സുന്ദർ പിച്ചൈയും പരാഗും മാത്രമല്ല; ആഗോള ഐടി ഭീമന്മാരെ നയിക്കുന്ന 10 ഇന്ത്യന്‍ വംശജര്‍
ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, അഡോബിന്റെ ശാന്തനു നാരായൻ, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ... ആഗോള ഐടി ഭീമന്മാരുടെ ഇന്ത്യന്‍ തലച്ചോറുകളെ പരിചയപ്പെടാം

ട്വിറ്റർ സിഇഒയായി നിയമിതനായതോടെ ആഗോള കുത്തക കമ്പനികളെ നയിക്കുന്ന ഇന്ത്യൻ വംശജരുടെ എലീറ്റ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് പരാഗ് അഗ്രവാൾ. ഐടി ഭീമന്മാർ മുതൽ മറ്റു രംഗങ്ങളിലുള്ള ബഹുരാഷ്ട്ര കുത്തകകള്‍വരെ തങ്ങളുടെ തലപ്പത്ത് നിയമിച്ചിരിക്കുന്നത് ഇന്ത്യൻ തലച്ചോറുകളെയാണ്. ഗൂഗിളിന്റെ സുന്ദർ പിച്ചൈ, മൈക്രോസോഫ്റ്റിന്റെ സത്യ നദെല്ല, അഡോബിന്റെ ശാന്തനു നാരായൻ, ഐബിഎമ്മിന്റെ അരവിന്ദ് കൃഷ്ണ... ആ പട്ടിക നീളുകയാണ്. ആഗോള ഐടി കമ്പനികളെ നയിക്കുന്ന പത്തുപേരെ പരിചയപ്പെടാം.
1. സുന്ദർ പിച്ചൈ
ഒരു അന്താരാഷ്ട്ര ഐടി കമ്പനിയുടെ തലവനായി ശ്രദ്ധ നേടുന്ന ഏറ്റവും പ്രശസ്തനായ ഇന്ത്യൻ വംശജനായിരിക്കും ചെന്നൈക്കാരനായ സുന്ദർ പിച്ചൈ. 2015ലാണ് സുന്ദർ പിച്ചൈ ഗൂഗിൾ സിഇഒ ആയി നിയമിതനാകുന്നത്. എറിക് ഷ്മിത്തിനും ലാറി പേജിനും ശേഷം കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ആകുന്ന മൂന്നാമത്തെയാളാണ് പിച്ചൈ.
2004ലാണ് പിച്ചൈ ഗൂഗിളിൽ ചേരുന്നത്. 2019 ഡിസംബറിന് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റിന്റെ സിഇഒയായി പിച്ചൈ. ഖരഗ്പൂർ ഐഐടിയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം സ്റ്റാൻഫോഡിൽനിന്ന് മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും പെൻസിൽവാനിയ സർവകലാശാലയിൽനിന്ന് എംബിഎയും നേടി.
2. സത്യ നദെല്ല
ഗൂഗിൾ തലവനായതിലൂടെ സുന്ദർ പിച്ചൈക്കാണ് കൂടുതൽ പ്രശസ്തി ലഭിച്ചതെങ്കിലും അദ്ദേഹത്തിനും മുൻപ് മൈക്രോസോഫ്റ്റിന്റെ സിഇഒ ആയിട്ടുണ്ട് ഹൈദരാബാദുകാരനായ സത്യ നദെല്ല. ബേഗംപേട്ടിലെ ഹൈദരാബാദ് പബ്ലിക് സ്‌കൂളിൽനിന്ന് വിദ്യാഭ്യാസം തുടങ്ങിയ നദെല്ല കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും നേടി. പിന്നീട് അമേരിക്കയിലെത്തി വിസ്‌കോൻസിൻ സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദവും ഷിക്കാഗോ സർവകലാശാലയിൽനിന്ന് എംബിഎയും നേടി. ബിൽ ഗേറ്റ്‌സിനും സ്റ്റീവ് ബാൾമടക്കും ശേഷം കമ്പനിയുടെ മൂന്നാമത്തെ സിഇഒ ആണ് നദെല്ല.
