Quantcast

ഐന്‍സ്റ്റീനോട് ഒരു അമ്മ ചോദിച്ചു, 'മകനെ ബുദ്ധിശാലിയായി വളര്‍ത്താന്‍ എന്ത് ചെയ്യണം'? ലളിതമായിരുന്നു മറുപടി

കുട്ടികള്‍ ബുദ്ധിശാലികളായി വളരാന്‍ ഐന്‍സ്റ്റീന്‍ കടുത്ത പഠനരീതികളോ കണക്ക് ക്ലാസുകളോ ശാസ്ത്രപഠനമോ ഒന്നുമായിരുന്നില്ല നിര്‍ദേശിച്ചത്

MediaOne Logo
albert einsteins tip for smart kids
X

ബുദ്ധിശക്തി എന്താണെന്നുള്ളത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ചും കുട്ടികളുടെ കാര്യത്തില്‍. എല്ലാം ഓര്‍ത്തുവെക്കുക, പഠിക്കുക എന്നത് മാത്രമാണ് ബുദ്ധിശക്തിയുടെ അടയാളമെന്ന് രക്ഷിതാക്കള്‍ പലപ്പോഴും കരുതാറുണ്ട്. അതിന്റെ ഫലമോ, കുട്ടികളെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും പഠിക്കുന്നതെല്ലാം ഓര്‍ത്തുവെക്കാനും നിര്‍ബന്ധിക്കും. എന്നാല്‍, ലോകംകണ്ട ഏറ്റവും വലിയ ശാസ്ത്രപ്രതിഭകളിലൊരാളായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് ബുദ്ധിശക്തിയെ കുറിച്ചുള്ള സങ്കല്‍പ്പം മറ്റൊന്നായിരുന്നു. അദ്ദേഹത്തോട് ഒരു അമ്മ ഇക്കാര്യത്തെ കുറിച്ച് സംശയം ചോദിച്ചതുമായി ബന്ധപ്പെട്ട് ഒരു കഥയുണ്ട്.

കുട്ടികള്‍ ബുദ്ധിശാലികളായി വളരാന്‍ ഐന്‍സ്റ്റീന്‍ കടുത്ത പഠനരീതികളോ കണക്ക് ക്ലാസുകളോ ശാസ്ത്രപഠനമോ ഒന്നുമായിരുന്നില്ല നിര്‍ദേശിച്ചത്. തന്റെ കുട്ടിയെ എങ്ങനെ ഒരു ബുദ്ധിശാലിയായ ശാസ്ത്രജ്ഞനായി വളര്‍ത്തിയെടുക്കാം എന്നായിരുന്നു ഐന്‍സ്റ്റീനോട് ആ അമ്മയുടെ ചോദ്യം. 'മകന് കഥകള്‍ പറഞ്ഞുകൊടുക്കുക. കൂടുതല്‍ കൂടുതല്‍ കഥകള്‍ പറഞ്ഞുകൊടുക്കുക' -ഇതായിരുന്നു ഐന്‍സ്റ്റീന്റെ മറുപടി. ലോകത്തിന്റെ തന്നെ ശാസ്ത്രസങ്കല്‍പ്പത്തെ തിരുത്തിക്കുറിച്ച ആ പ്രതിഭയുടെ മറുപടി കേട്ട് അമ്മ അമ്പരന്നു.

ഐന്‍സ്റ്റീന്‍ വിശദീകരിച്ചു. 'സര്‍ഗ്ഗാത്മക ഭാവനയാണ് ബൗദ്ധികശേഷിയുടെ അടിസ്ഥാന ഘടകം. ഒരു ശാസ്ത്രജ്ഞന് ഉണ്ടായിരിക്കേണ്ടതും മികച്ച ഭാവനാശേഷിയാണ്. മനോഹരമായ കുട്ടിക്കഥകള്‍ നിങ്ങളുടെ കുട്ടിയുടെ ഭാവനയെയും ബുദ്ധിശക്തിയേയും ആകാശത്തോളം ഉയര്‍ത്തും' -ഐന്‍സ്റ്റീന്‍ പറഞ്ഞു.

കര്‍ക്കശമായ രീതികളിലൂടെ കുട്ടികളെ പഠിപ്പിക്കുന്നതിനോട് ഐന്‍സ്റ്റീന് വിയോജിപ്പായിരുന്നു. യഥാര്‍ഥ പഠനം സന്തോഷം, ജിജ്ഞാസ, സ്വതന്ത്ര ചിന്ത എന്നിവയിലൂന്നിയതാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. സ്വന്തം മകന് എഴുതിയ ഒരു കത്തില്‍ ഐന്‍സ്റ്റീന്‍ അവനോട് പിയാനോ വായിക്കാന്‍ നിര്‍ദേശിക്കുന്നുണ്ട്. സ്‌കൂളില്‍ അധ്യാപകര്‍ നിര്‍ദേശിച്ചില്ലെങ്കിലും പിയാനോയില്‍ ഇഷ്ടമുള്ള സംഗീതം ആസ്വദിക്കൂവെന്നാണ് ഐന്‍സ്റ്റീന്‍ പറഞ്ഞത്.

