ഇസ്മാഈല്‍ ഖാആനി; വീണുടഞ്ഞ വിശ്വസ്തതയോ അതോ ഇറാന്റെ നിഗൂഢ തന്ത്രമോ?
നേതാക്കൾ വീണുപോയാലും പോരാട്ടം അവസാനിക്കില്ലെന്ന് പ്രഖ്യാപിക്കുന്ന ഇറാന്റെ ചരിത്രത്തിൽ ഇസ്മാഈൽ ഖാആനി ആരായിരുന്നു? അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിച്ച ഖാആനി ഇന്ന് നിശബ്ദനാക്കപ്പെട്ടിരിക്കുന്നുവോ?

- Published:
14 March 2026 5:45 PM IST

പശ്ചിമേഷ്യന്‍ രാജ്യങ്ങളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും രണ്ടാഴ്ച പിന്നിട്ടിട്ടും അതിരൂക്ഷമായി തുടരുകയാണ്. സംഘര്‍ഷത്തിന്റെ ആദ്യദിനം തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ ഇസ്രായേല്‍ വധിച്ചെങ്കിലും അതിശക്തമായ പ്രത്യാക്രമണങ്ങളിലൂടെ തിരിച്ചടിക്കുന്ന ഇറാനെയാണ് യുദ്ധമാരംഭിച്ച് നാളിതുവരെയും നാം കണ്ടത്. അല്‍ജസീറ റിപ്പോര്‍ട്ട് പ്രകാരം, ഇതിനോടകം ഇറാനില്‍ മാത്രമായി 1300-ലേറെ ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. നിരവധി കുട്ടികളും സ്ത്രീകളുമടക്കം 17,000-ത്തിലധികം സാധാരണക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അടുത്തിടെ പുറത്തുവന്ന ഇറാന്‍ ഔദ്യോഗിക കണക്കുകളില്‍ വ്യക്തമായിരുന്നു.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖാംനഈയെ തെരഞ്ഞെടുക്കുന്നതിനെതിരെ എതിര്‍പ്പുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നെങ്കിലും ലോകപൊലീസെന്ന് സ്വയം ചമഞ്ഞ്, അവകാശധ്വംസനങ്ങള്‍ക്കായി വിളറി പിടിച്ചോടുന്ന അമേരിക്കന്‍ സാമ്രാജ്വത്വ ഇടപെടലുകള്‍ക്ക് നിന്നുകൊടുക്കില്ലെന്ന നിലപാടിലുറച്ച് നില്‍ക്കുകയായിരുന്നു ഇറാന്‍. അല്‍ജസീറയും റഷ്യന്‍ മാധ്യമങ്ങളും നല്‍കിയ വാര്‍ത്തകള്‍ പ്രകാരം, മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഇതിനോടകം റഷ്യയും ഉത്തര കൊറിയയും രംഗത്തെത്തിയെങ്കിലും പുതിയ നേതാവിനെ അധികകാലം വാഴാന്‍ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ ഭീഷണി.
യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തുന്ന ഭീകരാക്രമണങ്ങളുടെയും ഗത്യന്തരമില്ലാതെ ആയുധമെടുക്കാന്‍ നിര്‍ബന്ധിതരായ ഇറാന്റെ തിരിച്ചടികളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെ, പലഘട്ടത്തിലും ജിയോ പൊളിറ്റിക്സ് വിദഗ്ധര്‍ എത്തിച്ചേരുന്ന പേരുകളിലൊന്നാണ് ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഇസ്മാഈല്‍ ഖാആനി. ഇറാന്റെ സ്വത്വബോധത്തിനും നിലനില്‍പ്പിനുമായുള്ള പോരാട്ടങ്ങളിലെല്ലാം സൈന്യത്തോടൊപ്പം നിഴലുപോലെ കൂടെയുണ്ടായിരുന്ന ഖാസിം സുലൈമാനിയുടെ പിന്‍ഗാമിയായി 2020 മുതല്‍ ഖുദ്സ് ഫോഴ്സിന്റെ നായകത്വമേറ്റെടുത്ത ഖാആനിയെ കുറിച്ച് പക്ഷേ, അത്ര സുഖകരമായ വാര്‍ത്തകളല്ല അടുത്തിടെ പുറത്തുവരുന്നത്.
ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയോടൊപ്പം ഖാആനിയും കൊല്ലപ്പെട്ടെന്ന തരത്തിലുള്ള ചില വാര്‍ത്തകള്‍ റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഖാആനി ഈ ആക്രമണത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റ് രഹസ്യതാവളത്തില്‍ ചികിത്സയിലാണെന്നും ഇവരില്‍ ചിലര്‍ പിറ്റേന്ന് മാറ്റിപ്പറയുകയുമുണ്ടായി. ദി നാഷണല്‍, ഫ്രാന്‍സ് 24 എന്നിവ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇസ്മാഈല്‍ ഖാആനി മൊസാദിന്റെ ചാരനാണെന്നും ഇത് തിരിച്ചറിഞ്ഞ ഇറാന്‍ സൈന്യം രഹസ്യമായി അദ്ദേഹത്തെ വധിച്ചുകളഞ്ഞുവെന്നതുമായിരുന്നു കൂട്ടത്തിലേറ്റവും വേഗത്തില്‍ പ്രചരിച്ച അഭ്യൂഹങ്ങളിലൊന്ന്. എന്നാല്‍, തങ്ങളുടെ സൈനികവിഭാഗത്തിലെ പ്രധാന ഫോഴ്സിന്റെ തലവന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെയും ഇറാന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. അഥവാ, യുദ്ധത്തിന്റെ ഭീകരത മുറ്റിയ ചോരക്കറയും വെടിയും പുകയും നേരിട്ട് എയറിലേക്കെത്തിക്കുന്ന ഇറാനിയന്‍ മാധ്യമങ്ങളില്‍ നിന്നുള്ള സ്ഥിരീകരിക്കപ്പെട്ട ഏതാനും വിവരങ്ങള്‍ പ്രകാരം, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്.
ഇസ്മാഈല്‍ ഖാആനിയുടെ രക്തസാക്ഷിത്വത്തെ കുറിച്ചും അദ്ദേഹത്തിന്റെ ചാരവൃത്തിയെ കുറിച്ചുമുള്ള വാര്‍ത്തകള്‍ തൊണ്ട തൊടാതെ വിഴുങ്ങുന്നതിലേക്കാളുപരി ആധികാരികമായ വിവരങ്ങള്‍ക്കായി അല്‍പ്പം കാത്തിരിക്കുന്നതില്‍ തെറ്റില്ലെന്നാണ് കരുതുന്നത്. പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യങ്ങളെ തുടക്കംമുതല്‍ നിരീക്ഷിച്ചുവരുന്ന ഏതൊരാളുടേയും മനസില്‍ ഇതിനോടകം ഇസ്മാഈല്‍ ഖാആനിയുടെ പേര് പതിഞ്ഞിട്ടുണ്ടാകുമെന്നതില്‍ തര്‍ക്കമില്ല. യഥാര്‍ഥത്തില്‍ ആരാണ് ഇസ്മാഈല്‍ ഖാആനി? ഖാസിം സുലൈമാനിക്ക് ശേഷം ഖുദ്സ് ഫോഴ്സിന്റെ തലപ്പത്തെത്തിയ അതിശക്തനായ നേതാവിന് എവിടെയാണ് പിഴച്ചത്? ഉയര്‍ന്നുകേള്‍ക്കുന്ന അഭ്യൂഹങ്ങളുടെ മറവിലെ സത്യാവസ്ഥയെന്ത്? അലി ഖാംനഈക്ക് പിന്നാലെ പ്രത്യാക്രമണം കടുപ്പിച്ച ഇറാന്‍ സൈന്യത്തിന് ഖാആനിയുടെ അജ്ഞാതമായ തിരോധാനത്തില്‍ പങ്കുണ്ടോ? പരിശോധിക്കാം..
