തൊഴിലിടങ്ങളിലെ ലിംഗ നീതി; കേരളം സ്വീകരിക്കേണ്ട പുതിയ പാഠങ്ങൾ
ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരുഷന്മാരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പെൺകുട്ടികൾ, തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ പല കാരണങ്ങളാൽ പുറന്തള്ളപ്പെടുന്നു. 2024-25 കാലയളവിലെ പിരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം കേരളത്തിലെ സ്ത്രീ തൊഴിൽ പങ്കാളിത്തം 35.3% ആയി ഉയർന്നിട്ടുണ്ടെങ്കിലും, യുവതികളുടെ (15-29 വയസ്സ്) തൊഴിലില്ലായ്മ നിരക്ക് 47.1% എന്ന ഗൗരവകരമായ അവസ്ഥയിൽ തുടരുകയാണ്

- Published:
8 March 2026 9:12 PM IST

കേരളത്തിന്റെ വികസന മാതൃക ലോകമെമ്പാടും പ്രശംസിക്കപ്പെടുമ്പോഴും, അതിനുള്ളിലെ ഏറ്റവും വലിയ വൈരുധ്യം അഭ്യസ്തവിദ്യരായ സ്ത്രീകളുടെ തൊഴിലില്ലായ്മയാണ്. ഉന്നതവിദ്യാഭ്യാസ രംഗത്ത് പുരുഷന്മാരേക്കാൾ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പെൺകുട്ടികൾ, തൊഴിൽ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ പല കാരണങ്ങളാൽ പുറന്തള്ളപ്പെടുന്നു. 2024-25 കാലയളവിലെ പിരിയോഡിക് ലേബർ ഫോഴ്സ് സർവേ (PLFS) പ്രകാരം കേരളത്തിലെ സ്ത്രീ തൊഴിൽ പങ്കാളിത്തം (LFPR) 35.3% ആയി ഉയർന്നിട്ടുണ്ടെങ്കിലും, യുവതികളുടെ (15-29 വയസ്സ്) തൊഴിലില്ലായ്മ നിരക്ക് 47.1% എന്ന ഗൗരവകരമായ അവസ്ഥയിൽ തുടരുകയാണ്.
അസംഘടിത മേഖലയും അവകാശ നിഷേധവും
കേരളത്തിലെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന പ്രധാന വെല്ലുവിളി സംഘടനാപരമായ ശാക്തീകരണത്തിന്റെ അഭാവമാണ്. പുരുഷാധിപത്യമുള്ള മേഖലകളിൽ ശക്തമായ യൂണിയനുകൾ കൂലി നിശ്ചയിക്കാനും അവകാശങ്ങൾക്കായി പോരാടാനും നിലവിലുണ്ട്. എന്നാൽ അസംഘടിത മേഖലയിൽ പണിയെടുക്കുന്ന ലക്ഷക്കണക്കിന് സ്ത്രീകൾക്ക് തങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ കൃത്യമായ വേദികളില്ല. വീട്ടുജോലിക്കാരോ കൂലിപ്പണിക്കാരോ ആയ സ്ത്രീകൾക്ക് ആവശ്യങ്ങളുന്നയിക്കാനും അവകാശങ്ങൾക്കായി പോരാട്ടം നടത്താനും വേദിയില്ലാത്ത അവസ്ഥ കാര്യങ്ങൾ വഷളാക്കുന്നു. 'യൂണിയൻ ഇല്ലായ്മ' സ്ത്രീകളെ കൂടുതൽ ചൂഷണങ്ങളിലേക്ക് നയിക്കുന്നുവെന്ന് സാരം. ഭരണഘടനാപരമായ 'തുല്യ ജോലിക്ക് തുല്യ വേതനം' എന്ന തത്വം അസംഘടിത മേഖലയിൽ ഇന്നും പൂർണ്ണമായി നടപ്പിലായിട്ടില്ല. കേരളത്തിലെ ശരാശരി വേതന നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണെങ്കിലും, സ്ത്രീ-പുരുഷ വേതന വിടവ് ഇന്നും നിലനിൽക്കുന്നു.