കുട്ടികളുടെ ബുദ്ധിശക്തി വര്‍ധിപ്പിക്കാം... ഈ ശീലങ്ങളിലൂടെ

കുട്ടിയുടെ തലച്ചോര്‍ വളരാന്‍ എന്തൊക്കെ പൊടിക്കൈകളാണ് വേണ്ടതെന്ന് പലരും ചോദിക്കാറുണ്ട്. കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങളില്‍ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ്. തലച്ചോറില്‍ ലക്ഷക്കണക്കിന് ന്യൂറോണുകള്‍ ഉണ്ട്. നമ്മളുടെ കുട്ടി സ്മാര്‍ട് ആകുന്നതും ഊര്‍ജസ്വലരാകുന്നതും ഈ ന്യൂറോണുകള്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്. ഈ ന്യൂറോണുകളെ കൃത്യമായി ഉണര്‍ത്തുന്നതിലാണ് കുട്ടികള്‍ ബുദ്ധിമാന്‍മാരായി വളരാന്‍ ഏറ്റവും അത്യാവശ്യം.

മുതിര്‍ന്ന ഒരാളുടെ തലച്ചോറിന്റെ 25 ശതമാനം തൂക്കമേ ഒരു നവജാതശിശുവിന്റെ തലച്ചോറിനുള്ളൂ. എന്നാല്‍ ഇത് രണ്ടു വയസ്സോടെ 75 ശതമാനമായും അഞ്ചു വയസ്സോടെ 90 ശതമാനമായും വര്‍ധിക്കുന്നുണ്ട്. ഈയൊരു വളര്‍ച്ച സാധ്യവും കാര്യക്ഷമവും ആകുന്നത് തലച്ചോറിലെ നാഡികള്‍ തമ്മില്‍ ഒട്ടനവധി പുതിയ ബന്ധങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോഴാണ്. ഈ ബന്ധങ്ങള്‍ യഥാവിധി സ്ഥാപിക്കപ്പെടാന്‍ കുഞ്ഞുതലച്ചോറിന്റെ വിവിധ ഭാഗങ്ങള്‍ക്ക് തക്കരീതിയിലുള്ള ഉത്തേജനം കിട്ടിക്കൊണ്ടിരിക്കേണ്ടതുണ്ട്.

കുട്ടികളെ ചിന്തിക്കാന്‍ അനുവദിക്കൂ

വായിക്കാനുള്ള പ്രേരണ നമ്മളില്‍ ഉണ്ടാക്കുന്നത് ചോദ്യങ്ങള്‍ ചോദിക്കുമ്പോഴാണ്. നിങ്ങളും കുട്ടികളോട് ചോദ്യങ്ങള്‍ ചോദിക്കുക. ചിന്തിച്ചു കണ്ടുപിടിക്കുന്ന ഒരു കാര്യം നമ്മള്‍ മറക്കാറില്ല. അത് പോലെ കുട്ടികളുടെ ബുദ്ധിശക്തി വികസിപ്പിക്കാന്‍ സഹായിക്കുന്ന കളിക്കോപ്പുകള്‍ ഓരോ പ്രായത്തിലും നല്‍കുക. പല തരത്തിലുള്ള കളികളിലൂടെ കുട്ടികളുടെ തലച്ചോറിനെ ഉത്തേജിപ്പിക്കാം. നിങ്ങള്‍ കേട്ടിട്ടുണ്ടാവും ഈ പഴമൊഴി. 'നിങ്ങള്‍ ഒരു മീന്‍ ഒരാള്‍ക്കു നല്‍കുകയാണെങ്കില്‍ അന്നത്തേക്ക് അയാളുടെ വിശപ്പു മാറും. എന്നാല്‍, ഒരാളെ മീന്‍പിടിക്കാന്‍ നിങ്ങള്‍ പഠിപ്പിക്കുകയാണെങ്കില്‍ അത് അയാളുടെ ജീവിതകാലത്തെ മുഴുവന്‍ വിശപ്പുമാറ്റാന്‍ സഹായിക്കും.' അതു പോലെ കുട്ടികളെ കൊണ്ട് സ്വന്തമായി ഉത്തരങ്ങള്‍ കണ്ടുപിടിക്കാനും കാര്യങ്ങള്‍ ചെയ്യിപ്പിക്കാനും ശ്രമിക്കുക.

ഒരു കാര്യം എന്തുകൊണ്ട് അങ്ങനെ ചെയ്യുന്നു, അത് എങ്ങനെ ചെയ്യണം, എന്ന് വ്യക്തമായി മനസ്സിലാകണമെങ്കില്‍ ആ കുട്ടി അത് ചെയ്തു നോക്കണം. പ്രയാസമെങ്കില്‍ അത്തരം കാര്യങ്ങള്‍ നിങ്ങള്‍ക്കൊപ്പം ചെയ്യാനുള്ള അവസരം നല്‍കാം. എല്ലാം സ്പൂണ്‍ ഫീഡിങ് ആണ് പലപ്പോഴും നടക്കുന്നത്. കുട്ടികളിലെ ചിന്താശേഷിയും സര്‍ഗാത്മകതയും അത് കാരണം നഷ്ടമാകുന്നു. ഒരു സംഭവത്തെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിക്കുന്നത് അത് ഓര്‍മയില്‍ നന്നായിപ്പതിയാന്‍ സഹായിക്കും.

TAGS :

Next Story