് അവരാണ്.. അതുകൊണ്ടുതന്നെ യൂത്തിന്‍റെ ഭാഗത്തുനിന്നുള്ള സപ്പോര്‍ട്ട് എനിക്കുണ്ടാകും എന്നാണ് പ്രതീക്ഷ.

എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പരിചയസമ്പത്തുള്ളവരാണ്, സെലിബ്രിറ്റികളാണ്.. കടുത്ത മത്സരം തന്നെ നേരിടേണ്ടിവരില്ലേ..?

സുരേഷ് ഗോപി എനിക്ക് വളരെ ബഹുമാനമുള്ള ഒരു സിനിമാനടനാണ്. പക്ഷേ, രാഷ്ട്രീയം വളരെ മോശമായി കൈകാര്യം ചെയ്യുന്ന ഒരാളായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. സുരേഷ് ഗോപി ഒരു സെലിബ്രിറ്റി എന്ന നിലയില്‍ മണ്ഡലത്തില്‍ നിന്നുള്ള വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്... പക്ഷേ, ആ വാര്‍ത്തകളൊന്നും പറയുന്നത് രാഷ്ട്രീയമല്ല. മാധ്യമശ്രദ്ധ കിട്ടാന്‍ വേണ്ടി മാത്രമുള്ള വെറും കോമാളിത്തരങ്ങളാണ് സുരേഷ്‍ഗോപി കാണിച്ചുകൊണ്ടിരിക്കുന്നത്. കണ്ണടച്ചാണ് അമ്പലം വരെ പോയതെന്ന് ഒരാള്‍ പറയുന്നതില്‍ എന്ത് വാര്‍ത്തയാണുള്ളത്. പ്രത്യേകിച്ച് ഈ ഇലക്ഷന്‍റെ സമയത്ത്. മാധ്യമശ്രദ്ധ നേടിയെടുക്കുക എന്നത് മാത്രമാണ് ഈ സൂപ്പര്‍സ്റ്റാറിന്‍റെ ഒരു രീതി. ഇതൊന്നുമല്ല രാഷ്ട്രീയത്തിന്‍റെ ഒരു രീതി.. രാഷ്ട്രീയം പറയുകയും ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും ചെയ്യേണ്ട ആളുകള്‍ വെറും മോശമായ തരത്തില്‍ മാധ്യമശ്രദ്ധ ലഭിക്കാനുള്ള കോമാളിത്തരങ്ങള്‍ കാണിക്കുക.. ഇതൊന്നുമല്ല രാഷ്ട്രീയത്തില്‍ വേണ്ടതെന്ന കാഴ്ചപ്പാടാണ് എനിക്കുള്ളത്. ഒരിക്കലും ഈ സൂപ്പര്‍സ്റ്റാറിനെ ഞാന്‍ ഒരു രാഷ്ട്രീയ എതിരാളിയായിപ്പോലും കാണുന്നില്ല.

