ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഈജിപ്തിൽ അല്ല ! അറിയാം ആ ശവകുടീരങ്ങളെ പറ്റി..
ഈജിപ്തിൽ 2630 ബിസിഇയിൽ നിർമിച്ച പിരമിഡ് ഓഫ് ജോസർ ആണ് ലോകത്തെ ഏറ്റവും പഴക്കമുള്ള പിരമിഡ് ആയി ഇതുവരെയും കണക്കാക്കിയിരുന്നത്..

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പിരമിഡ് ഏതാണ്? ഈജിപ്തിലെ ഏതെങ്കിലും പിരമിഡ് ആണെന്നാവും ഉത്തരം അല്ലേ? എന്നാൽ അല്ല.. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഇനി മുതൽ അല്ല... 5,500 വർഷം പഴക്കമുള്ള പിരമിഡുകൾ പോളണ്ടിൽ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. പോളിഷ് പിരമിഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന ഈ ശവകുടീരങ്ങളുടെ കണ്ടെത്തലിലൂടെ, ശിലായുഗത്തിലേക്കടക്കം നിർണായക വഴിത്തിരിവുകളാണ് ഇനി പ്രതീക്ഷിക്കാനാവുക..
ഈജിപ്തിൽ 2630 ബിസിഇയിൽ നിർമിച്ച 'പിരമിഡ് ഓഫ് ജോസർ' ആണ് ലോകത്തെ ഏറ്റവും പഴക്കമുള്ള പിരമിഡ് ആയി ഇതുവരെയും കണക്കാക്കി വന്നിരുന്നത്. അതായത് 4654 വർഷം മുമ്പ് നിർമിച്ചു എന്ന് കണക്കാക്കപ്പെടുന്ന പിരമിഡ്. എന്നാൽ നിലവിൽ പോളണ്ടിൽ കണ്ടെത്തിയിരിക്കുന്ന പിരമിഡ് ശിലായുഗത്തിന്റെ അവസാനം നിർമിച്ചു എന്നാണ് കണ്ടെത്തൽ. എന്ന് വെച്ചാൽ ഈജിപ്തുകാർ പിരമിഡുകളെ കുറിച്ച് ചിന്തിക്കുന്നതിനും എത്രയോ മുമ്പേ..
പോളണ്ടിലെ വിസ്‌കോച്ച് എന്ന ഗ്രാമത്തിൽ അതീവ സുരക്ഷാ-പൈതൃക മേഖലയായി പരിപാലിച്ചു പോരുന്ന ക്ലപൗസ്‌കി ലാൻഡ്‌സ്‌കേപ്പ് പാർക്കിലാണ് പിരമിഡുകൾ കണ്ടെത്തിയിരിക്കുന്നത്. ഇവിടെ വിയൽകോപോൾസ്‌ക എന്ന പ്രദേശത്തായിരുന്നു കല്ലുകൊണ്ട് നിർമിച്ച ശവകുടീരങ്ങൾ ഉണ്ടായിരുന്നത്.. ഇതിൽ പലതും പോളണ്ടിലുള്ള എല്ലാ മെഗാലിത്തിക്ക് സ്തൂപങ്ങളേക്കാളും വലിപ്പമേറിയവയാണ്. കൂറ്റൻ കല്ലുകൾ കൊണ്ടാണ് ഇവയുടെ നിർമാണം. ഇവ ഈ പ്രദേശത്തുണ്ടായിരുന്ന കർഷകസമൂഹം പണിതതാവാമെന്ന നിഗമനത്തിലാണ് ആഡം മിക്കീവിക്‌സ് സർവകലാശാലയിലെ ഗവേഷകസംഘം.