സുലൈമാനിയില്‍ നിന്ന് ഖാആനി യുഗത്തിലേക്ക്; ആരാണ് ബ്രിഗേഡിയര്‍ ഇസ്മാഈല്‍ ഖാആനി
ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ(ഐആര്‍ജിസി)ഏറ്റവും പ്രധാനപ്പെട്ട സൈനിക വിഭാഗമായ ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡറാണ് ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മാഈല്‍ ഖാആനി. അല്‍ജസീറ റിപ്പോര്‍ട്ട് പ്രകാരം, 1957-ല്‍ ഇറാന്റെ വടക്കുകിഴക്കന്‍ നഗരമായ മഷ്ഹദില്‍ ജനിച്ച ഇസ്മാഈല്‍ ഖാആനി, 1979-ലെ ഇറാന്റെ ചരിത്രപ്രസിദ്ധമായ ഇസ്ലാമിക് വിപ്ലവത്തില്‍ അത്ര സജീവമായിരുന്നില്ല. 1980-ല്‍ ഇറാന്‍- ഇറാഖ് യുദ്ധത്തിന്റെ തുടക്കത്തിലാണ് ഐആര്‍ജിസിയില്‍ അദ്ദേഹം ചേരുന്നത്. തെഹ്‌റാനിലെ ഇമാം അലി ഓഫീസേഴ്‌സ് അക്കാദമിയില്‍ 35 ദിവസത്തെ പരിശീലനം. തുടര്‍ന്ന് മഷ്ഹദ് ആസ്ഥാനമായ നസര്‍-5 ഡിവിഷന്‍ രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. പിന്നീടാണ് ഇമാം റാസ-21 ഡിവിഷന്റെ കമാന്‍ഡറായി രംഗപ്രവേശനം നടത്തുന്നത്. തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ ഇറാഖിനെതിരെ പോരാടി, കുര്‍ദ് വിഘടനവാദികളെ അടിച്ചമര്‍ത്തുന്നതിനായി, ഇറാനിലുള്ള കുര്‍ദിസ്ഥാനിലും അദ്ദേഹം നിയമിതനായി. ഈ കാലഘട്ടത്തിലാണ് ഇറാന്റെ ചരിത്രത്തിലെ പ്രോജ്ജ്വലമായ അധ്യായം, ഖാസിം സുലൈമാനിയുമായി ഖാആനി സൗഹൃദം സ്ഥാപിക്കുന്നത്.
അങ്ങേയറ്റം നേതൃഗുണവും തന്ത്രജ്ഞരുമായ ഇരുവരും തമ്മിലുള്ള സൗഹൃദം, വളരെ വേഗം വളര്‍ന്നു. ആ സൗഹൃദത്തിന്റെ ഉപോല്‍പ്പന്നമായി അധികം വൈകാതെ ആയത്തുല്ല അലി ഖാംനഈയുമായി പരിചയം സ്ഥാപിക്കാന്‍ ഖാആനിക്ക് സാധിച്ചു. ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഐആര്‍ജിസി ഗ്രൗണ്ട് ഫോഴ്‌സിലെ മഷ്ഹദ് ഡിവിഷന്‍ ഡെപ്യൂട്ടിയായും അദ്ദേഹം ചുമതലയേറ്റു. 1990-കളില്‍ കുദുസ് ഫോഴ്‌സിലേക്ക് മാറിയ ഖാആനി, അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, മധ്യേഷ്യന്‍ രാജ്യങ്ങള്‍ എന്നിവയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കമാന്‍ഡറായി. ആഗോളതലത്തില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടിരുന്ന പ്രതിസന്ധിയായ മയക്കുമരുന്ന് കടത്തിനെതിരെ പോരാടുകയും താലിബാനെതിരെ നോര്‍ത്ത് അലയന്‍സിനെ പിന്തുണക്കുകയും ചെയ്ത ഖാആനിയുടെ നിലപാടുകളും ലോകം ചര്‍ച്ച ചെയ്തിരുന്നു.
