Quantcast

ഇസ്രായേൽ സൈന്യം ബുൾഡോസർ കയറ്റിക്കൊന്ന അമേരിക്കൻ യുവതി; ഗസ്സയുടെ ഓർമകളിൽ മായാതെ റേച്ചൽ കോറി

ആരോൺ ബുഷ്നെലിന്റെ ജീവത്യാഗത്തെ റേച്ചൽ കോറിയുടെ പോരാട്ടവുമായിട്ടാണ് ഹമാസ് താരതമ്യം ചെയ്തത്

MediaOne Logo

വി.കെ. ഷമീം

  • Updated:

    2024-02-28 10:30:20.0

Published:

28 Feb 2024 10:23 AM GMT

Rachel Corrie
X

റേച്ചൽ കോറി

റേച്ചൽ കോറിയെന്ന അമേരിക്കൻ സമാധാന പ്രവർത്തകയുടെ പേര് ഒരിക്കൽ കൂടി വാർത്തകളിൽ നിറയുകയാണ്. 21 വർഷം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2003 മാർച്ച് 16നാണ് ഇസ്രായേൽ സേന 23കാരിയെ ബുൾഡോസർ കയറ്റി കൊലപ്പെടുത്തിയത്. എല്ലാം നഷ്ടപ്പെട്ട ഗസ്സയിലെ ജനങ്ങൾക്ക് വേണ്ടി പോരാടി എന്നത് മാത്രമാണ് ഈ യുവതി ചെയ്ത തെറ്റ്. പക്ഷെ, കണ്ണിൽ ചോരായില്ലാത്ത ഇസ്രായേൽ സൈന്യത്തിന് അത് പൊറുക്കാനാവാത്ത തെറ്റ് തന്നെയായിരുന്നു.

21 വർഷങ്ങൾക്ക് ശേഷം ഗസ്സയിൽ ഇസ്രായേലിന്റെ നേതൃത്വത്തിൽ ആസൂത്രിത വംശഹത്യ അരങ്ങേറുമ്പോഴും റേച്ചൽ കോറിയുടെ പേര് ഫലസ്തീനികളുടെ ഓർമകളിൽനിന്ന് മാഞ്ഞിട്ടില്ല. കഴിഞ്ഞദിവസം വാഷിങ്ടണിലെ ഇസ്രായേൽ എംബസിക്ക് മുന്നിൽ യു.എസ് വ്യോമസേന ഉദ്യോഗസ്ഥൻ ആരോൺ ബുഷ്നെൽ സ്വയം തീകൊളുത്തി മരിച്ചിരുന്നു. ഗസ്സയിലെ ജനങ്ങൾക്ക് മേൽ നടക്കുന്ന വംശഹത്യ കണ്ടുനിൽക്കാൻ സാധിക്കാതെയായിരുന്നു ആരോണിന്റെ ജീവത്യാഗം. ഇദ്ദേഹ​ത്തിന്റെ ജീവിതത്തെ റേച്ചൽ കോറിയുടെ പോരാട്ടവുമായിട്ടാണ് ഹമാസ് താരതമ്യം ചെയ്തത്. അതെ, 21 വർഷമായിട്ടും റേച്ചൽ കോറി ഇന്നും ഗസ്സക്കാരുടെ മനസ്സിൽ അചഞ്ചലമായ ചെറുത്തിൽനിൽപ്പിന്റെ പ്രതീകമായി തുടരുന്നു.

വാഷിങ്ടൺ സ്റ്റേറ്റിന്റെ തലസ്ഥാന നഗരമായ ഒളിമ്പിയയിലെ എവർഗ്രീൻ സ്റ്റേറ്റ് കോളജ് വിദ്യാർഥിയായിരുന്നു റേച്ചൽ കോറി. ഇവിടെ വെച്ചാണ് അവർ സമാധാനത്തിനും ഐക്യദാർഢ്യത്തിനുമായി പ്രവർത്തിക്കുന്ന ഒളിമ്പ്യൻസ് എന്ന സംഘടനയിൽ ചേർന്നത്. ഫലസ്തീൻ നേതൃത്വത്തിലുള്ള ആക്ടിവിസ്റ്റ് സംഘടനയായ ഇന്റർനാഷണൽ സോളിഡാരിറ്റി മൂവ്‌മെന്റുമായി അഫിലിയേറ്റ് ചെയ്ത സംഘടനയായിരുന്നുവത്. കോളേജ് പഠനത്തിന്റെ അവസാന വർഷത്തിൽ അവർ ഗസ്സയിലേക്ക് സഹപ്രവർത്തകർക്കൊപ്പം എത്തി.


