Quantcast

താലിബാൻ ആക്രമണം: അഫ്ഗാനിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം

അഫ്ഗാനിസ്താനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ അവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് ഇന്ത്യന്‍ എംബസി പുറത്തിറക്കിയ ജാഗ്രതാനിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2021-07-24 15:59:05.0

Published:

24 July 2021 3:47 PM GMT

താലിബാൻ ആക്രമണം: അഫ്ഗാനിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
X

അത്യാവശ്യ കാര്യത്തിനല്ലാതെ വീടുകളിൽനിന്നു പുറത്തിറങ്ങരുതെന്ന് അഫ്ഗാനിസ്താനിലെ ഇന്ത്യൻ പൗരന്മാർക്ക് നിർദേശം. അഫ്ഗാന്റെ വിവിധ മേഖലകളിൽ താലിബാൻ പിടിമുറുക്കിയതിനു പിറകെയാണ് കാബൂളിലെ ഇന്ത്യൻ എംബസി പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറത്തിറക്കിയത്.

അഫ്ഗാനിൽ താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ സന്ദർശനത്തിലുള്ളവരോ ആയ ഇന്ത്യൻ പൗരന്മാരോടാണ് ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. അവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂവെന്ന് എംബസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ നിർദേശിച്ചിട്ടുണ്ട്. യാത്ര ചെയ്യുമ്പോൾ സൈനികർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വാഹനങ്ങളിൽനിന്ന് അകലം പാലിക്കണം. ഇവരുടെ വാഹനങ്ങൾ ലക്ഷ്യമിട്ട് താലിബാൻ ആക്രമണത്തിനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണിത്. ജനത്തിരക്കുള്ള മാർക്കറ്റുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, റെസ്‌റ്റോറന്റുകൾ, മറ്റ് പൊതു ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.

അഫ്ഗാനിലുള്ള ഇന്ത്യൻ പൗരന്മാർ paw.kabul@mea.gov.in എന്ന ഇ-മെയിൽ വഴിയോ https://eoi.gov.in/kabul എന്ന വെബ്‌സൈറ്റിലോ രജിസ്റ്റർ ചെയ്യണം. ഇവിടെ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾ തൊഴിലാളികൾക്കായി പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കണം. അഫ്ഗാനിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാനെത്തിയ ഇന്ത്യൻ മാധ്യമപ്രവർത്തകർ എംബസിയുടെ പൊതുകാര്യ, സുരക്ഷാ വിഭാഗവുമായി ബന്ധപ്പെടണമെന്നും എംബസി പുറത്തിറക്കിയ കുറിപ്പിൽ നിർദേശിച്ചിട്ടുണ്ട്.

TAGS :

Next Story