ജൈവിക തടസ്സങ്ങളും 'മാതൃത്വ പിഴ'യും (Motherhood Penalty)
തൊഴിലിടങ്ങളിലെ ലിംഗവിവേചനം പലപ്പോഴും ജൈവികമായ കാരണങ്ങളാൽ സ്വാഭാവികവൽക്കരിക്കപ്പെടുന്നു. ആർത്തവം പോലുള്ള ശാരീരിക പ്രക്രിയകളെ ഉൾക്കൊള്ളാൻ നമ്മുടെ തൊഴിൽ സംസ്കാരം ഇനിയും പാകപ്പെട്ടിട്ടില്ല. ആർത്തവ അവധി പോലുള്ള ചർച്ചകൾ സജീവമാണെങ്കിലും, സ്വകാര്യ മേഖലയിൽ ഇത്തരം അവകാശങ്ങൾ ആവശ്യപ്പെടുന്നത് തൊഴിൽ നൈപുണ്യത്തിലെ കുറവായാണ് പലപ്പോഴും വിലയിരുത്തപ്പെടുന്നത്.
ഇതിനോടൊപ്പം തന്നെ സ്ത്രീകളുടെ കരിയർ വളർച്ചയെ തടയുന്ന മറ്റൊരു ഘടകമാണ് 'മാതൃത്വത്തിന്റെ പിഴ'(Motherhood Penalty). പ്രസവാവധിക്ക് ശേഷം തിരിച്ചെത്തുന്ന സ്ത്രീകൾക്ക് കരിയർ ബ്രേക്കുകൾ സംഭവിക്കുന്നതും, അവരുടെ പഴയ പദവികൾ നഷ്ടപ്പെടുന്നതും സാധാരണമാണ്. ഏകദേശം 40 ശതമാനത്തോളം സ്ത്രീകൾ വിവാഹശേഷമോ പ്രസവത്തിനു ശേഷമോ കരിയർ തുടരാനാകാതെ സ്വകാര്യ മേഖലയിൽ നിന്ന് പുറത്തുപോകുന്നു.
സർക്കാർ - സ്വകാര്യ മേഖലകളിലെ വിടവ്
കേരളത്തിലെ തൊഴിൽ വിപണിയിൽ സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിൽ പ്രകടമായ ലിംഗവ്യത്യാസമുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ സർക്കാർ സർവീസിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ കൂടുതലാണ്. കേരളത്തിലെ സ്റ്റേറ്റ് ഗവൺമെന്റ് ജീവനക്കാരിൽ 40.7% പേർ സ്ത്രീകളാണ്. സുരക്ഷിതത്വം, കൃത്യമായ ശമ്പളം, പ്രസവാവധി തുടങ്ങിയ ആനുകൂല്യങ്ങളാണ് സ്ത്രീകളെ ഇവിടേക്ക് ആകർഷിക്കുന്നത്. പിഎസ്സി വഴിയുള്ള പുതിയ നിയമനങ്ങളിൽ 60 ശതമാനത്തോളം സ്ത്രീകൾ മുന്നിലെത്തുന്നു. സ്കൂൾ അധ്യാപകരിൽ 70 ശതമാനത്തിലധികവും സ്ത്രീകളാണ്. ആരോഗ്യമേഖലയിൽ കണക്ക് ഇതിനേക്കാൾ കൂടുതലാണ്. എന്നാൽ സർക്കാർ മേഖലയ്ക്ക് ഉൾക്കൊള്ളാൻ കഴിയുന്ന ഉദ്യോഗാർഥികളുടെ എണ്ണം വളരെ പരിമിതമാണെന്നത് ബാക്കി 90% സ്ത്രീകളെയും തൊഴിൽരഹിതരാക്കുന്നു.
അതേസമയം, സ്വകാര്യ മേഖലയിലെ സ്ത്രീ പങ്കാളിത്തം പലപ്പോഴും 'ഗ്ലാസ് സീലിങ്' പ്രതിഭാസത്തിന് വിധേയമാണ്. അതായത്, താഴെത്തട്ടിൽ സ്ത്രീകൾ ഉണ്ടെങ്കിലും ഉയർന്ന പദവികളിലെത്തുന്ന സ്ത്രീകളുടെ എണ്ണം പാടെ കുറയുന്നു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഐടി പാർക്കുകളിൽ സ്ത്രീ പങ്കാളിത്തം ഏകദേശം 40-45% ആണ്. ഇത് താരതമ്യേന മെച്ചപ്പെട്ട നിരക്കാണ്.