3. ശാന്തനു നാരായൻ
2007 മുതൽ കംപ്യൂട്ടർ സോഫ്റ്റ്‌വെയർ കമ്പനിയായ അഡോബിന്റെ സിഇഒ ആണ് ഹൈദരാബാദിൽ ജനിച്ചു വളർന്ന ശാന്തനു നാരായൻ. സിഇഒ ആകുന്നതിനുമുൻപ് 2005 മുതൽ കമ്പനിയുടെ പ്രസിഡന്റും ചീഫ് ഓപറേറ്റിങ് ഓഫീസറുമായിരുന്നു.
1998ലാണ് ശാന്തനു അഡോബിന്റെ ഭാഗമാകുന്നത്. അതും ലോകവ്യാപകമായി പ്രോഡക്ട് ഡെവലപ്‌മെന്റ് ചുമതല വഹിക്കുന്ന സീനിയർ വൈസ് പ്രസിഡന്റായി. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയ്ക്കു കീഴിലുള്ള എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിലായിരുന്നു ബിരുദ വിദ്യാഭ്യാസം. ഉപരിപഠനത്തിനായി അമമേരിക്കയിലേക്ക് പറന്ന അദ്ദേഹം ഒഹിയോ ബൗളിങ് ഗ്രീൻ സ്‌റ്റേറ്റ് സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. കാലിഫോർണിയ സർവകലാശാലയിൽനിന്ന് എംബിഎയും നേടി.
4. അരവിന്ദ് കൃഷ്ണ
2020 മുതൽ കംപ്യൂട്ടർ ഹാർഡ്‌വെയർ കമ്പനിയായ ഐബിഎമ്മിന്റെ സിഇഒ ആണ് ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരിയിൽ ജനിച്ചുവളർന്ന അരവിന്ദ് കൃഷ്ണ. 2021ൽ കമ്പനി ചെയർമാനാകുകയും ചെയ്തു.
1990ൽ ഐബിഎം ജീവനക്കാരനായ അരവിന്ദിന് 2015ൽ സീനിയർ വൈസ് പ്രസിഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. ഐഐടി കാൺപൂരിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടിയ അദ്ദേഹം ഇല്ലിനോയ്‌സ് സർവകലാശാലയിൽനിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ പിഎച്ച്ഡിയും പൂർത്തിയാക്കിയിട്ടുണ്ട്.
5. ജയശ്രീ ഉല്ലാൽ
അന്താരാഷ്ട്ര ക്ലൗഡ് നെറ്റ്‌വർക്കിങ് കമ്പനിയായ അരിസ്റ്റ നെറ്റ്‌വർക്കിന്റെ സിഇഒയും പ്രസിഡന്റുമാണ് ഡൽഹിയിൽ വളർന്ന ജയശ്രീ വി. ഉല്ലാൽ. അരിസ്റ്റയിലെത്തുന്നതിനുമുൻപ് എഎംഡിയിൽ എൻജിനീയറിങ് വിഭാഗത്തിലടക്കം അവർ ജോലി ചെയ്തിട്ടുണ്ട്. 2008 മുതൽ അരിസ്റ്റ സിഇഒ ആണ് അവർ.
സാൻഫ്രാൻസിസ്‌കോ സ്‌റ്റേറ്റ് സർവകലാശാലയിൽനിന്നാണ് ഇലക്ട്രിക് എൻജിനീയറിങ്ങിൽ ബിരുദം നേടുന്നത്. സാന്ത ക്ലാര സർവകലാശാലയിൽനിന്ന് എൻജിനീയറിങ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദവും നേടി.
