37 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍, 1109 പേർ കുടുങ്ങിക്കിടക്കുന്നു: സഹായഭ്യര്‍ഥനയുമായി നാവികര്‍
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞ ഇറാന്‍, ആരെങ്കിലും കടലിടുക്ക് കടക്കാന്‍ ശ്രമിച്ചാല്‍ കനത്ത ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

- Updated:
2026-03-04 05:46:54.0

ന്യൂഡൽഹി: ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണത്തിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ പ്രതിസന്ധിയിലായി ഇന്ത്യന്‍ കപ്പലുകള്‍. പേര്‍ഷ്യന്‍ കടലിടുക്കിലും ഒമാന്‍ ഉള്‍ക്കടലിലുമായി 37 ഇന്ത്യന്‍ പതാകയുള്ള കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. കപ്പലുകളില്‍ 1109 ഇന്ത്യന്‍ നാവികരുണ്ടെന്നതാണ് പുറത്തുവരുന്ന വിവരം. കപ്പലില്‍ 10000 കോടിയുടെ ചരക്കുകളുണ്ടെന്നും അടിയന്തരമായി ഇടപെട്ടില്ലില്ലെങ്കില്‍ രാജ്യത്തിന് കനത്ത നാശനഷ്ടമുണ്ടാകുമെന്നും സൂചിപ്പിച്ച് നാവികര്‍ ഷിപ്പിങ് ഡയറക്ടറേറ്റ് ജനറലിന് സന്ദേശമയച്ചു. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടഞ്ഞ ഇറാന്‍, ആരെങ്കിലും കടലിടുക്ക് കടക്കാന്‍ ശ്രമിച്ചാല്‍ കനത്ത ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഹോര്‍മുസ് കടലിടുക്ക് അടച്ചതിന് പിന്നാലെയാണ് പേര്‍ഷ്യന്‍ കടലിടുക്കിലും ഇറാന്‍ ഉള്‍ക്കടലിലുമായി ഇന്ത്യൻ കപ്പലുകള്‍ കുടുങ്ങിക്കിടക്കുന്നത്. കപ്പല്‍ റഡാറുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും കേന്ദ്രവുമായി ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കണമെന്നും കപ്പലുകള്‍ക്ക് ഷിപ്പിങ് ഡയറക്ട്‌റേറ്റ് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാവികര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും അടിയന്തരമായി ഒരുക്കുമെന്നും എത്രയും വേഗം കപ്പല്‍ ഗതാഗതം സുഗമമാക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നാവിക മന്ത്രാലയം അറിയിച്ചു.
ഷിപ്പിങ് ഡയറക്ടറേറ്റ് ജനറല്‍ ലെവല്‍-3 സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഇന്ത്യന്‍ നേവിയുമായും മാരിടൈം റെസ്‌ക്യൂ സെന്ററുമായും നിരന്തരം ബന്ധപ്പെടാനാണ് നിര്‍ദേശം. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം പരിഗണിച്ച് വിദേശകാര്യ മന്ത്രാലയവും ഷിപ്പിങ് മന്ത്രാലയവും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
ഇറാനും ഒമാനും ഇടയിലെ ഇടുങ്ങിയ ജലപാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഏറ്റവും ഇടുങ്ങിയ ഭാഗത്ത് വെറും 33 കിലോമീറ്റര്‍ മാത്രമാണ് വീതി. ഗള്‍ഫില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രധാന എക്‌സിറ്റ് മാര്‍ഗമാണിത്. ഹോര്‍മുസ് വഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചാല്‍ വിതരണ ശൃംഖലയിലുണ്ടാവുന്ന തടസ്സങ്ങള്‍ കാരണം അസംസ്‌കൃത എണ്ണയുടെ വില വര്‍ധിപ്പിക്കും. പ്രതിദിനം 20 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളും ഈ കടലിടുക്ക് വഴിയാണ് കടന്നുപോകുന്നത്. കൂടാതെ ലോകത്തെ 20 ശതമാനം എല്‍എന്‍ജി വിതരണവും നടക്കുന്നത് ഇതുവഴിയാണ്.
ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ ശ്രമിക്കരുതെന്ന് കപ്പലുകള്‍ക്ക് കഴിഞ്ഞ ദിവസം മുതല്‍ മുന്നറിയിപ്പുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കടലിടുക്ക് വഴിയുള്ള ഗതാഗതം പൂര്‍ണമായും തടയാനാണ് ഇറാന്റെ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. നിരവധി കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കിലേക്ക് പ്രവേശിക്കാതെ കാത്തിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും സ്തംഭിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ചരക്കു നീക്കം പ്രതിസന്ധിയിലാകും. ആഗോള വിപണികളെ തന്നെ ബാധിക്കുകയും എണ്ണവില കുത്തനെ കൂടാന്‍ കാരണമാകുകയും ചെയ്യും.
അതേസമയം, പശ്ചിമേഷ്യയിലെ സംഘര്‍ഷം കണക്കിലെടുത്ത് വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം തുറന്നു. ഇന്ത്യന്‍ എംബസികള്‍ക്ക് പുറമെയാണ് പുതിയ കണ്‍ട്രോള്‍ റൂം.
നമ്പര്‍: 1800118797, +91 1123012113
Adjust Story Font
16