നിർമ്മാണ മേഖലയിലാണ് ഏറ്റവും വലിയ കുറവുള്ളത്. തമിഴ്‌നാട്ടിൽ ഫാക്ടറി തൊഴിലാളികളിൽ പകുതിയിലധികവും സ്ത്രീകളാണെങ്കിൽ കേരളത്തിൽ ഇത് 15-20% ൽ താഴെ മാത്രമാണ്.
കുടുംബശ്രീ
കേരളത്തിലെ സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിൽ കുടുംബശ്രീ മിഷൻ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. 46 ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ പ്രസ്ഥാനം സൂക്ഷ്മ സംരംഭങ്ങളിലൂടെയും അയൽക്കൂട്ട വായ്പകളിലൂടെയും സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കി. കൃഷി, മൃഗസംരക്ഷണം, മാലിന്യ സംസ്കരണം (ഹരിതകർമ്മസേന) എന്നീ മേഖലകളിൽ സ്ത്രീകൾക്ക് കൃത്യമായ വരുമാനം ഉറപ്പാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞു.
എങ്കിലും, ഉന്നത വിദ്യാഭ്യാസം നേടിയ യുവതികളെ വൈജ്ഞാനിക തൊഴിൽ വിപണിയിലേക്ക് എത്തിക്കുന്നതിൽ കുടുംബശ്രീയുടെ പുതിയ സ്റ്റാർട്ടപ്പുകൾ ഇനിയും ഒരുപാട് വളരേണ്ടതുണ്ട്.
കെയർ ഇക്കണോമിയും ജെൻഡർ ബജറ്റിംഗും
വിവാഹം എന്ന സാമൂഹിക സ്ഥാപനം സ്ത്രീകളുടെ പ്രൊഫഷണൽ വളർച്ചയ്ക്ക് പലപ്പോഴും വിഘാതമാകുന്നതായാണ് പഠനങ്ങൾ. കുടുംബ ഉത്തരവാദിത്തങ്ങൾ സ്ത്രീയുടെ മാത്രം ചുമലിലാകുന്നതോടെ അവർക്ക് 'ഡബിൾ ഡ്യൂട്ടി' എടുക്കേണ്ടി വരുന്നു. ഇത് പരിഹരിക്കാൻ സർക്കാർ തലത്തിൽ 'കെയർ ഇക്കണോമി' (Care Economy) ശക്തിപ്പെടുത്തേണ്ടതുണ്ട്.
2026-27 കേരള ബജറ്റിൽ 'ജെൻഡർ ബജറ്റിനായി' 5,586.99 കോടി രൂപ (പ്ലാൻ ഔട്ട്‌ലേയുടെ 22%) വകയിരുത്തിയിട്ടുണ്ട്. ഇത് സ്ത്രീ സൗഹൃദ ഗ്രാമങ്ങൾ, സുരക്ഷിത ഹോസ്റ്റലുകൾ എന്നിവയ്ക്ക് മുൻഗണന നൽകുന്നു. ഓരോ പഞ്ചായത്തിലും കുറഞ്ഞ നിരക്കിലുള്ള ഡേ-കെയറുകൾ, പ്രായമായവരെ പരിചരിക്കാനുള്ള പൊതുസംവിധാനങ്ങൾ എന്നിവ സ്ഥാപിച്ചാൽ മാത്രമേ സ്ത്രീകളെ വീടിനുള്ളിൽ നിന്ന് തൊഴിൽ രംഗത്തേക്ക് സ്വതന്ത്രരാക്കാൻ കഴിയൂ.
ഉയർന്ന വിദ്യാഭ്യാസം നേടിയ പകുതിയോളം സ്ത്രീകളെ വീടിനുള്ളിൽ തളച്ചിടുന്നത് കേരളത്തിന്റെ ജിഡിപിയിൽ വലിയ ഇടിവുണ്ടാക്കുന്നു. ജെൻഡർ ബജറ്റിങും 'പോഷ്' (PoSH) നിയമങ്ങളും കടലാസിൽ ഒതുങ്ങാതെ താഴെത്തട്ടിൽ നടപ്പിലാക്കണം. വിജ്ഞാന മേഖലയിലെ പുതിയ സാധ്യതകളും കുടുംബശ്രീ പോലുള്ള സംവിധാനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് സ്ത്രീ സൗഹൃദമായ ഒരു തൊഴിൽ സംസ്കാരം കെട്ടിപ്പടുക്കേണ്ടത് കേരളത്തിന്റെ അനിവാര്യതയാണ്.
Adjust Story Font
16