1997-ലാണ് ഖുദ്സ് ഫോഴ്‌സ് ഡെപ്യൂട്ടി കമാന്‍ഡറായി ഖാസിം സുലൈമാനിയുടെ കീഴില്‍ ഖാആനി വരുന്നത്. 1997 മുതല്‍ 2020 വരെ ദീര്‍ഘകാലം ഡെപ്യൂട്ടി പദവിയിലിരുന്നു. ഖാസിം സുലൈമാനി അക്കാലങ്ങളില്‍ മിഡില്‍ ഈസ്റ്റിലെ പ്രോക്‌സി ശക്തികളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍, കിഴക്കന്‍ മേഖലകളില്‍ (അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, മധ്യേഷ്യ) എന്നിവിടങ്ങളിലായിരുന്നു ഖാആനിയുടെ ശ്രദ്ധ. അഫ്ഗാന്‍ ഷിയാ മിലീഷ്യ രൂപീകരിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് ചില്ലറയൊന്നുമല്ല. ഹമാസ്, ഹിസ്ബുല്ല തുടങ്ങിയ സായുധ വിഭാഗങ്ങള്‍ക്ക് ഫണ്ടിംഗ്, ആയുധങ്ങള്‍ എന്നിവ എത്തിച്ചുകൊടുത്തതിന് പിന്നിലെ ലോജിസ്റ്റിക് തന്ത്രങ്ങള്‍ ഖാആനി ചൊല്ലിക്കൊടുത്തതായിരുന്നു.
കുദുസ് ഫോഴ്‌സ് തലപ്പത്തേക്ക്
2020-ജനുവരിയില്‍ അമേരിക്കന്‍ ഡ്രോണാക്രമണത്തില്‍ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ പിന്‍ഗാമിയായി ആയത്തുല്ല അലി ഖാംനഈ നേരിട്ട് നിയമിച്ച ആളാണ് ഇസ്മാഈല്‍ ഖാആനി. സുലൈമാനിയുടെ കാലത്ത് ഖുദ്സ് ഫോഴ്‌സ് മിഡില്‍ ഈസ്റ്റിലെ ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സ് (ഹിസ്ബുല്ല, ഹമാസ്, ഹൂത്തികള്‍, ഇറാഖിലെ ശിയ മിലിഷ്യകള്‍)ശക്തിപ്പെടുത്തിക്കൊണ്ട് ഇറാന്റെ പ്രാദേശിക സ്വാധീനം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഖാആനിയുടെ കാലഘട്ടമെന്നത് തികച്ചും വ്യത്യസ്തമായിരുന്നു. ഇസ്രയേലിന്റെ തുടര്‍ച്ചയായ വധശ്രമങ്ങളും സൈബര്‍ അറ്റാക്കുകളും ഇറാന്റെ പ്രോക്‌സി നെറ്റ്വര്‍ക്കിനെ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നതിനിടയാണ് ഖുദ്സ് ഫോഴ്‌സിന്റെ തലപ്പത്തേക്കുള്ള ഖാആനിയുടെ കടന്നുവരവ്.
ഖാസിം സുലൈമാനിയുടെ അത്രയ്ക്ക് അറബി ഭാഷാ പരിജ്ഞാനമോ വ്യക്തിപ്രഭാവമോ ഇല്ലാതിരുന്ന ഖാആനി, പലപ്പോഴും ലോജിസ്റ്റിക്‌സ്, ഫണ്ടിംഗ്, പിന്നണി പ്രവര്‍ത്തനങ്ങള്‍ എന്നിവയിലായിരുന്നു കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നത്. 2020- 24 കാലഘട്ടത്തിലുണ്ടായ ആക്രമണങ്ങള്‍, (ഒക്ടോബര്‍ ഏഴിലെ ആക്രമണം, പ്രത്യാക്രമണം, ഫണ്ടിംഗ്, ട്രെയിനിങ്) ഇസ്രായേല്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും എത്തിച്ചു നല്‍കിയതില്‍ ചെറുതല്ലാത്ത പങ്ക് ഖാആനിയുടേതാണ്.