മറ്റ് രണ്ട് സ്ഥാനാര്‍ത്ഥികളോടും എനിക്ക് ബഹുമാനമുണ്ട്.. അവര്‍ ശക്തരായ സ്ഥാനാര്‍ത്ഥികളാണ്.. രാഷ്ട്രീയം കൈകാര്യം ചെയ്യുന്നുണ്ട്... പക്ഷേ, കുറച്ചുകൂടി നല്ല രാഷ്ട്രീയം മുന്നോട്ടുവെക്കാന്‍ അവരേക്കാള്‍ എനിക്കും പറ്റുമെന്നതാണ് എന്‍റെ പ്രതീക്ഷ. അത് എന്‍റെ പ്രായത്തിന്‍റെ പ്രശ്നമല്ല... എന്നെ സംബന്ധിച്ചിടത്തോളം വയസ്സ് ഒരു നമ്പര്‍ മാത്രമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്... ഒരു രാഷ്ട്രീയത്തെ കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാന്‍, ജനാധിപത്യം എന്ന് പറയുന്നത് ജനങ്ങള്‍ക്ക് അധികാരം നേടിക്കൊടുക്കാന്‍ കഴിയുന്ന രീതിയിലേക്ക് മാറ്റിയെടുക്കുക എന്നതാണ് ബി.എസ്.പിയും ഞാനും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം. ശക്തമായ രാഷ്ട്രീയമത്സരങ്ങളെ എപ്പോഴും ബി. എസ്‍.പി സ്വാഗതം ചെയ്തിട്ടേയുള്ളൂ... ശക്തമായ രാഷ്ട്രീയമത്സരം ഉണ്ടാകുമ്പോഴാണ് ബി.എസ്.പിയുടെയും ഞങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിന്‍റെയും പ്രസക്തി വര്‍ധിച്ചുവരുന്നത്. ഒരു തെരഞ്ഞെടുപ്പില്‍ ദളിത് പിന്നോക്ക മത ന്യൂനപക്ഷങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുന്നത് ശക്തമായ രാഷ്ട്രീയമത്സരങ്ങള്‍ ഉണ്ടാകുമ്പോഴാണ്. അവിടെ ഞങ്ങള്‍ക്ക് ലഭിക്കുന്ന വോട്ട് നിര്‍ണായകമാകുകയും ആ സാഹചര്യത്തില്‍ ഞങ്ങളുടെ പ്രസക്തി മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ തിരിച്ചറിയുകയും ചെയ്യും. തൃശൂരില്‍ ഞാന്‍ നോക്കി കാണുന്നത് ഒരു ചതുഷ്കോണ മത്സരം ഉണ്ടെന്നാണ്.. ഞങ്ങള്‍ക്ക് കിട്ടുന്ന പിന്തുണ അത്രയേറെയാണ്.. ഞങ്ങള്‍ക്ക് കിട്ടുന്ന വോട്ട് നിര്‍ണായകമായി എല്ലാവരും നോക്കിക്കാണുന്നുണ്ട്... ഇതിലേക്ക് മാറുന്നതാണ് നല്ലത് എന്ന പ്രതീക്ഷ എല്ലാവരും പുലര്‍ത്തുന്നുണ്ട്..

എന്താണ് പ്രചാരണത്തിനിറങ്ങി‍യപ്പോള്‍ കിട്ടിയ ഫീഡ്ബാക്ക്..?

എല്ലാ സമൂഹത്തില്‍ നിന്നും ഞങ്ങള്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. സാമ്പത്തികമായി സഹായിക്കുന്നവരുടെ കൂട്ടത്തില്‍ സവര്‍ണരായവരുണ്ട്. പാര്‍ട്ടിയുടേത് ഒരു വിഭാഗത്തിന്‍റെ രാഷ്ട്രീയമല്ല.. ദളിത് രാഷ്ട്രീയമാണ് ബി.എസ്.പി മുന്നോട്ടുവെക്കുന്നതെന്ന് പൊതുവെ പറയാറുണ്ടെങ്കിലും, ദളിത് രാഷ്ട്രീയം എന്നത് ദളിതര്‍ക്ക് മാത്രമുള്ള രാഷ്ട്രീയമല്ല. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രാഷ്ട്രീയമാണത്. ഈ രാഷ്ട്രീയമാണ് ഞങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

