ഖാംനഇയുടെ ഉപദേശകൻ അലി ഷംഖാനി കൊല്ലപ്പെട്ടെന്ന വാർത്ത നിഷേധിച്ച് ഇറാൻ
ജൂൺ 13ന് നടത്തിയ വ്യോമാക്രമണത്തിൽ ഷംഖാനിയെ വധിച്ചെന്നായിരുന്നു ഇസ്രായേൽ അവകാശപ്പെട്ടിരുന്നത്.

തെഹ്‌റാൻ: ഇറാന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേശകൻ അലി ഷംഖാനി ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വാർത്ത നിഷേധിച്ച് ഇറാൻ. ജൂൺ 13ന് നടത്തിയ വ്യോമാക്രമണത്തിൽ ഷംഖാനിയെ വധിച്ചെന്നായിരുന്നു ഇസ്രായേൽ അവകാശപ്പെട്ടിരുന്നത്.
അലി ഖാംനഇയെ അഭിസംബോധന ചെയ്ത് ഷംഖാനി എഴുതിയ കത്ത് ഇന്ന് ഇറാൻ സ്‌റ്റേറ്റ് മീഡിയ പ്രസിദ്ധീകരിച്ചു. ഇതിലാണ് താൻ ജീവിച്ചിരിക്കുന്നതായി അദ്ദേഹം വ്യക്തമാക്കിയത്. ഇറാൻ റവല്യൂഷണറി ഗാർഡുമായി ബന്ധമുള്ള ഐആർഐബി, തസ്‌നീം തുടങ്ങിയ വാർത്താ ഏജൻസികൾ ഷംഖാനിയുടെ കത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഷംഖാനിയുടെ വീടിന് നേരെ നടന്ന ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതായാണ് ഇറാൻ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ ഇപ്പോൾ പറയുന്നത്. അതേസമയം അദ്ദേഹത്തിന്റെ പുതിയ ഫോട്ടോകളൊന്നും പുറത്തുവിട്ടിട്ടില്ല.
Adjust Story Font
16

