അഫ്ഗാനില്‍ പിടിമുറുക്കി താലിബാന്‍: ഖാലിദ് പയേന്ദ ധനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യംവിട്ടു
രാജ്യത്തെ ഒൻപത് പ്രവിശ്യാ തലസ്ഥാനങ്ങളും സുപ്രധാന നികുതി ചെക്പോസ്റ്റുകളും താലിബാൻ പിടിച്ചെടുത്തു

അഫ്ഗാൻ തലസ്ഥാനമായ കാബൂൾ മൂന്ന് മാസത്തിനകം താലിബാൻ കീഴടക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. രാജ്യത്തെ ഒൻപത് പ്രവിശ്യാ തലസ്ഥാനങ്ങളും സുപ്രധാന നികുതി ചെക്പോസ്റ്റുകളും താലിബാൻ പിടിച്ചെടുത്തു. ഇതിന് പിന്നാലെ ധനമന്ത്രി ഖാലിദ് പയേന്ദ രാജിവെച്ച് രാജ്യം വിട്ടു.
താലിബാന്‍ പിടിമുറുക്കിയതോടെ നികുതി വരുമാനം കുറഞ്ഞ് പ്രതിസന്ധി നേരിട്ടതോടെയാണ് ധനമന്ത്രി രാജിവെച്ചതെന്ന് സാമ്പത്തിക വകുപ്പ് വക്താവ് പറഞ്ഞു. രാജ്യംവിട്ട ഖാലിദ് പയേന്ദ എങ്ങോട്ടാണ് പോയതെന്ന് വ്യക്തമല്ല.
അഫ്ഗാൻ സൈന്യം കനത്ത തിരിച്ചടി തുടരുമ്പോഴും രാജ്യത്തിന്‍റെ പ്രധാന മേഖലകളിൽ താലിബാൻ പിടിമുറുക്കി കഴിഞ്ഞു. ഗ്രാമീണ മേഖലകളിൽ ആദ്യഘട്ടത്തിൽ തന്നെ നിയന്ത്രണം ഉറപ്പാക്കി. അഫ്ഗാനിസ്ഥാനിലെ എട്ട് പ്രവിശ്യാകേന്ദ്രങ്ങളും താലിബാൻ പിടിച്ചടക്കി. ഇതോടെ അഫ്ഗാനിസ്ഥാന്‍റെ 65 ശതമാനം ഭൂപ്രദേശവും താലിബാന്‍റെ നിയന്ത്രണത്തിലാണ്. മൂന്ന് മാസം കൊണ്ട് കാബൂളും താലിബാൻ കീഴടക്കുമെന്നാണ് അമേരിക്കൻ സൈന്യത്തിന്‍റെ മുന്നറിയിപ്പ്.
രാജ്യത്തിന്‍റെ നിയന്ത്രണം കൈവിടാതിരിക്കാൻ അഫ്ഗാൻ സൈന്യം ശക്തമായ പോരാട്ടത്തിലാണ്. അഫ്ഗാൻ പ്രസിഡന്‍റ് അഷ്റഫ് ഘാനി സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. വടക്കൻ മേഖലയിലെ മസര്‍ ഇ ശെരീഫ് നഗരത്തിൽ പ്രസിഡന്‍റ് എത്തി സ്ഥിതിഗതികൾ വിലയിരുത്തി.
അതേസമയം അഫ്ഗാനിസ്താനിൽ നിന്നും സൈന്യത്തെ പിൻവലിച്ചതിൽ കുറ്റബോധമില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. സ്വന്തം രാജ്യത്തിനായി പോരാടാൻ അഫ്ഗാൻ ഒന്നിച്ചുനിൽക്കണമെന്നും ബൈഡൻ പ്രതികരിച്ചു.
Adjust Story Font
16

