മെക്‌സിക്കൻ നാവികസേന കപ്പൽ ബ്രൂക്ക്‌ലിൻ പാലത്തിലിടിച്ച് തകർന്നു; 22 പേർക്ക് പരിക്ക്
മെക്‌സിക്കൻ നാവികസേനയുടെ ട്രയിനിങ് കപ്പലായ കോട്ടെമോക്ക് ആണ് തകർന്നത്

ന്യൂയോർക്ക്: മെക്‌സിക്കൻ നാവികസേനയുടെ കപ്പൽ ന്യൂയോർക്കിലെ ബ്രൂക്ക്‌ലിൻ പാലത്തിലിടിച്ച് തകർന്ന് 22 പേർക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരമാണെന്ന് മെക്‌സിക്കൻ നാവികസേന അറിയിച്ചു. നാവികസേനയുടെ ട്രയിനിങ് കപ്പലായ കോട്ടെമോക്ക് ആണ് തകർന്നത്.
ശനിയാഴ്ച വൈകുന്നേരം പ്രശസ്തമായ പാലത്തിനടിയിലൂടെ കടന്നു പോകുന്നതിനിടയിൽ കപ്പലിന്റെ മുകൾവശം പാലത്തിലിടിച്ച് തകരുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. തകർന്ന ഭാഗങ്ങൾ കപ്പലിലേക്ക് തന്നെ വീഴുന്നതായും ദൃശ്യങ്ങളിൽ കാണാം. ക്രൂ അംഗങ്ങളിൽ ചിലർ കപ്പലിന്റെ തകർന്ന ഭാഗങ്ങളിൽ നിൽക്കുന്നുണ്ടായിരുന്നു എന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചതെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പാലത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലായെന്ന് ന്യൂയോർക്ക് മേയർ വ്യക്തമാക്കി. അപകടത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് മെക്‌സിക്കൻ നാവികസേനാ അധികൃതർ അറിയിച്ചു. അപകടത്തിൽ കൃത്യമായി എത്ര പേർക്ക് പരിക്കേറ്റെന്നോ ആരൊക്കെയാണെന്നോ അറിയാൻ കഴിഞ്ഞിട്ടില്ല.
Adjust Story Font
16