വെല്ലുവിളികളും പരാജയങ്ങളും
ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് ശേഷം ഇറാന്റെ പ്രോക്‌സി നെറ്റ്വര്‍ക്കുകള്‍ ദുര്‍ബലമാക്കപ്പെട്ടതിനെ കുറിച്ച് നേരത്തെ സൂചിപ്പിച്ചു കഴിഞ്ഞു. ഇത് സുലൈമാനിയുടെ കാലത്തെ അപേക്ഷിച്ച് ഇറാന്റെ പ്രതിരോധനിരയെ കാര്യമായി ദുര്‍ബലമാക്കുന്നതിനിടയാക്കി.
രാജ്യത്തിന് നേരെ ഉയരുന്ന ഭീഷണികള്‍ക്കും ആക്രമണങ്ങള്‍ക്കും തക്കതായ പ്രത്യാക്രമണങ്ങള്‍ നല്‍കുന്നുണ്ടെങ്കിലും, വ്യവസ്ഥാപിതമായ പ്രതിരോധ സംവിധാനങ്ങള്‍ തീര്‍ക്കുന്നതില്‍ തെല്ലൊന്ന് പാളിപ്പോയ ഇറാനെയാണ് അടുത്തിടെ നാം കണ്ടത്. സമീപ കാലയളവിലായി ഇറാന്റെ സുപ്രധാന നേതാക്കളെ തേടി ഇസ്രായേല്‍ ഇന്റലിജന്‍സ് വിഭാഗം നിരന്തരം തൊടുത്തുവിട്ട മിസൈലുകളൊക്കെയും അതിനുദാഹരണം.
ഇസ്മാഈല്‍ ഖാആനിക്ക് നേരെയും നിരവധി തവണ ഇസ്രായേലിന്റെ മിസൈല്‍വര്‍ഷം പാഞ്ഞടുത്തു. ഈ ആക്രമണങ്ങളിലെല്ലാം ഖാആനി കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത ചൂടപ്പം പോലെ രാജ്യത്തുടനീളം പ്രചരിച്ചിരുന്നെങ്കിലും ഒന്നും സംഭവിക്കാത്ത മട്ടില്‍ തിരിച്ചെത്തിയ ഖാആനി 'ഒമ്പത് ജീവനുള്ള മനുഷ്യന്‍' എന്ന വിശേഷണം നേടിയെടുത്തു. 2024- ഒക്ടോബറിലെ ബെയ്‌റൂത്ത് ആക്രമണം, 2025-ല്‍ 12 ദിവസം നീണ്ടുനിന്ന യുദ്ധം എന്നിവയിലെല്ലാം അത്തരത്തിലുള്ള ആക്രമണങ്ങളും കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കുമൊടുവില്‍ ഐതിഹാസികമായി ഖാആനി മടങ്ങിവന്ന വാര്‍ത്തയും കണ്ടവരാണ് നാം...
സാമ്രാജ്യത്വ വിരുദ്ധ ശക്തികള്‍ക്കെതിരെ ഖാആനി സ്വീകരിച്ച നിലപാടുകള്‍
അമേരിക്കന്‍ സാമ്രാജ്യത്വ അജണ്ടകള്‍ക്കെതിരെയും യുദ്ധക്കൊതിക്കുമെതിരെ ശക്തമായ നിലപാടുകള്‍ തന്റെ പ്രസ്താവനകളിലൂടെ ഖാആനി ആവര്‍ത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. ഇറാനിയന്‍ ഇസ്ലാമിക് വിപ്ലവത്തിന്റെ ആശയധാരയില്‍ അമേരിക്കയെ 'ഗ്രേറ്റ് ശൈതാന്‍' ആയി കാണുന്നതിന്റെ ബാക്കിപത്രമാണിത്.
ഖാസിം സുലൈമാനിയുടെ വധത്തിനു ശേഷം 2020-ല്‍ അദ്ദേഹം പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു: 'എല്ലാവരോടും ഒരുകാര്യം മാത്രം പറയാം, ക്ഷമയോടെ കാത്തിരിക്കൂ; മിഡില്‍ ഈസ്റ്റിലെമ്പാടും അമേരിക്കക്കാരുടെ മൃതദേഹങ്ങള്‍ വൈകാതെ കാണാം.' ഇത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെയുള്ള പ്രതികാര- ഭീഷണിയുടെ ശക്തമായ പ്രതിധ്വനിയായിരുന്നു.