ഫലസ്തീനിൽ അപ്പോൾ രണ്ടാം ഇൻതിഫാദ നടക്കുന്ന കാലമാണ്. ഇതിനെ അടിച്ചമർത്താൻ ഇസ്രായേൽ സൈന്യം നരനായാട്ട് നടത്തുന്നു. ഗസ്സയിലെ ഫലസ്തീനികളുടെ വീടുകളും അഭയാർഥിക ക്യാമ്പുകളും ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നു. കൊച്ചുകുട്ടികളെ പോലും ​നിഷ്ഠൂരമായി വെടിവെച്ച് കൊല്ലുന്നു.

ഗസ്സയുടെ തെക്കൻ അതിർത്തിയിലെ റഫയിലെ അഭയാർഥി ക്യാമ്പുകളെ മനുഷ്യത്വരഹിതമായി തകർക്കുന്ന ഇസ്രയേൽ സൈന്യത്തിനു മുന്നിൽ മനുഷ്യമതിൽ തീർക്കാനായിരുന്നു റേച്ചലിന്റെയും മറ്റു എട്ട് പേരുടെയും പദ്ധതി.

ചുറ്റും വീടുകളും അഭയാർഥി ക്യാമ്പുകളും തകർക്കാനെത്തിയ ബുൾഡോസറുകളാണ്. ഏത് നിമിഷവും തകർക്കപ്പെടാൻ പോകുന്ന കെട്ടിടങ്ങൾ. അതിന് മുന്നിൽ കണ്ണീർപൊഴിച്ച് മനുഷ്യ ജീവിതങ്ങൾ. റേച്ചൽ കോറിക്കും സഹപ്രവർത്തകർക്കും ഈ കാഴ്ചകൾ താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

റേച്ചൽ കോറിയുടെ മാതാപിതാക്കൾ

ഇതിനിടയിലാണ് ഒരു ബുൾഡോസർ വീട് തകർക്കാനായി വരുന്നത് റേച്ചൽ കാണുന്നത്. ഓറഞ്ച് നിറത്തിൽ ഫ്ലൂറസെന്റ് ജാക്കറ്റാണ് അവൾ അണിഞ്ഞിരുന്നത്. വീട് പൊളിക്കരുതെന്നും മടങ്ങിപ്പോകണമെന്നും അവൾ മെഗാ​ഫോണിൽ ഉച്ചത്തിൽ വിളിച്ചുപറയുന്നുണ്ടായിരുന്നു. റേച്ചലിന് നേരെ മണ്ണെല്ലാം വാരിയിട്ട് അവളെ പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ട് ഇസ്രായേൽ സൈന്യം. എന്നാൽ, ​അവൾ പിന്തിരിയാൻ തയറായിരുന്നില്ല. ഒടുവിൽ, കണ്ണിൽ ചോരയില്ലാത്ത ഇസ്രായേൽ സൈന്യം ആ യുവതിയുടെ മുകളിലൂടെ ബുൾഡോസർ കയറ്റി. ചതഞ്ഞരഞ്ഞ ശരീരവുമായി സഹപ്രവർത്തകർ ആശുപത്രിയിലേക്ക് കുതിച്ചു. അപ്പോഴേക്കും അവൾ ഈ ലോകത്തുനിന്ന് യാത്രയായിരുന്നു, തന്റെ പോരാട്ടത്തിന്റെ ഓർമകൾ ബാക്കിയാക്കി.

