Quantcast

ഒരു മാസത്തിന് ശേഷം ഗസ്സയിലെ അൽ ശിഫ ആശുപത്രിയിൽ സഹായമെത്തിച്ച് ലോകാരോഗ്യ സംഘടന

വൈദ്യസഹായം, ഇന്ധനം, വെള്ളം, ഭക്ഷണം എന്നിവയുടെ അഭാവം കാരണം സേവനങ്ങളൾ വളരെ പരിമിതമാണ്

MediaOne Logo

Web Desk

  • Published:

    2 March 2024 12:54 PM GMT

al shifa hospital gaza
X

വടക്കൻ ഗസ്സയിലെ പ്രധാന ആശുപത്രിയായ അൽ ശിഫയിൽ ഒരു മാസത്തിന് ശേഷം സഹയാമെത്തിച്ച് ലോകാരോഗ്യ സംഘടന. ​ലോകാരോഗ്യ സംഘടനയും അതുമായി സഹകരിക്കുന്നവരും ചേർന്നാണ് ആശുപത്രിയിലേക്ക് ആവശ്യമായ ഇന്ധനവും വൈദ്യസഹായവും എത്തിച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

‘ഒരു ​മാസത്തിന് ശേഷം ലോകാരോഗ്യ സംഘടനക്കും അവരുടെ പങ്കാളികൾക്കും 19,000 ലിറ്റർ ഇന്ധനം എത്തിക്കാനായി വടക്കൻ ഗസ്സയിലെ അൽ ശിഫ ആശുപത്രിയിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞു. 150 രോഗികൾക്കുള്ള ജീവൻരക്ഷാ മെഡിക്കൽ വസ്തുക്കൾ, പോഷകാഹാരക്കുറവ് അനുഭവിക്കുന്ന 50 കുട്ടികൾക്കുള്ള ചികിത്സ എന്നിവയും നൽകി.

240ലധികം രോഗികളെ സന്നദ്ധരായ ആരോഗ്യ പ്രവർത്തകൾ പരിചരിക്കുന്നുണ്ട്. വൈദ്യസഹായം, ഇന്ധനം, വെള്ളം, ഭക്ഷണം എന്നിവയുടെ അഭാവം കാരണം സേവനങ്ങളൾ വളരെ പരിമിതമാണ്. ആശുപത്രിക്ക് ചുറ്റുമുള്ള നാശനഷ്ടങ്ങളുടെ തോത് വാക്കുകൾക്ക് അതീതമാണ്’ -ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ വ്യക്തമാക്കി. വെടിനിർത്തൽ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ പലതവണ ഗസ്സയിലേക്ക് ലോകാരോഗ്യ സംഘടന വൈദ്യസഹായ പദ്ധതികൾ എത്തിക്കാൻ ആ​സൂത്രണം ചെയ്തിരുന്നെങ്കിലും സുരക്ഷ കാരണങ്ങളാൽ അത് മാറ്റിവെക്കുകയുണ്ടായി. അതിരൂക്ഷമായ ബോംബാക്രമണങ്ങൾ, യാത്രാ നിയന്ത്രണങ്ങൾ, ആശയവിനിമയങ്ങളുടെ അഭാവം തുടങ്ങിയ കാരണങ്ങളാണ് സഹായം എത്തിക്കുന്നതിന് വിഘാതം സൃഷ്ടിച്ചത്.

അൽ ശിഫ ആശുപത്രിക്ക് നേരെ വലിയ ആക്രമണമാണ് ഇസ്രായേൽ അധിനിവേശ സൈന്യം അഴിച്ചുവിട്ടത്. ആശുപത്രി പ്രവർത്തിച്ചിരുന്നത് ഹമാസ് ഒളിത്താവളമായിട്ടായിരുന്നെന്നും അവരുടെ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിച്ചിരുന്ന തുരങ്കങ്ങൾക്ക് മുകളിലാണ് ആതുരാലയം പ്രവർത്തിച്ചിരുന്നതെന്നുമായിരുന്നു ഇസ്രായേൽ പ്രചാരണം. ആശുപത്രി ആക്രമിക്കുകയും നിരവധി പേർ​ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കൂടാതെ ഡോക്ടർമാർ ഉൾപ്പെടെയുള്ളവരെ അറസ്റ്റിലാവുകയും ചെയ്തു. ഇതോടെ ചികിത്സ കിട്ടാതെ നിരവധി പേരാണ് മരണപ്പെട്ടത്.