2017-ലും സമാനമായ രീതിയില്‍ അദ്ദേഹം പ്രസ്താവന നടത്തുകയുണ്ടായി: 'അമേരിക്ക ഞങ്ങളില്‍ നിന്ന് കൂടുതല്‍ നഷ്ടങ്ങള്‍ നേരിട്ടിട്ടുണ്ട്, ഞങ്ങള്‍ അവരില്‍ നിന്ന് നേരിട്ടതിനേക്കാള്‍': ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്കന്‍ സൈന്യത്തിനുണ്ടായ നഷ്ടങ്ങള്‍ ഇറാന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണെന്നതിന്റെ സൂചനയായിരുന്നു അത്. ട്രംപിന്റെ ഭീഷണികള്‍ അമേരിക്കയ്ക്ക് തന്നെയാണ് ക്ഷീണമുണ്ടാക്കുന്നതെന്നായിരുന്നു ഖാആനിയുടെ പ്രതികരണം. 'ട്രംപിനെപ്പോലുള്ളവരെ ഞങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ട്, അമേരിക്കയോട് എങ്ങനെ പോരാടണമെന്ന് ഞങ്ങള്‍ക്കറിയാം.' അദ്ദേഹം പറഞ്ഞു.
അമേരിക്ക ഷിയ-സുന്നി വിഭജനം സൃഷ്ടിക്കാനും മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും, അതിനെതിരെ ഇറാനും പ്രതിരോധ മുന്നണിയും (Axis of Resistance) നിലകൊള്ളുന്നുവെന്നും പലപ്പോഴായി ഖാആനി പറഞ്ഞിട്ടുണ്ട്. അമേരിക്കയുടെ ഇറാഖ്-അഫ്ഗാന്‍ യുദ്ധങ്ങളിലുണ്ടായ വന്‍ നഷ്ടങ്ങള്‍ (7 ട്രില്യണ്‍ ഡോളറും 7000 സൈനികരും) ഇറാന്റെ പ്രതിരോധത്തിന്റെ വിജയമായി അദ്ദേഹം ചിത്രീകരിച്ചു.
അമേരിക്കയും ഇസ്രായേലും ചേര്‍ന്നുള്ള ആക്രമണങ്ങള്‍ക്കെതിരെ 'നരകത്തിന്റെ കവാടങ്ങള്‍ ശത്രുക്കള്‍ക്ക് തുറന്നുതന്നിരിക്കുമെന്ന്' ഭീഷണി മുഴക്കിയ ഖാആനി, അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക് സല്‍മാന്‍ റുഷ്ദിയുടെ രഹസ്യജീവിതം പഠിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇറാന്റെ മുതിര്‍ന്ന സൈനികരുടെ രക്തത്തിന് പ്രതികാരം ചെയ്യുമെന്നും മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഇസ്മായില്‍ ഖാആനിയുടെ തിരോധാനം ഇറാന് വെല്ലുവിളിയോ? ചാരവൃത്തി ആരോപണങ്ങളും നിഗൂഢതകളും
യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ ഇറാനില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണം രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം ലോകമൊന്നടങ്കം ഉറ്റുനോക്കുന്ന സുപ്രധാന സംഘര്‍ഷങ്ങളിലൊന്നായി ഇറാന്‍- ഇസ്രായേല്‍ -യുഎസ് സംഘര്‍ഷം മാറിയിട്ടുണ്ടെന്നുള്ളതില്‍ തര്‍ക്കമില്ല. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ ആയത്തുല്ല അലി ഖാംനഈയോടൊപ്പം ഖാആനിയും കൊല്ലപ്പെട്ടുവെന്നാണ് ഏറ്റവുമൊടുവിലായി സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
എന്നാല്‍ ഈ വാര്‍ത്തയില്‍ എത്രമാത്രം സത്യമുണ്ട്? ഇസ്മായില്‍ ഖാആനിയുടെ തിരോധാനം, അദ്ദേഹം ഒരു മൊസാദ് ഏജന്റാണെന്നും ഇത് തിരിച്ചറിഞ്ഞ ഇറാന്‍ സൈന്യം രഹസ്യമായി അദ്ദേഹത്തെ വധിച്ചു കളഞ്ഞെന്നുമടക്കമുള്ള അഭ്യൂഹങ്ങള്‍ക്ക് തിരി തെളിയിച്ചിട്ടുണ്ട്. ഇസ്രായേലിലേക്ക് അതിസമര്‍ത്ഥമായി അദ്ദേഹം കടന്നുകളഞ്ഞെന്ന് പറയുന്നവരും ഏറെയാണ്.
