Quantcast

വയനാട്ടിലെ സ്ഥാനാര്‍ഥിത്വം; രാഹുലിനെതിരെ പ്രചാരണായുധമാക്കാന്‍ ബി.ജെ.പി

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന സൂചന വന്നപ്പോള്‍ തന്നെ അമേഠിയിലെ അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥി സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചത് ഓടിക്കോ രാഹുല്‍ ഓടിക്കോ എന്നായിരുന്നു.

MediaOne Logo

Web Desk

  • Published:

    31 March 2019 5:53 PM IST

വയനാട്ടിലെ സ്ഥാനാര്‍ഥിത്വം; രാഹുലിനെതിരെ പ്രചാരണായുധമാക്കാന്‍ ബി.ജെ.പി
X

വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഉയര്‍ത്തി രാഹുല്‍ ഗാന്ധിക്കെതിരെ പ്രചാരണായുധമാക്കാനൊരുങ്ങി ബി.ജെ.പി. അമേഠിയില്‍ പരാജയഭീതിയുള്ളത് കൊണ്ടാണ് രാഹുല്‍ രണ്ടാമതൊരു മണ്ഡലം തെരഞ്ഞെടുത്തതെന്നാണ് ബി.ജെ.പി പ്രചാരണം. എന്നാല്‍ ദക്ഷിണേന്ത്യയില്‍ തരംഗം ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസിന്റെ നീക്കം.

വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന സൂചന വന്നപ്പോള്‍ തന്നെ അമേഠിയിലെ അദ്ദേഹത്തിന്റെ എതിര്‍ സ്ഥാനാര്‍ഥി സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചത് ഓടിക്കോ രാഹുല്‍ ഓടിക്കോ എന്നായിരുന്നു. അമേഠിയിലെ ജനങ്ങള്‍ രാഹുലിനെ ഓടിച്ചെന്നും സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. ഈ പ്രചാരണം രാജ്യവ്യാപകമായി അഴിച്ചുവിടാന്‍ തന്നെയാണ് ബി.ജെ.പിയുടെ പദ്ധതി.

എന്നാല്‍, അമേഠിയില്‍ നിലവില്‍ രാഹുലിന് പരാജയ സാധ്യതയൊന്നുമില്ല എന്നതാണ് വസ്തുത. ഉത്തര്‍പ്രദേശ് ബി.ജെ.പി തൂത്തുവാരിയിട്ടും ബി.എസ്.പി, ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ചിട്ടും 2014ല്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിനാണ് രാഹുല്‍ ഇവിടെ ജയിച്ചത്. ഇത്തവണ ബി.എസ്.പി, ആം ആദ്മി സ്ഥാനാര്‍ഥികളുമില്ല. എങ്കിലും ഉത്തരേന്ത്യയിലെ മറ്റ് മണ്ഡലങ്ങളിലെ വോട്ടര്‍മാരെ ബി.ജെ.പി പ്രചാരണം സ്വാധീനിച്ചാല്‍ കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കും.

പ്രിയങ്ക ഗാന്ധി വാരാണസിയില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിക്കുകയാണെങ്കില്‍ ഈ പ്രചാരണത്തെ മറികടക്കാനും കോണ്‍ഗ്രസിനാവും. മറുവശത്ത് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിന്റെ പ്രഭാവം കേരളത്തെക്കാള്‍ കര്‍ണാടകയിലാവും കോണ്‍ഗ്രസിന് ഗുണംചെയ്യുക. ജെ.ഡി.എസുമായുള്ള സഖ്യത്തോടെ ബി.ജെ.പിക്കെതിരെ കൈവന്ന മുന്‍തൂക്കം 28 ലോക്‌സഭ സീറ്റിലും വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയും. എ.ഐ.എ.ഡി.എം.കെ വിരുദ്ധവികാരത്തോടൊപ്പം രാഹുല്‍ പ്രഭാവവും ചേരുമ്പോള്‍ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യത്തിന് തമിഴ്‌നാട് തൂത്തുവാരാനും കഴിയും.

TAGS :

Next Story