അതേസമയം, അൽ ശിഫ ആശുപത്രിയെ ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി ഉപയോഗിച്ചിരുന്നുവെന്ന് കാണിക്കാനുള്ള തെളിവുകൾ ഒന്നുമില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ആശുപത്രിയിൽനിന്ന് തുരങ്കങ്ങളിലേക്ക് പ്രവേശിക്കാൻ കഴിയും എന്നതിനുള്ള തെളിവുകളും കണ്ടെത്തിയിരുന്നില്ല.

ഇസ്രായേൽ ആക്രമണത്തെ തുടർന്ന് ഗസ്സയിലെ ഭൂരിഭാഗം ആശുപത്രികളുടെയും പ്രവർത്തനം നിലച്ചിട്ടുണ്ട്. രോഗികളടക്കമുള്ളവർ മതിയായ ചികിത്സ ലഭിക്കാതെ മരണമുനമ്പിലാണ്.

ഗസ്സയിൽ നിന്ന് എണ്ണായിരത്തിലധികം പേരെ അടിയന്തര ചികിത്സക്കായി മറ്റു രാജ്യങ്ങളിലേക്ക് മാറ്റേണ്ടതുണ്ടെന്ന് നേരത്തെ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. യുദ്ധത്തിൽ പരിക്കേറ്റവർക്കും മറ്റും രോഗികൾക്കുമുള്ള ചികിത്സ സൗകര്യം ഗസ്സയിൽ പരിമിതമാണ്. ഈജിപ്തിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ രോഗികളെ മാറ്റൽ അത്യാവശ്യമാണെന്ന് ഫലസ്തീനിലെ ​ഡബ്ല്യു.എച്ച്.ഒ പ്രതിനിധി റിച്ചാർഡ് പീപെർകോൺ അറിയിച്ചിരുന്നു.

ഈജിപ്തും മറ്റു പല രാജ്യങ്ങളും രോഗികളെ സ്വീകരിക്കാൻ തയാറാണ്. എന്നാൽ, ഇവരെ മാറ്റാൻ ആവശ്യമായ സംവിധാനങ്ങളും സൗകര്യങ്ങളും കുറവാണ്. വടക്കൻ ഗസ്സയിൽ ജനുവരിയിൽ 15 ദൗത്യങ്ങളാണ് ഡബ്ല്യു.എച്ച്.ഒ ആസൂത്രണം ചെയ്തത്. എന്നാൽ, ഇതിൽ മൂന്നെണ്ണം മാത്രമാണ് പ്രാവർത്തികമായത്. ഗതാഗത സൗകര്യമില്ലാത്തതിനാൽ നാല് ദൗത്യങ്ങൾ തടസ്സപ്പെട്ടു. ഒന്ന് മാറ്റിവെക്കുകയും എട്ടെണ്ണം നിരസിക്കുകയും ചെയ്തു.

തെക്കൻ ഗസ്സയിൽ 11 ദൗത്യങ്ങളാണ് ആസൂത്രണം ചെയ്തത്. ഇതിൽ നാലെണ്ണം നടപ്പായി. രണ്ടെണ്ണം ചെക്ക്പോസ്റ്റിലെ പ്രശ്നങ്ങൾ കാരണം മുടങ്ങി. മൂന്ന് ദൗത്യങ്ങൾ നിരസിക്കപ്പെടുകയും ചെയ്തു. ഗസ്സയിലെ സുരക്ഷ സംവിധാനങ്ങളുടെയും മാനുഷിക ഇടനാഴികളുടെയും അഭാവം ഇത്തരം പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാവുകയാണെന്നും ​റിച്ചാർഡ് പീപെർകോൺ വ്യക്തമാക്കി.

TAGS :

Next Story