Quantcast

വടക്കൻ ഗസ്സയിൽ ഇന്ന് മുതൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തൽ

തീരുമാനം ഇസ്രായേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ്

MediaOne Logo

Web Desk

  • Updated:

    2023-11-09 16:28:58.0

Published:

9 Nov 2023 4:26 PM GMT

A four-hour ceasefire in northern Gaza was reached through Qatar-mediated talks
X

വടക്കൻ ഗസ്സയിൽ ഇന്ന് മുതൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തൽ. തീരുമാനം ഇസ്രായേൽ അംഗീകരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ കർബിയാണ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ വടക്കൻ ഗസ്സയിലും തെക്കൻ ഗസ്സയിലും ഒരുപോലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രായേൽ. ആശുപത്രികളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ടാണ് ഇസ്രായേൽ വ്യോമാക്രമണം തുടരുന്നത്. അൽ ശിഫ, അൽ നാസർ ആശുപത്രികൾക്ക് സമീപവും ഇന്ന് ആക്രമണം നടത്തി. ജബാലിയ ക്യാമ്പിലെ ആക്രമണത്തിൽ മാത്രം ഇന്ന് കൊല്ലപ്പെട്ടത് 20ലേറെ പേരാണ്. തെക്കും വടക്കും ഒരേപോലെ ആക്രമണം നടക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത് 2,500ലേറെ പേരാണ്. ആശുപത്രികളിൽ ഇന്ധനമില്ലാത്തതിനാൽ പലയിടത്തും മൊബൈൽ വെളിച്ചത്തിലാണ് ശസ്ത്രക്രിയ. അനസ്ത്യേഷ്യ ഉൾപ്പെടെ ലഭ്യമല്ല. അതേസമയം, വടക്കൻ ഗസ്സയുടെ നിയന്ത്രണം പിടിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. അതിനിടെ, കരയുദ്ധത്തിൽ ഒരു ഇസ്രായേൽ സൈനികൻകൂടി കൊല്ലപ്പെട്ടു. ഗസ്സയിൽ മരണം 10,500 കവിഞ്ഞിരിക്കുകയാണ്.

അതിനിടെ, വെസ്റ്റ് ബാങ്കിൽ ജെനിൻ അഭയാർഥി ക്യാമ്പിന് നേരെ വീണ്ടും ഇസ്രായേൽ ആക്രമണം നടത്തി. ഇസ്രായേൽ അതിക്രമത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഒക്ടോബർ ഏഴിന് ശേഷം വെസ്റ്റ്ബാങ്കിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 172 ആയിരിക്കുകയാണ്. വെസ്റ്റ് ബാങ്കിലെ റെയ്ഡിൽ ഒമ്പത് ഫലസ്തീനികളെ അറസ്റ്റ് ചെയ്തതായാണ് ഇസ്രായേൽ സേന അറിയിക്കുന്നത്.

ഗസ്സ സിറ്റിയുടെ ഹൃദയഭാഗത്ത് എത്തിയെന്ന് ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും ഹമാസ് സ്ഥിരീകരിച്ചിട്ടില്ല. ഹമാസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ എണ്ണം 34 ആയി. 260 സൈനികർക്കാണ് പരിക്കേറ്റത്. വെസ്റ്റ് ബാങ്കിലും കനത്ത സംഘർഷം തുടരുകയാണ്,, രണ്ട് ഇസ്രായേലി സൈനികർക്ക് ഗുരുതരമായി വെടിയേറ്റു.

10 മുതൽ 15 വരെ ബന്ദികളെ വിട്ടുനൽകി വെടിനിർത്തലിന് ഖത്തർ മധ്യസ്ഥതയിൽ ശ്രമം തുടരുകയാണ്. ഉസ്ബെക്കിസ്ഥാനിൽ ചേരുന്ന ഇസിഒ യോഗത്തിൽ ഉർദുഗാനും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയും പങ്കെടുത്തേക്കും. സിറിയയിലെ 12 ഇറാൻ അനുകൂല സായുധസംഘാംഗങ്ങളെ വധിച്ചെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ലബനാൻ അതിർത്തിയിലും സംഘർഷം തുടരുകയാണ്.

അതേസമയം, ഇസ്രായേൽ പിടിച്ചുകൊണ്ടുപോയ ഫലസ്തീനികളെ കടുത്ത പീഡനത്തിനാണ് ഇരയാക്കുന്നതെന്ന് ഇസ്രായേലി പത്രം ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു.

TAGS :

Next Story