1946-ന് ശേഷം ലോകത്ത് ഏറ്റവും കൂടുതൽ സായുധ സംഘർഷങ്ങൾ നടന്നത് കഴിഞ്ഞ വർഷമെന്ന് പഠനം
ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഏറ്റവും കൂടുതൽ സംഘർഷങ്ങൾ നടക്കുന്നത്.

കഴിഞ്ഞ 80 വർഷത്തിനിടെ ലോകത്ത് ഏറ്റവും കൂടുതൽ സായുധ സംഘർഷങ്ങൾ നടന്നത് 2024-ലെന്ന് പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷം 36 രാജ്യങ്ങളിലായി 61 ഏറ്റുമുട്ടലുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും ചില രാജ്യങ്ങളിൽ ഒരേസമയം നിരവധി സംഘർഷങ്ങൾ അനുഭവപ്പെട്ടതായും ഓസ്‌ലോയിലെ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പറയുന്നു.
2023ൽ 34 രാജ്യങ്ങളിലായി 59 സംഘർഷങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഇത് വെറുമൊരു കുതിച്ചുചാട്ടമല്ലെന്നും ഘടനാപരമായ മാറ്റമാണെന്നും 1946-2024 കാലഘട്ടത്തിലെ സായുധ സംഘട്ടനങ്ങളിലെ പ്രവണതകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ടിന്റെ പ്രധാന രചയിതാവായ സിരി ആസ് റുസ്താദ് പറഞ്ഞു. ഇന്നത്തെ ലോകം കൂടുതൽ സംഘർഷഭരിതവും ഛിന്നഭിന്നമാക്കപ്പെട്ടതുമാണെന്നും അവർ പറഞ്ഞു.
ആഫ്രിക്കൻ ഭൂഖണ്ഡത്തിലാണ് ഏറ്റവും കൂടുതൽ സംഘർഷങ്ങൾ നടക്കുന്നത്. ഒരു രാജ്യമെങ്കിലും പങ്കെടുക്കുന്ന കുറഞ്ഞത് 28 സംഘർഷങ്ങളെങ്കിലും നടക്കുന്നുണ്ട്. ഏഷ്യ- 17, മിഡിലീസ്റ്റ്- 10, യൂറോപ്പ്- മൂന്ന്, അമേരിക്ക- രണ്ട് എന്നിങ്ങനെയാണ് റിപ്പോർട്ടിൽ പറയുന്ന കണക്ക്. ഇതിൽ പകുതിയിലധികം രാജ്യങ്ങളും രണ്ടോ അതിലധികമോ ഏറ്റുമുട്ടലുകൾ അനുഭവിക്കുന്നുണ്ട്.
സംഘർഷങ്ങളുടെ ഫലമായി കൊല്ലപ്പെട്ടവരുടെ എണ്ണം 2023-ലെ അതേനിലയിൽ തുടരുകയാണ്. ഏകദേശം 129,000 ആണത്. 1989-ൽ ശീതയുദ്ധം അവസാനിച്ച ശേഷം ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട നാലാമത്തെ വർഷമാണ് 2024 എന്നും റിപ്പോർട്ട് പറയുന്നു.
ഗസ്സ, യുക്രൈൻ യുദ്ധങ്ങളും എത്യോപ്യയിലെ ടിഗ്രെ മേഖലയിലെ ഏറ്റുമുട്ടലുകളുമാണ് മരണസംഖ്യ ഉയരാൻ കാരണം. അമേരിക്കയും മറ്റു ലോകശക്തികളും അന്താരാഷ്ട്ര ഇടപെടലുകളിൽ നിന്ന് പിൻമാറേണ്ട സമയമല്ല ഇതെന്നും റുസ്താദ് പറഞ്ഞു.
Adjust Story Font
16

