ആകെ 700 താമസക്കാർ, പ്രതിദിനമെത്തുന്നത് 10000 പേർ; ടൂറിസ്റ്റുകളെ കൊണ്ട് പൊറുതിമുട്ടി ഒരു നാട്
ഓസ്ട്രിയയില്‍ സാല്‍സ്‌കാമര്‍ഘട്ട് എന്ന പ്രദേശത്താണ് ഹാള്‍സ്റ്റാറ്റ് സ്ഥിതിചെയ്യുന്നത്.

ടൂറിസ്റ്റുകളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന ഒരു നാടിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഓസ്ട്രിയയിലെ ഹാൾസ്റ്റാറ്റ് എന്ന സ്ഥലത്തെ കുറിച്ചാണ് പറയുന്നത്. ആകെ 700 പേർ താമസിക്കുന്ന ഇവിടെക്ക് ദിവസവും സന്ദർശനത്തിനെത്തുന്നത് പതിനായിരത്തിലേറെ പേർ. ടൂറിസ്റ്റുകളെ കൊണ്ട് പൊറുതിമുട്ടി പ്രതിഷേധങ്ങളിലേക്ക് നീങ്ങുകയാണ് പ്രദേശവാസികൾ.
ഓസ്ട്രിയയില്‍ സാല്‍സ്‌കാമര്‍ഘട്ട് എന്ന പ്രദേശത്താണ് ഹാള്‍സ്റ്റാറ്റ് സ്ഥിതിചെയ്യുന്നത്. യുനെസ്‌കോയുടെ ലോക പൈതൃകനഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച സ്ഥലമാണിത്. ഒരു ദിവസം ഹാൾസ്റ്റാറ്റിലെത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണം നിയന്ത്രിക്കണമെന്ന് ഏറെ നാളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ഹാൾസ്റ്റാറ്റിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ടൂറിസം വഴിയൊരുക്കുന്നുണ്ട് എങ്കിലും ക്രമാതീതമായ സന്ദർശകരുടെ വരവിൽ തങ്ങളുടെ ദൈനംദിന ജീവിതം ഏറെ ബുദ്ധിമുട്ടിലാകുന്നു എന്ന് പരസ്യമായി പ്രകടിപ്പിക്കുകയാണിവർ.
Photo credit: Getty image
സഞ്ചാരികളുമായെത്തുന്ന വലിയ ബസുകൾ സൃഷ്ടിക്കുന്ന ദുരിതങ്ങൾ ഏറെയാണെന്ന് ചൂണ്ടി കാണിച്ച് പ്രാദേശിക സമയം വെെകുന്നേരം അഞ്ചുമണി കഴിഞ്ഞാൽ ഇവിടെക്ക് എത്തുന്ന ടൂർ ബസുകൾ നിരോധിക്കണമെന്നും താമസക്കാർ ആവശ്യപ്പെട്ടു. കനത്ത ഗതാഗതക്കുരുക്കിനും തങ്ങളുടെ സഞ്ചാരത്തിനും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നും പ്രദേശവാസികൾ പറയുന്നു.
പർവതനിരകളാൽ ചുറ്റപ്പെട്ട ആൽപൈൻ തടാകവും പുരാതനശൈലിയിൽ നിർമിച്ച അതിമനോഹരമായ വീടുകളും പൂക്കളും കണ്ണാടിയിലെന്നപോലെ പ്രതിഫലിപ്പിക്കുന്ന തടാകവുമൊക്കെയായ ഈ പ്രദേശം സമീപകാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നായി മാറുകയായിരുന്നു. പകൽ സമയങ്ങളിലാണ് കൂടുതൽ ടൂറിസ്റ്റുകൾ ഇവിടെ എത്താറുളളത്.
Photo credit: Getty image
തടാകം, ചർച്ച് ടവർ, പർവതക്കാഴ്ചകൾ എല്ലാം പശ്ചാത്തലമാക്കി നിരവധി സന്ദർശകർ സെൽഫി എടുക്കാറുണ്ട്. കാഴ്ചകൾ കാണാനെത്തുന്നവരുടെ ബഹളവും വാഹനത്തിരക്കും കാരണം, സെൽഫിയെടുക്കുന്നവരെ തടയാൻ ആൽപ്സിന്റെ കാഴ്ച മറച്ച് നാട്ടുകാർ വലിയ ബോർഡ് സ്ഥാപിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയകളിൽ ഇത് ചർച്ചയായതോടെ പിന്നീട് എടുത്തു മാറ്റുകയായിരുന്നു. തുടർന്ന് സന്ദർശകരുടെ എണ്ണം കൂടുന്നതിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഹാൾസ്റ്റാറ്റ് മേയർ തന്നെ രംഗത്തെത്തി. ഹാൾസ്റ്റാറ്റിലെത്തുന്ന ടൂറിസ്റ്റ് ബസുകളുടെ എണ്ണം മൂന്നിലൊന്നായി കുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16

