Quantcast

കാണികളില്ലാത്ത ക്ഷീണം തിയറ്ററുകൾ മറികടന്നോ? കടുവയുടെ മൂന്ന് ദിവസത്തെ കളക്ഷൻ പറയുന്നത് എന്ത് ?

മികച്ചതെന്ന് നിരൂപകരും പ്രേക്ഷകരും അഭിപ്രായപ്പെട്ട പല ചിത്രങ്ങളും പ്രേക്ഷകരില്ലാത്തതിനാൽ ആദ്യ ആഴ്ച തന്നെ മടങ്ങിയിരുന്നു. അതേസമയം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നെത്തിയ വിക്രം, ആർആർആർ, പുഷ്പ, കെജിഎഫ് ടു എന്നി ചിത്രങ്ങൾ കളക്ഷനിൽ റെക്കോഡുകൾ ഇടുകയും ചെയ്തു.

MediaOne Logo

Web Desk

  • Updated:

    2022-07-10 07:09:07.0

Published:

10 July 2022 6:57 AM GMT

കാണികളില്ലാത്ത ക്ഷീണം തിയറ്ററുകൾ മറികടന്നോ? കടുവയുടെ മൂന്ന് ദിവസത്തെ കളക്ഷൻ പറയുന്നത് എന്ത് ?
X

മലയാള ചിത്രങ്ങൾക്ക് പ്രേക്ഷകർ ഒഴുകി എത്തുന്നില്ല എന്ന പരാതികൾക്കും പ്രതിസന്ധികൾക്കുമിടെ പൃഥ്വിരാജ് ചിത്രം കടുവയ്ക്ക് ആദ്യ മൂന്ന് ദിവസത്തിനുളളിൽ മോശമല്ലാത്ത കളക്ഷൻ. ആദ്യ മൂന്ന് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം 8.5 കോടി രൂപ നേടിയെന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ഈ വർഷം കേരളത്തിൽ റിലീസ് ചെയ്ത ചിത്രങ്ങളിൽ ഓപ്പണിങ് ഡേ കളക്ഷനിൽ ആറാം സ്ഥാനത്തുമുണ്ട് കടുവ. വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന തിയറ്റർ മേഖലയ്ക്ക് ആശ്വാസം പകരുന്നത് കൂടിയാണ് കടുവയുടെ തുടക്കം.

കഴിഞ്ഞ ആറ് മാസത്തിനിടയിൽ വിരലിൽ എണ്ണാവുന്ന മലയാള ചിത്രങ്ങൾ മാത്രമാണ് മുടക്കുമുതൽ തിരികെ പിടിച്ച് ലാഭമെന്ന് പറയാവുന്ന നേട്ടം കരസ്ഥമാക്കിയത്. മലയാള സിനിമ വീണ്ടും പ്രതിസന്ധിയിലേക്ക് എന്ന് പരാതികൾ ഉന്നയിച്ച നിർമ്മാതാക്കളും തിയറ്റർ ഉടമകളും പ്രതീക്ഷയോടെയാണ് കടുവയുടെ ആളനക്കത്തെ നോക്കി കാണുന്നതും. നിർമ്മാതാവ് ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് കുറിപ്പ് തന്നെ ഇതിന് ഉദാഹരണമാണ്. മഴയെ തോൽപ്പിച്ച് ഇടിച്ചു കുത്തി കാണികൾ പെയ്യുന്നു, മലയാളികൾ വീണ്ടും തിയറ്ററുകളെ പുണരുന്നു എന്നാണ് കടുവയുടെ റിലീസിന് പിന്നാലെ ആന്റോ ജോസഫ് ഇട്ട പോസ്റ്റ്.

2022 ജനുവരി മുതൽ ജൂൺ വരെ 111 മലയാള ചിത്രങ്ങളാണ് റിലീസ് ചെയ്തത്. ഇതിൽ 71 സിനിമകൾ തിയറ്ററിലും 36 ചിത്രങ്ങൾ ഒടിടിയിലും ഒരെണ്ണം ടെലിവിഷൻ പ്രീമിയറുമായിട്ടാണ് പ്രദർശനത്തിന് എത്തിയത്.ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ എന്നിവരുടെ റിപ്പോർട്ടുകൾ പ്രകാരം ഭീഷ്മപർവം, ഹൃദയം, ജനഗണമന, സിബിഐ 5 ദി ബ്രെയിൻ, ജോ ആൻഡ് ജോ,സൂപ്പർ ശരണ്യ എന്നി ചിത്രങ്ങൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഏറെ പ്രതീക്ഷകളോടെ വന്ന മോഹൻലാൽ - ബി ഉണ്ണിക്കൃഷ്ണൻ ടീമിന്റെ ആറാട്ടിന് പോലും നിലംതൊടാനായിരുന്നില്ല. ആസിഫ് അലി, ടൊവിനോ എന്നിങ്ങനെ യുവതാരങ്ങളുടെ ചിത്രങ്ങൾക്ക് അടക്കം തിയറ്ററുകളിൽ കാണികളെ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല.

