Quantcast

പിറവത്ത് എൽഡിഎഫിൽ പൊട്ടിത്തെറി; ആരാണീ സിന്ധുമോൾ ജേക്കബ്?

കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഉടൻ സിന്ധുമോളെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി

MediaOne Logo

  • Published:

    11 March 2021 11:29 AM IST

പിറവത്ത് എൽഡിഎഫിൽ പൊട്ടിത്തെറി; ആരാണീ സിന്ധുമോൾ ജേക്കബ്?
X

എറണാകുളം: സിന്ധുമോൾ ജേക്കബിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി പിറവത്തെ എൽഡിഎഫിൽ പൊട്ടിത്തെറി. കേരള കോൺഗ്രസ് എം സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട ഉടൻ സിന്ധുമോളെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് സിപിഎം സിന്ധുമോൾക്കെതിരെ നടപടിയെടുത്തത്. എന്നാൽ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നത് എന്നാണ് ഇവരുടെ പ്രതികരണം.

ആരാണ് സിന്ധുമോൾ?

കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പാലക്കുഴ ഓലിക്കൽ ജേക്കബ് ജോണിന്റെയും മഹിളാസമാജം മുൻ പ്രസിഡണ്ട് ചിന്നമ്മ ജേക്കബ്ബിന്റെയും മകളായി 1971 മെയ് 30ന് ജനനം. മൂവാറ്റുപുഴ നിർമല കോളേജിലെ പ്രീഡിഗ്രി പഠനകാലത്ത് എ.ഐ.എസ്.എഫിൽ പ്രവർത്തിച്ചു. കുറിച്ചി ആതുരാശ്രമം എൻഎസ്എസ് ഹോമിയോപ്പതി കോളേജിൽനിന്ന് ഡി.എച്ച്.എം.എസ് ബിരുദം നേടി. എംജി സർവകലാശാലയിൽ നിന്ന് കൗൺസിലിങ്ങും പാസായി. 1994 മുതൽ ഹോമിയോ ഡോക്ടറാകും 2010 മുതൽ ഫാമിലി കൗൺസിലറായും ജോലി ചെയ്യുന്നു.

ഹോമിയോ ഡോക്ടറായ ഡോ. ജയ്‌സ് പി. ചെമ്മനാത്തുമായുള്ള വിവാഹശേഷം ഉഴവൂരിലെത്തി. 2005-ൽ ഇടതു സ്വതന്ത്രയായി മത്സരിച്ച് ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായി. ഇടതുമുന്നണിക്കൊപ്പം ഉണ്ടായിരുന്ന ഡി.ഐ.സി. പ്രതിനിധിയായി ജയിച്ച മോളി ലൂക്കാ കേരള കോൺഗ്രസ്-എമ്മിനൊപ്പം എത്തുകയും കേരള കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ 2009-ൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താവുകയും ചെയ്തു.

കടകംപള്ളി സുരേന്ദ്രനൊപ്പം

2010, 2015 വർഷങ്ങളിൽ ഉഴവൂർ ഗ്രാമപ്പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ചു. ഇപ്പോൾ ഉഴവൂർ ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടാണ്. ലൈബ്രറി പ്രവർത്തന മേഖലയിലും സിന്ധുമോൾ സജീവ സാന്നിധ്യമാണ്. മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ടാണ്. കോവിഡ് കാലത്ത് നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഇവരുടെ നേതൃത്വത്തിൽ വീട്ടിൽ പുസ്തകങ്ങളെത്തിച്ചിരുന്നു.

കോട്ടയം അഭയാ സൊസൈറ്റി ജില്ലാ കമ്മിറ്റിയംഗം, ജനാധിപത്യ മഹിള അസോസിയേഷൻ പാലാ ഏരിയ കമ്മിറ്റി അംഗം, ഡോ. കെആർ നാരായണൻ ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ഏക മകൻ കിരൺ ഗോഹട്ടി ഐഐടി വിദ്യാർത്ഥിയാണ്.

ചൊടിച്ച് പ്രാദേശിക നേതൃത്വം

തങ്ങളോട് ആലോചിക്കാതെയാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് എന്നാണ് കേരള കോണ്‍ഗ്രസ് എം പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്. സിന്ധുവിന്റേത് പേയ്‌മെന്റ് സീറ്റാണെന്നും അവര്‍ ആരോപിക്കുന്നു. സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് യൂത്ത് ഫ്രണ്ട് എം മുന്‍ സംസ്ഥാന പ്രസിഡണ്ട് ജില്‍സ് പെരിയപ്പുറം രാജിവച്ചു.

ജോസ് കെ മാണിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ജില്‍സ് ഉന്നയിച്ചത്. 'ജോസ് കെ മാണിക്ക് പണമാണ് വേണ്ടത്. എന്റെ കൈയില്‍ കൊടുക്കാന്‍ പണമില്ല. ജോസിന്റെ കച്ചവട ശ്രമം പാളിയതു കൊണ്ടാണ് എന്നെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റിയത്. സിന്ധുമോളെ പുറത്താക്കിയ സിപിഎം നടപടി നാടകമാണ്. കോട്ടയം കമ്മിറ്റി പുറത്തിറക്കിയ സിന്ധുമോളെ പിറവത്തെ സിപിഎം പ്രവര്‍ത്തകര്‍ എങ്ങനെ ചുമക്കും?' - ജില്‍സ് ചോദിച്ചു.

TAGS :

Next Story