6. രഘു രഘുരാമൻ
ക്ലൗഡ് കംപ്യൂട്ടിങ് കമ്പനിയായ വിഎംവെയറിന്റെ പുതിയ സിഇഒ ആണ് ഇന്ത്യൻ വംശജനായ രഘു രഘുരാമൻ. 2003ൽ കമ്പനിയുടെ ഭാഗമായ അദ്ദേഹം കഴിഞ്ഞ ജൂണിലാണ് സിഇഒ പദവിയിലെത്തുന്നത്.
7. ലക്ഷ്മൺ നരസിംഹൻ
ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയായ റെക്കിറ്റ് സിഇഒ ആണ് മുംബൈക്കാരനായിരുന്ന ലക്ഷ്മൺ നരസിംഹൻ. റെക്കിറ്റിലെത്തുന്നതിനു മുൻപ് യുഎസ് ബഹുരാഷ്ട്ര ഭക്ഷ്യ കമ്പനിയായ പെപ്‌സിക്കോയുടെ ചീഫ് കമേഴ്ഷ്യൽ ഓഫീസറായിരുന്നു.
പൂനെ എൻജിനീയറിങ് കോളേജിൽനന്ന് മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. ഇതിനുശേഷം പെൻസിൽവാനിയ സർവകലാശാലയിൽനിന്ന് ജർമൻ, അന്താരാഷ്ട്ര പഠനത്തിൽ ബിരുദാനന്തര ബിരുദവും എംബിഎയും നേടി.
8. രാജീവ് സൂരി
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബ്രിട്ടീഷ് സാറ്റലൈറ്റ് ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ഇൻമാർസാറ്റിന്റെ സിഇഒ ആയി ഡൽഹിക്കാരനായ രാജീവ് സൂരി നിയമിതനാകുന്നത്. ഇതിനുമുൻപ് 2020 വരെ നോക്കിയ സിഇഒ ആയിരുന്നു രാജീവ്. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽനിന്ന് എൻജിനീയറിങ് ബിരുദം നേടിയിട്ടുണ്ട്.
9. അഞ്ജലി സൂദ്
ഓൺലൈൻ വിഡിയോ പ്ലാറ്റ്‌ഫോമായ വിമിയോ സിഇഒ ആണ് ഇന്ത്യൻ വംശജയായ അഞ്ജലി സൂദ്. 2014ൽ വിമിയോയുടെ ഗ്ലോബൽ മാർക്കറ്റിങ് മേധാവിയായാണ് അവർ ചേരുന്നത്. പെൻസിൽവാനിയ സർവകലാശാലയിൽനിന്ന് ബിരുദവും ഹാർവാഡ് ബിസിനസ് സ്‌കൂളിൽനിന്ന് എംബിഎയും നേടിയ അവർ ഡോൾബിയുടെ ബോർഡ് അംഗം കൂടിയാണ്.
10. അമൻ ഭൂട്ടാനി
അമേരിക്കൻ വെബ് ഹോസ്റ്റിങ് കമ്പനിയായ ഗോഡാഡിയുടെ സിഇഒ ആണ് അമൻ ഭൂട്ടാനി. 2019ലാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിതനാകുന്നത്. നേരത്തെ, എക്പീഡിയയിൽ സിടിഒയും വേൾഡ് വൈഡ് എൻജിനീയറിങ്ങിൽ സീനിയർ വൈസ് പ്രസിഡന്റുമായിരുന്നു. ഡൽഹി സർവകലാശാലയിൽനിന്ന് ബിരുദവും ലങ്കാസ്റ്റർ സർവകലാശാലയിൽനിന്ന് എംബിഎയും നേടി.
Summary: With the elevation of Parag Agrawal as the CEO of Twitter, over half a dozen global tech companies are now being headed by Indian-Americans. From Google's Sundar Pichai to Microsoft's Satya Nadella, Adobe's Shantanu Narayen to IBM's Arvind Krishna, Indians are spearheading global roles in some of the biggest companies across the world
Adjust Story Font
16

