ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെട്ട പ്രിയ സഹപ്രവര്‍ത്തകര്‍ക്കായി...; തത്സമയ സംപ്രേഷണത്തിനിടെ അനുശോചനം അര്‍പ്പിച്ച് അൽ ജസീറ ജീവനക്കാര്‍
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വടക്കൻ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെ റിപ്പോർട്ട് ചെയ്യുകയായിരുന്നു 28കാരനായ അനസ്

ദോഹ: ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അനസ് അൽ ശെരീഫ് ഉൾപ്പെടെയുള്ള അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് തത്സമയ സംപ്രേഷണത്തിനിടെ അനുശോചനം അര്‍പ്പിച്ച് അൽ ജസീറ ജീവനക്കാര്‍. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും കൈകളിലേന്തിയാണ് പ്രിയ സഹപ്രവര്‍ത്തകരുടെ മരണത്തിൽ ഒരു നിമിഷം ദുഃഖം ആചരിച്ചത്.
ഗസ്സ സിറ്റിയിലെ മാധ്യമപ്രവർത്തകരെ പാർപ്പിച്ചിരിക്കുന്ന ടെന്‍റിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് അനസ് അൽ ശെരീഫ്, മുഹമ്മദ് ഖ്രീഖെ, ഇബ്രാഹിം സഹെർ, മുഹമ്മദ് നൗഫൽ, മോമെൻ അലിവ എന്നിവര്‍ കൊല്ലപ്പെട്ടത്.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വടക്കൻ ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെ റിപ്പോർട്ട് ചെയ്യുകയായിരുന്നു 28കാരനായ അനസ്. അദ്ദേഹത്തിന്‍റെ അവസാന വീഡിയോയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇരുണ്ട ആകാശം ഓറഞ്ച് വെളിച്ചത്തിൽ നിറയുന്നതും ഇസ്രായേലിന്റെ മിസൈൽ ബോംബിംഗിന്റെ ഉച്ചത്തിലുള്ള മുഴക്കവും പശ്ചാത്തലത്തിൽ കേൾക്കാമായിരുന്നു. മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള മറ്റൊരു നഗ്നവും ആസൂത്രിതവുമായ ആക്രമണമെന്ന് കൊലപാതകങ്ങളെ അപലപിച്ച് കൊണ്ട് അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് പ്രസ്താവനയിൽ പറഞ്ഞു.
500,000-ത്തിലധികം ഫോളോവേഴ്‌സ് ഉള്ള അനസിന്റെ എക്സ് അകൗണ്ടിൽ മരണത്തിന് മിനിറ്റുകൾക്ക് മുമ്പ് വരെ ഇസ്രായേൽ നടത്തിയ ബോംബ് ആക്രമണത്തെ കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു. അനസ് ഒരു ഹമാസ് അംഗമായിരുന്നുവെന്നും ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണം നടത്തിയെന്നും അനസിനെ വധിച്ചത് സ്ഥിരീകരിച്ചു പോസ്റ്റ് ചെയ്ത കുറിപ്പിൽ ഇസ്രായേൽ അവകാശപ്പെടുന്നു.
Adjust Story Font
16

