Quantcast

ഇരട്ടക്കുഞ്ഞുങ്ങൾ; അമ്മ ഒന്ന്, അച്ഛൻ രണ്ട്!

ബ്രസീലിയന്‍ സ്വദേശിയായ 19കാരിയാണ് ഈ അപൂർവ കുഞ്ഞുങ്ങളുടെ അമ്മ

MediaOne Logo

Web Desk

  • Updated:

    2022-09-12 09:41:50.0

Published:

12 Sept 2022 3:09 PM IST

ഇരട്ടക്കുഞ്ഞുങ്ങൾ; അമ്മ ഒന്ന്, അച്ഛൻ രണ്ട്!
X

ബ്രസീലിയ: ലക്ഷങ്ങളിൽ ഒന്ന് എന്നൊക്കെ പറയാറില്ലേ, ചില അപൂർവ സംഭവങ്ങളെക്കുറിച്ച്. എന്നാൽ, ഇത് അവിടെയും നിൽക്കില്ല, പതിറ്റാണ്ടുകളിലോ നൂറ്റാണ്ടിലോ ഒന്ന് എന്നൊക്കെ വേണമെങ്കിൽ വിശേഷിപ്പിക്കേണ്ടിവരും. ഒരു ബ്രസീലിയൻ യുവതിയുടെ പ്രസവമാണിപ്പോള്‍ വൈദ്യശാസ്ത്ര ലോകത്തെ ചര്‍ച്ച. മറ്റൊന്നും കൊണ്ടല്ല, പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛന്മാർ രണ്ടുപേരാണെന്ന് ഡി.എന്‍.എ പരിശോധനയില്‍ കണ്ടെത്തിയിരിക്കുകയാണ്!

ബ്രസീലിലെ മിനെറിയോസിലാണ് ഈ അത്യപൂർവ സംഭവം. 19കാരിയാണ് ഈ അപൂർവ കുഞ്ഞുങ്ങളുടെ അമ്മ. ഗർഭത്തിനുമുൻപ് ഒന്നിലേറെ പേരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതിനാൽ കുഞ്ഞുങ്ങൾ ആരുടേതാണെന്ന് തിരിച്ചറിയാനാണ് അമ്മ ഡി.എൻ.എ പരിശോധന ആവശ്യപ്പെട്ടത്. കുട്ടികളുടെ അച്ഛനാകുമെന്ന് കരുതിയ ഒരാളുടെ ഡി.എൻ.എ സാംപിൾ ശേഖരിച്ചാണ് ആദ്യ പരിശോധന നടത്തിയത്. എന്നാൽ, കുട്ടികളിൽ ഒരാളുമായി മാത്രമാണ് ഡി.എൻ.എ സാംപിൾ ഒത്തുപോയത്. വീണ്ടും പരിശോധന നടത്തിയെങ്കിലും ഇതു തന്നെയായിരുന്നു ഫലം.

പിന്നീടാണ് ഇതേ ദിവസം മറ്റൊരാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടത് ഓർത്തെടുത്തത്. തുടർന്ന് ഇയാളുടെ ഡി.എൻ.എ സാംപിളെടുത്ത് പരിശോധിച്ചപ്പോൾ രണ്ടാമത്തെ കുഞ്ഞിന്റേതുമായി അത് യോജിക്കുന്നതായും കണ്ടെത്തുകയായിരുന്നു. 19കാരിയുടെ പ്രസവ ചികിത്സ നടത്തിയ ഡോക്ടറായ ടുലിയോ ജോർജ് ഫ്രാങ്കോ കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം പുറംലോകമറിയുന്നത്. കുട്ടികൾക്ക് ഇപ്പോൾ 16 മാസം പ്രായമായിട്ടുണ്ട്. നിലവിൽ അച്ഛന്മാരിൽ ഒരാളാണ് രണ്ടു കുട്ടികളെയും നോക്കുന്നത്.

ഇതെങ്ങനെ സംഭവിക്കുന്നു?

വൈദ്യശാസ്ത്രത്തിൽ ഹെറ്ററോപാറ്റേണൽ സൂപ്പർഫെക്കൻഡേഷൻ(Heteropaternal Superfecundation) എന്നു വിളിക്കപ്പെടുന്ന പ്രത്യേക പ്രതിഭാസമാണിത്. അഥവാ ഒരു പ്രസവത്തിൽ ജന്മം നൽകുന്ന ഇരട്ടകളുടെ പിതാക്കന്മാർ രണ്ടുപേരാകുന്ന അപൂർവാവസ്ഥയാണിത്. ഒരേ ആർത്തവകാലത്ത് സ്ത്രീയില്‍ രണ്ടാമതൊരു അണ്ടം കൂടി ഉൽപാദിപ്പിക്കപ്പെടുകയും അത് ഇതേ സമയത്ത് ലൈംഗികബന്ധത്തിലേർപ്പെട്ട മറ്റൊരാളുടെ ബീജവുമായി സംയോജിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരത്തിലൊരു പ്രതിഭാസം ഉണ്ടാകുന്നത്.

മനുഷ്യർക്കിടയിൽ അപൂർവങ്ങളിൽ അപൂർവമായ പ്രതിഭാസമാണെങ്കിലും പട്ടി, പൂച്ച, പശു തുടങ്ങിയ മൃഗങ്ങളിൽ ഇത് സാധാരണമാണ്. ലോകത്ത് ഇതുവരെ 20 സംഭവങ്ങളാണ് ഇത്തരത്തിൽ മനുഷ്യന്മാരിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് 'ഡെയ്‌ലി മെയിൽ' റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Summary: 19-year-old in Brazil gives birth to twins from 2 different fathers

TAGS :

Next Story