സവര്‍ണവിഭാഗങ്ങളെ ശത്രുവായി കണ്ടിട്ടാണ് ഇക്കാലമത്രയും പിന്നോക്ക രാഷ്ട്രീയം, അല്ലെങ്കില്‍ ദളിത് രാഷ്ട്രീയം മുന്നോട്ടുപോയിരുന്നത്. അതല്ല ബി.എസ്.പിയുടെ രാഷ്ട്രീയം. സവര്‍ണ വിഭാഗത്തിലും പാവപ്പെട്ട ആളുകളുണ്ട്... അപ്പോള്‍, ശത്രുവായി സവര്‍ണരെ കാണുക എന്നത് ഒരു മോശം കാഴ്ചപ്പാടാണ്... അവരിലെ പാവപ്പെട്ട ആളുകള്‍ക്ക് സാമൂഹിക ഉന്നമനം അത്യാവശ്യമാണ്... അവര്‍ക്കുവേണ്ടിയും ബി.എസ്‍.പി പാര്‍ട്ടി നിലക്കൊള്ളും. അതോടൊപ്പം രാഷ്ട്രീയത്തില്‍ അവഗണിക്കപ്പെടുന്ന വിഭാഗങ്ങളായ ദളിത് പിന്നോക്ക മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇവിടെ എത്ര സാധ്യതയുണ്ടെന്ന് നമ്മുടെ സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പരിശോധിച്ചാലറിയാം... തൃശൂരില്‍ ഭൂരിപക്ഷം മുസ്‍ലിം സമുദായത്തിനുണ്ടെങ്കിലും അവര്‍ക്ക് രാഷ്ട്രീയത്തില്‍ ലഭിക്കുന്ന പിന്തുണ വളരെ കുറവാണ്... ബി.എസ്.പി അവരുടെ പ്രശ്നങ്ങള്‍ കുറച്ചുകൂടി നോക്കിക്കാണാന്‍ ശ്രമിക്കുന്നുണ്ട്. അവര്‍ക്കെതിരെയുള്ള അതിക്രമം കൂടുമ്പോഴും അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ ആളില്ല. അവരുടെ വോട്ടുബാങ്കു കണ്ടുകൊണ്ട് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അവരെ നിലനിറുത്തുകയാണ്... നജീബിനെ കാണാതായ സംഭവമാകട്ടെ, യു.എ.പി.എ ചുമത്തുന്ന വിഷയങ്ങളാകട്ടെ... ഒരു തീവ്രവാദിയെന്ന തരത്തിലേക്ക് സമുദായത്തെ ഒന്നടങ്കം നോക്കിക്കാണുകയാണ്... അവരെ മാറ്റിനിര്‍ത്തുകയാണ്. അല്ലാതെ അവരുടെ പ്രശ്നങ്ങള്‍ അഡ്രസ് ചെയ്യാന്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും മുന്നോട്ടുവരുന്നില്ല എന്നത് വസ്തുതയാണ്..

പ്രകടനപത്രികയില്ല, പിന്നെന്താണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം?

ഞങ്ങളുടെ പ്രകടനപത്രിക ഇന്ത്യന്‍ ഭരണഘടനയാണ്. ഞങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പമല്ല, ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 39 ബിയും സിയും പറയുന്നത് ഇന്ത്യയിലെ സമ്പത്ത് എല്ലാവര്‍ക്കും വീതിച്ചു കൊടുക്കണമെന്നാണ്, വരുമാനം ഒരുവിഭാഗം ആളുകളുടെ കയ്യില്‍ കുമിഞ്ഞു കൂടാന്‍ പാടില്ലെന്നാണ്... പക്ഷേ ഇന്ത്യയിലെന്താണ് സംഭവിക്കുന്നത്, ഇന്ത്യ ഭരിക്കുന്നത് തന്നെ കോര്‍പ്പറേറ്റാണ്, അല്ലെങ്കില്‍ ഭരിക്കേണ്ടത് ആരാണെന്ന് തീരുമാനിക്കുന്നത് കോര്‍പ്പറേറ്റുകളാണ്... മറ്റു മൂന്നു പാര്‍ട്ടികളും കോര്‍പ്പറേറ്റ് ഫണ്ട് സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നു... എന്നാല്‍ ബഹുജന്‍ സമാജ്‌ പാര്‍ട്ടി സാധാരണക്കാര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്... ഭരണഘടന ഉറപ്പുവരുത്തുന്ന എന്തും, അത് ജീവിക്കാനുള്ള അവകാശമാണെങ്കിലും, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള അവകാശമാണെങ്കിലും ഇഷ്ടവസ്ത്രം ധരിക്കാനാണെങ്കിലും, ഇതൊന്നും രാജ്യം ഭരിക്കുന്നവര്‍ക്ക് നമുക്ക് നല്‍കാന്‍ കഴിയുന്നില്ല. അവിടെയാണ് ബഹുജന്‍ സമാജ്‌ പാര്‍ട്ടിയുടെ പ്രസക്തി...

TAGS :

Next Story