Quantcast

ബംഗാൾ തോൽവിയുടെ കാരണം വെളിപ്പെടുത്തി ബി.ജെ.പി; പരിഹാസവുമായി തൃണമൂലിന്റെ മറുപടി

ഏപ്രിൽ, മെയ് മാസങ്ങളിലായി നടന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നായിരുന്നു ബി.ജെ.പി കണക്കൂകൂട്ടിയിരുന്നത്. 292 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 77 ഇടങ്ങളിൽ ജയിക്കാനേ അവർക്കായുള്ളൂ.

MediaOne Logo

National Desk

  • Published:

    19 July 2021 7:28 AM GMT

ബംഗാൾ തോൽവിയുടെ കാരണം വെളിപ്പെടുത്തി ബി.ജെ.പി; പരിഹാസവുമായി തൃണമൂലിന്റെ മറുപടി
X

ബംഗാൾ അസംബ്ലി തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ കഴിയാതിരുന്നതിനു കാരണമായത് നേതാക്കളുടെ അമിത ആത്മവിശ്വാസമെന്ന് പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന സുവേന്ദു അധികാരി. എട്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടങ്ങളിൽ തങ്ങൾ നന്നായി പ്രവർത്തിച്ചുവെന്നും എന്നാൽ, ആത്മവിശ്വാസക്കൂടുതൽ കാരണം അടിത്തട്ടിൽ പ്രവർത്തിക്കാതിരുന്നത് തിരിച്ചടിയായതെന്നും ബംഗാൾ അസംബ്ലിയിലെ പ്രതിപക്ഷ നേതാവായിരുന്ന സുവേന്ദു അധികാരി പറഞ്ഞു. ബി.ജെ.പിക്കാർ വിഡ്ഢികളുടെ സ്വർഗത്തിലായിരുന്നുവെന്നും അവർക്ക് ബംഗാളിന്റെ പൾസ് അറിയില്ലെന്നും തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് ഇതിനോട് പ്രതികരിച്ചു.

ഏപ്രിൽ, മെയ് മാസങ്ങളിലായി നടന്ന ബംഗാൾ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുമെന്നായിരുന്നു ബി.ജെ.പി കണക്കൂകൂട്ടിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം ബംഗാൾ വിജയത്തിനുവേണ്ടി ശക്തമായി രംഗത്തിറങ്ങുകയും ചെയ്തു. എന്നിട്ടും, 292 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 77 ഇടങ്ങളിൽ ജയിക്കാനേ കാവിപ്പാർട്ടിക്കായുള്ളൂ. 213 സീറ്റുകൾ നേടി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തി.

'തെരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ ഞങ്ങൾ നന്നായി പ്രവർത്തിച്ചിരുന്നു. എന്നാൽ, പിന്നീട് നേതാക്കൾ അമിത ആത്മവിശ്വാസം പുലർത്തുകയും പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും ചെയ്തു. 170-180 സീറ്റുകൾ നേടാൻ കഴിയുമെന്നാണ് അവർ കരുതിയത്. എന്നാൽ അതിനാവശ്യമായ ഗ്രൗണ്ട് വർക്ക് ചെയ്യാൻ തയാറായതുമില്ല. അതിന് വലിയ വിലകൊടുക്കേണ്ടി വന്നു.' - സുവേന്ദു അധികാരി പറഞ്ഞു. ലക്ഷ്യങ്ങൾ നിശ്ചയിച്ച് യാഥാർത്ഥ്യബോധത്തോടെ കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, മമതാ ബാനർജി സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളാണ് തൃണമൂലിന് തുടർഭരണം നൽകിയതെന്നും അധികാരം പിടിക്കാമെന്ന് കരുതിയ ബി.ജെ.പി നേതാക്കൾ വിഡ്ഢികളുടെ സ്വർഗത്തിലായിരുന്നുവെന്നും കുനാൽ ഘോഷ് മറുപടി നൽകി.

'മുഖ്യമന്ത്രി മമതാ ബാനർജി നടപ്പാക്കിയ വികസന, ജനക്ഷേമ പ്രവർത്തനങ്ങൾ സുവേന്ദു സൗകര്യപൂർവം കണ്ടില്ലെന്ന് നടിക്കുകയാണ്. മമതാ ബാനർജിക്കെതിരെ ബി.ജെ.പിയുടെ വൻതോക്കുകൾ നടത്തിയ പ്രചരണം അവർക്കു തന്നെ തിരിച്ചടിയാവുകയാണുണ്ടായത്.'

'200-ലേറെ സീറ്റുകൾ നേടുമെന്ന ബി.ജെ.പി നേതാക്കളുടെ വിശ്വാസം അവർ വിഡ്ഢികളുടെ സ്വർഗത്തിലായിരുന്നുവെന്ന് തെളിയിക്കുന്നു. എന്തിനാണവർ മറ്റുള്ളവരിൽ കുറ്റം ചാർത്തുന്നത്? പാർട്ടി 180-ലേറെ സീറ്റ് നേടുമെന്ന് സുവേന്ദു തന്നെ വമ്പുപറഞ്ഞിട്ടില്ലേ? യഥാർത്ഥത്തിൽ അവർക്ക് ബംഗാളിന്റെ പൾസറിയില്ല, തൃണമൂലിന് അതറിയാം.' - കുനാൽ ഘോഷ് പറഞ്ഞു.

ഒരുകാലത്ത് മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന സുവേന്ദു അധികാരി 2019-ലാണ് തൃണമൂൽ വിട്ട് ബി.ജെ.പിയിൽ ചേർന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന അദ്ദേഹം നന്ദിഗ്രാം മണ്ഡലത്തിൽ മമത ബാനർജിയെ 1956 വോട്ടിന് പരാജയപ്പെടുത്തിയെങ്കിലും പാർട്ടി തോറ്റത് വൻ തിരിച്ചടിയായി.

നന്ദിഗ്രാമിൽ അധികൃതർ ആദ്യം വിജയിയായി പ്രഖ്യാപിച്ചത് മമത ബാനർജിയെ ആയിരുന്നു. എന്നാൽ പിന്നീടിത് തിരുത്തി. അധികാരിയെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ മമത ബാനർജി നൽകിയ ഹരജി കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ബുധനാഴ്ച ഫയലിൽ സ്വീകരിച്ചിരുന്നു.

TAGS :

Next Story