പണി കൊടുത്തത് എഐ; യുകെ ബാങ്കിങ് ഭീമനിൽ കൂട്ടപ്പിരിച്ചുവിടൽ, 5000 ജീവനക്കാര്‍ പുറത്തേക്ക്
ആർട്ടിഫിഷ്യൽ ഇന്റലിജൻസും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂട്ടപ്പിരിച്ചുവിടൽ

ലണ്ടൻ: എഐയുടെ പേരിൽ ജീവനക്കാരെ പിരിച്ചുവിടുന്നത് ഭൂരിഭാഗം കമ്പനികളും പതിവാക്കിയിരിക്കുകയാണ്. ലോകമെമ്പാടുമായി ലക്ഷണക്കണക്കിനാളുകൾക്കാണ് ഇത്തരത്തിൽ ജോലി നഷ്ടമായത്. യുകെ ആസ്ഥാനമായ പ്രമുഖ ബാങ്കിങ് സ്ഥാപനമായ ബർക്ലേസ് ഒറ്റയടിക്ക് വെട്ടിക്കുറച്ചത് 5000 തസ്തികകളാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസും പുതിയ സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് കൂട്ടപ്പിരിച്ചുവിടൽ. ബാങ്കിന്റെ ആകെ ജീവനക്കാരുടെ ഏകദേശം 5% വരുന്ന ഈ പിരിച്ചുവിടൽ പ്രധാനമായും ഓപ്പറേഷൻസ്, സപ്പോർട്ട് വിഭാഗങ്ങളിലുള്ള ജീവനക്കാരെയാണ് ബാധിക്കുന്നത്.
ഇതിൽ ഏകദേശം 1,000 തസ്തികകൾ ഇതിനോടകം തന്നെ ഇല്ലാതാക്കിക്കഴിഞ്ഞു. എങ്കിലും ബാക്കിയുള്ള പിരിച്ചുവിടലുകൾ 2026 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാം പാദത്തിൽ ബർക്ലേസ് 2.3 ബില്യൺ പൗണ്ട് (ഏകദേശം 29,193.42 കോടി രൂപ) ലാഭം രേഖപ്പെടുത്തിയ സമയത്താണ് ഈ വെട്ടിക്കുറയ്ക്കലുകൾ നടപ്പിലാക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ ലാഭം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗണ്യമായി മെച്ചപ്പെട്ടതാണെങ്കിലും ലാഭവിഹിതം ഇതിലും ഉയർന്നതായിരിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പ്രവചിച്ചിരുന്നത്. ബാങ്കിന്റെ ഫിക്സഡ് ഇൻകം ട്രേഡിംഗ് ബിസിനസിലുണ്ടായ മന്ദഗതി ഇൻവെസ്റ്റ്മെന്റ് ബാങ്കിന്റെ മൊത്തത്തിലുള്ള പ്രവർത്തനഫലത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു.
ഫിക്സഡ് ഇൻകം ട്രേഡിംഗിലെ മോശം പ്രകടനം ഏറെ നിരാശാജനകമാണെന്നാണ് ബാര്‍ക്ലേസ് സിഇഒ സി.എസ് വെങ്കിടകൃഷ്ണൻ പറഞ്ഞു. ബാങ്കിന്റെ പ്രധാന ശക്തിസ്രോതസ്സുകളിലൊന്നായ ഈ വിഭാഗത്തിലെ പ്രകടനക്കുറവ് പരിഹരിക്കാൻ വ്യക്തിപരമായി തന്നെ പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വാർത്തയെ തുടർന്ന് ബാർക്ലേസ് ബാങ്കിന്റെ ഓഹരികളും ഇടിഞ്ഞു. മുമ്പ് നിരവധി വർഷങ്ങളായി സ്ഥിരമായ വളർച്ച കണ്ടിരുന്ന ബാർക്ലേസ് ബാങ്കിന്റെ ഓഹരികൾ ഈ വർഷം 14 ശതമാനം ഇടിഞ്ഞു. ഉയർന്ന പലിശ നിരക്കുകളും കമ്പനിയുടെ ലാഭം വർധിപ്പിച്ചിരുന്നു.
Adjust Story Font
16

