ഗസ്സയിൽ 50,000 ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ദുരിതത്തിൽ
ഗർഭം അലസിപ്പോവുന്നതിന്റെ നിരക്ക് ആറ് മടങ്ങ് വർദ്ധിച്ചതായി ദെയ്ർ അൽ-ബലായിലെ അൽ-അഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രി വക്താവ് ഖലീൽ അൽ-ദഖ്‌റാൻ

ഗസ്സ സിറ്റി: ഗസ്സയിലെ ഇസ്രായേൽ വ്യോമാക്രമണം ജീവിച്ചിരിക്കുന്നവരെ മാത്രമല്ല പിറന്ന് വീഴാനിരിക്കുന്നവരെ പോലും ദുരിതത്തിലാക്കുകയാണ്.
ഇസ്രായേൽ തുടരുന്ന യുദ്ധം ഗസ്സയിലെ ഗർഭിണികളെയും മുലയൂട്ടുന്ന അമ്മമാരെയും വിനാശകരമായി ബാധിക്കുന്നുവെന്നും ഭക്ഷണത്തിന്റെയും അവശ്യമരുന്നുകളുടെയും ക്ഷാമം മൂലം 50,000 പേർ ഗുരുതരാവസ്ഥയിലാണെന്നും ഗസ്സയിലെ അൽ-അഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രി അധികൃതരുടെ റിപ്പോർട്ടിൽ പറയുന്നു.
യുദ്ധം ആരംഭിച്ചതിന് ശേഷം ഗർഭം അലസിപ്പോവുന്നതിന്റെ നിരക്ക് ആറ് മടങ്ങ് വർദ്ധിച്ചതായി ദെയ്ർ അൽ-ബലായിലെ അൽ-അഖ്‌സ മാർട്ടിയേഴ്‌സ് ആശുപത്രി വക്താവ് ഖലീൽ അൽ-ദഖ്‌റാൻ പറഞ്ഞു. കൂടാതെ മാസം തികയാതെ പ്രസവിക്കുന്നവരുടെ എണ്ണവും ഗണ്ണ്യമായി വർദ്ധിക്കുന്നതായി വഫാ വാർത്താ ഏജൻസിയും റിപോർട്ട് ചെയ്തു.
ഗസ്സയിലെ ആരോഗ്യ കേന്ദ്രങ്ങളെയാണ് ഇസ്രോയേൽ ലക്ഷ്യമിടുന്നത്. ഇത് ആരോഗ്യ കേന്ദ്രങ്ങളുടെ തകർച്ചക്കും രോഗികളിൽ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനും കാരണമായിട്ടുണ്ട്.
ഗസ്സയിലെ 23-ലധികം ആശുപത്രികൾ ഇസ്രായേൽ പ്രവർത്തനരഹിതമാക്കി. ശേഷിച്ച ആശുപത്രികളാവട്ടെ മെഡിക്കൽ ഉപകരണങ്ങളുടേയും മറ്റും അവശ്യ വസ്തുക്കളുടേയും ലഭ്യതക്കുറവ് മൂലം ഭാഗികമായി മാത്രമേ പ്രവർത്തിക്കുന്നൊള്ളൂവെന്നും ദഖ്‌റാൻ പറഞ്ഞു.
12,000ത്തോളം ക്യാൻസർ രോഗികളാണ് ചികിത്സ ലഭിക്കാതെ മടങ്ങിപ്പോയത്. അതിന്റെ ഫലമായി ഒരു ദിവസം ഏകദേശം അഞ്ച് പേർ വീതം മരണപ്പെടുകയും ചെയ്തു.
ഇസ്രായേലിന്റെ മനുഷ്യത്വ രഹിതമായ ഈ നടപടികൾ നിരവധി ഗസ്സക്കാരെയാണ് പ്രതിസന്ധിയിലാക്കുന്നത്.
ഇവർക്ക് അത്യാവശ്യമായി ലഭിക്കേണ്ട സൗകര്യങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ആരോഗ്യസേവനങ്ങളോ സംവിധാനങ്ങളോ വെള്ളം പോലും കിട്ടാത്ത അവസ്ഥയിലാണ് ഗസ്സയിലെ ജനങ്ങൾ.
യുദ്ധത്തിന്റെ തുടക്കം മുതൽ ഇസ്രായേൽ ഗസ്സയിലുടനീളമുള്ള ആശുപത്രികൾ ഉപരോധിക്കുകയും ബോംബാക്രമണം നടത്തുകയും ചെയ്തു. അതിന്റെ ഫലമായി നിരവധി മെഡിക്കൽ ജീവനക്കാരും, രോഗികളും, അഭയം തേടിയെത്തിയവരുമുൾപ്പെടെ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തു.
Adjust Story Font
16