ഇസ്രായേൽ മുൻ ചീഫ് പാത്തോളജിസ്റ്റ് യെഹൂദ ഹിസ് ആണ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. നെഞ്ചിലെ സമ്മർദ്ദം കാരണമാണ് മരണമെന്ന് അതിൽ വ്യക്താക്കുന്നു. എല്ലുകൾ ​പൊട്ടിയെന്നും ശ്വാസകോശത്തിൽ മുറിവുകളുണ്ടായതായും പ്ലൂറൽ അറകളിൽ രക്തസ്രാവമുണ്ടായതായും അതിൽ പറയുന്നുണ്ട്. എന്നാൽ, പതിവ് പോലെ ഈ പൈശാചിക കൃത്യവും ഇസ്രായേൽ നിഷേധിച്ചു. സംഭവം അപകടമാണെന്നും കോറിയും മറ്റു ആക്ടിവിസ്റ്റുകളും നിയമവിരുദ്ധ പ്രവർത്തനമാണ് നടത്തിയതെന്നും ഇസ്രായേൽ വാദിച്ചു. അതേസമയം, ലോകത്താകമാനം ​ഈ പ്രവൃത്തിക്കെതിരെ പ്രതിഷേധം അലയടിച്ചു.

2003 മാർച്ചിൽ യു.എസ് പ്രതിനിധി ബ്രയാൻ ബെയർഡ്, കോറിയുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ സർക്കാറിനോട് ആവശ്യപ്പെടുന്ന പ്രമേയം കോൺഗ്രസിൽ അവതരിപ്പിച്ചു. എന്നാൽ, ജനപ്രതിനിധി സഭ ഇതിന് അംഗീകാരം നൽകിയില്ല.

റേച്ചലിൻ്റെ മാതാപിതാക്കളായ സിൻഡിയും ക്രെയ്ഗ് കോറിയും മകളുടെ മരണത്തിന്റെ ഉത്തരവാദികൾക്കെതിരെ നിയമപോരാട്ടം ആരംഭിച്ചിരുന്നു. 2010ൽ അവർ ഇസ്രായേൽ സൈന്യത്തിനും പ്രതിരോധ മന്ത്രാലയത്തിനുമെതിരെ കേസ് കൊടുത്തു. 2012ൽ ഇസ്രായേലിലെ ജില്ലാ കോടതിയുടെ വിധി വന്നു. റേച്ചൽ യുദ്ധമേഖലയിലായിരുന്നെന്നും അതിനാൽ അവളുടെ മരണത്തിന് ഇസ്രായേൽ ഉത്തരവാദിയല്ലെന്നുമായിരുന്നു വിധി. ഈ വിധിയെ വളരെ മോശമായ രീതിയിലാണ് ഇസ്രായേൽ ജനത ആഘോഷിച്ചത്.

വിധി എതിരായിരുന്നെങ്കിലും മാതാപിതാക്കൾ തളരാൻ തയാറായിരുന്നില്ല. അവർ രൂപവത്കരിച്ച റേച്ചൽ കോറി ഫൗണ്ടേഷൻ ഫോർ പീസ് ആൻഡ് ജസ്റ്റിസ് എന്ന സംഘടനയുമായി മുന്നോട്ടുപോവുകയാണ്.

കൂടാതെ റേച്ചലിന്റെ കത്തുകളും ഡയറിക്കുറിപ്പുകളും കവിതകളും സമാഹരിച്ച് 'Let Me Stand Alone, My name is Rachel Corrie' എന്ന പേരിൽ പുസ്തകവും പുറത്തിറക്കി. റേച്ചലിന്റെ ഓർമക്കായി എല്ലാവർഷവും ഗസ്സയിലെ ഫുട്ബാൾ പ്രേമികൾ ടൂർണമെന്റുകൾ സംഘടിപ്പിക്കാറുണ്ട്. 2015ൽ റേച്ചൽ കോറിയുടെ 12ാം ചരമവാർഷികത്തിൽ, ഇസ്‌ലാമിക് വേൾഡ് സ്റ്റാഫ് ഇറാനിലെ തെഹ്റാൻ ശ്മശാനത്തിൽ റേച്ചലിന്റെ പേരിൽ പ്രതീകാത്മക ശവകല്ലറ സ്ഥാപിക്കുകയും ചെയ്തു.

TAGS :

Next Story