ആശ്ചര്യകരമാം വിധത്തിൽ സംരക്ഷിക്കപ്പെട്ട നിലയിലാണ് ഗവേഷകർ പോളിഷ് പിരമിഡുകൾ കണ്ടെത്തുന്നത്. 'ദി ബെഡ്‌സ് ഓഫ് ജയന്റ്‌സ്' എന്നാണ് ഗവേഷകർ ഇവയ്ക്ക് നൽകിയിരിക്കുന്ന പേര്. അതായത് ഭീമന്മാരുടെ കിടക്ക എന്ന്.. വിസ്തീർണത്തിൽ അത്രത്തോളം ഭീമാകാരമാണ് ഈ ശവകുടീരങ്ങൾ എന്നർഥം. ഓരോ പിരമിഡിനും നാല് മീറ്റർ ഉയരവും 200 മീറ്റർ വരെ നീളവും ഉണ്ട്. ഈജിപ്തിലേതിന് സമാനമായി ത്രികോണാകൃതിയിലാണ് ഇവയുടെയും നിർമാണം. ഓരോ പിരമിഡിന് മുന്നിലും വാതിലിന് സമാനമായ നിർമിതികളുണ്ട്. ഈ പിരമിഡുകളിലെ ചില കല്ലുകൾക്ക് 10 ടൺ വരെ ഭാരം രേഖപ്പെടുത്തിയിട്ടുണ്ട് ഗവേഷകർ. പരമ്പരാഗത രീതിയിലുള്ള ആയുധങ്ങളും മെയ്ക്കരുത്തും മാത്രം വെച്ച് എങ്ങനെ ഈ കല്ലുകളൊക്കെ പടുത്തുയർത്തി എന്നതാണ് മറ്റൊരു അത്ഭുതം.
പിരമിഡുകളുടെ മുൻവശം കിഴക്കോട്ട് ദർശനം വരുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്, പിൻവശം പടിഞ്ഞാറേക്കും.. ഇത് ജ്യോതിശാസ്ത്രപകാരമാവാം എന്നാണ് ഗവേഷകരുടെ അനുമാനം. ഈ അലൈൻമെന്റ് പ്രതീകാത്മകമാണെന്നും പുരാവസ്തുഗവേഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഉദിച്ച സൂര്യൻ ജീവന്റെയും അസ്തമയസൂര്യൻ മരണത്തിന്റെയും പ്രതീകമാണെന്നതിനാലാണ് ശവകുടീരങ്ങൾ ഇത്തരത്തിൽ നിർമിച്ചതെന്നാണ് അവരുടെ വാദം.
ഈജിപ്ഷ്യൻ പിരമിഡുകളിൽ നിന്ന് വ്യത്യസ്തമായി പോളിഷ് പിരമിഡുകളിൽ നിന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ല എന്നതാണ് കൗതുകം. അങ്ങനെ കാലാകാലങ്ങളോളം മനുഷ്യശരീരം മമ്മിഫൈ ചെയ്ത് സൂക്ഷിക്കാനുള്ള സൗകര്യത്തിലല്ല ഈ പിരമിഡുകൾ രൂപകല്പന ചെയ്തിരിക്കുന്നത് എന്നതിനാലാണത്. പിരമിഡുകൾ പണിയാനുപയോഗിച്ചതോ തൊഴിലാളികൾ ഉപേക്ഷിച്ച് പോയതോ ആയ ആയുധങ്ങളുടെയോ ആഭരണങ്ങളുടെയോ അവശിഷ്ടങ്ങൾ എങ്കിലും കിട്ടുമെന്ന പ്രതീക്ഷയിൽ പരിശോധന ശക്തമാക്കുകയാണ് ഗവേഷകർ.
ഇതേ പ്രദേശത്ത് ഇത് രണ്ടാം തവണയാണ് പിരമിഡുകൾ കണ്ടെത്തുന്നത്. നേരത്തേ 2019ലും കല്ലുകൊണ്ട് നിർമിച്ച ശവകുടീരങ്ങൾ ഇവിടെ കണ്ടെത്തിയിരുന്നു.
Adjust Story Font
16

