വാളയാര്‍ കേസിലെ രേഖകള്‍ 10 ദിവസത്തിനകം സി.ബി.ഐക്ക് കൈമാറണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐയ്ക്കും നിര്‍ദ്ദേശം.

വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
സി.ബി.ഐ അന്വേഷണത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ വിജ്ഞാപനത്തില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വാളയാറില്‍ പീഡനത്തിനിരയായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹരജി തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
കുട്ടികളുടെ അമ്മ നല്‍കിയ ഹരജി നേരത്തെ പരിഗണിക്കുന്ന വേളയില്‍ അപാകതകള്‍ പരിഹരിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം പുതുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സി.ബി.ഐയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കിയത്.
സി.ബി.ഐയ്ക്ക് ആവശ്യമായ എല്ലാ രേഖകളും ഇതിനോടകം കൈമാറിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. അതോടൊപ്പം കേസന്വേഷണത്തിനാവശ്യമായ എല്ലാ സഹകരണങ്ങളും സി.ബി.ഐയ്ക്ക് നല്‍കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Adjust Story Font
16