എന്നാല്‍, രാജ്യത്തിന്റെ നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടങ്ങളിലെല്ലാം മുന്നില്‍ നിന്ന് നയിച്ച നായകന്റെ രാജ്യദ്രോഹത്തെ കുറിച്ച് ഇറാന്‍ ഇതുവരെയും സ്ഥിരീകരണങ്ങളോ പ്രതികരണങ്ങളോ നടത്തിയിട്ടില്ല. മാത്രമല്ല, ചില പ്രോ ഇറാന്‍ ചാനലുകാര്‍ ഇസ്മാഈല്‍ ഖാആനി ജീവിച്ചിരിപ്പുണ്ടെന്ന് തന്നെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് തെളിയിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. എങ്കിലും പൊതുപരിപാടികളിലെ അഭാവവും യുദ്ധ മേഖലയിലെ ഖുദ്സ് ഫോഴ്‌സ് തലവന്റെ നിശബ്ദതയും ജിയോ പൊളിറ്റിക്‌സ് നിരീക്ഷകര്‍ക്കിടയിലും യുദ്ധതന്ത്രങ്ങള്‍ മെനയുന്നവര്‍ക്കിടയിലും അല്പം സംശയങ്ങള്‍ക്ക് ഇടവരുത്താതിരിക്കുന്നില്ല. അറസ്റ്റ്, രക്തസാക്ഷിത്വം, രഹസ്യ ജീവിതം ഇതിനൊന്നും ഔദ്യോഗിക സ്ഥിരീകരണം ഇല്ലാതിരിക്കെ ഇതുവരെയും ഉയര്‍ന്നുകേട്ടതെല്ലാം ഊഹാപോഹങ്ങളെന്ന് കരുതാനേ കഴിയുകയുള്ളൂ.
പുറത്തുവരുന്ന അഭ്യൂഹങ്ങളും നിഗൂഢതകളും എന്തുതന്നെയായാലും ഒരു നേതാവ് വീണുപോയെന്നു കരുതി ഇറാനിയന്‍ പ്രതിരോധവും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടവും അവസാനിക്കുമെന്ന് കരുതിയെങ്കില്‍ തെറ്റി. ഇറാന്റെ പോരാട്ടങ്ങളൊന്നും ഒറ്റ നേതാവിന്റെ ജീവനിലോ അഭാവത്തിലോ തകര്‍ന്നു തരിപ്പണമാകുന്നതല്ലെന്ന് അവരുടെ ചരിത്രം പരിശോധിച്ചിട്ടുള്ള ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്നതാണ്. ദീര്‍ഘകാലം തങ്ങളുടെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖാംനഈ രക്തസാക്ഷിത്വം വരിച്ചതിനുശേഷം മുജ്ത്തബ ഖാംനഈ ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. യുദ്ധഭൂമിയിലെ ഇറാനിയന്‍ കരുത്തായിരുന്ന ഖാസിം സുലൈമാനിക്കു പിന്നാലെ ഇസ്മാഈല്‍ ഖാആനി രംഗപ്രവേശനം നടത്തിയതും ആ ചരിത്രത്തിലുണ്ട്. മുന്നില്‍ നിന്ന് നയിക്കുന്ന നേതാക്കള്‍ ഒന്നൊന്നായി വീണുപോയാലും സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ വീണ്ടും ഉയര്‍ന്നുവരുന്ന നേതാക്കളിലൂടെ ഇറാന്‍, ഈ പോരാട്ടം തുടരുക തന്നെ ചെയ്യും.
Adjust Story Font
16