മികച്ചതെന്ന് നിരൂപകരും പ്രേക്ഷകരും അഭിപ്രായപ്പെട്ട പല ചിത്രങ്ങളും പ്രേക്ഷകരില്ലാത്തതിനാൽ ആദ്യ ആഴ്ച തന്നെ മടങ്ങിയിരുന്നു. അതേസമയം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ നിന്നെത്തിയ വിക്രം, ആർആർആർ, പുഷ്പ, കെജിഎഫ് ടു എന്നി ചിത്രങ്ങൾ കളക്ഷനിൽ റെക്കോഡുകൾ ഇടുകയും ചെയ്തു. തുടർച്ചയായി പത്തുപേരെ പോലും ചെറുചിത്രങ്ങൾക്ക് തിയറ്ററുകളിൽ ലഭിക്കാതെ വന്നതോടെയാണ് പ്രതിസന്ധിയുടെ ആഴം സൂചിപ്പിച്ചുകൊണ്ട് സംവിധായകരും നിർമ്മാതാക്കളും തിയറ്റർ ഉടമകളുമൊക്കെ രംഗത്ത് എത്തിയത്. കൊവിഡിന് ശേഷമുളള ഒടിടി ബൂമും സാമ്പത്തിക പ്രതിസന്ധിയും ഇതരഭാഷയിലെ തിയറ്റർ എക്‌സ്പീരിയൻസിൽ മാത്രം ആസ്വാദ്യമാകുന്ന മാസ് ചിത്രങ്ങളും കാണികളുടെ ആസ്വാദന നിലവാരത്തെ മാറ്റിമറിച്ചുവെന്നായിരുന്നു സോഷ്യൽമീഡിയയിൽ അടക്കം ഇതിന് പ്രത്യക്ഷപ്പെട്ട മറുപടികൾ.

ഇനി മാസ് പടങ്ങൾക്ക് മാത്രമേ തിയറ്ററിൽ ആളെ കയറ്റുവാൻ സാധിക്കുകയുളളൂവെന്ന വിലയിരുത്തലുകളും വന്നിരുന്നു. ഇതെതുടർന്ന് പല ചെറിയ ചിത്രങ്ങളും റിലീസ് ഡേറ്റ് മാറ്റിവെച്ചു. എല്ലാത്തരം കാണികളെയും ആകർഷിക്കുന്ന പടമല്ലാതിരുന്നിട്ടും മഴക്കാലത്തും ഹൗസ് ഫുൾ ബോർഡുകൾ ഉയരുന്നു എന്നതാണ് കടുവയിൽ തിയറ്ററുടമകൾ കാണുന്ന പ്രതീക്ഷ. അതേസമയം മാസ് ചിത്രങ്ങൾക്ക് മാത്രമേ ഇനി തിയറ്റർ ചലിപ്പിക്കാൻ കഴിയു എന്ന വിലയിരുത്തലുകളെ തിരുത്തണമെങ്കിൽ മറ്റ് ചിത്രങ്ങൾ കൂടി വിജയിക്കേണ്ടതായിട്ടുണ്ട്.

ഷാജി കൈലാസ് നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധായക വേഷത്തിൽ എത്തിയ കടുവയിൽ പൃഥ്വിരാജിന് പുറമെ വിവേക് ഒബ്‌റോയ്, സംയുക്ത മേനോൻ എന്നിവരാണ് പ്രധാന വേഷത്തിൽ. 20 കോടി രൂപയാണ് പ്രമോഷൻ അടക്കമുളള സിനിമയുടെ നിർമ്മാണ ചെലവ്. ആമസോൺ പ്രൈമിന് ഒടിടി റൈറ്റ്‌സ് 15 കോടിയ്ക്കും ചാനൽ സംപ്രേഷണാവകാശം 10 കോടി രൂപയ്ക്ക് സൂര്യ ടിവിയ്ക്കുമാണ് നൽകിയിട്ടുളളത്.

TAGS :

Next Story