പുതിയ അപ്‌ഡേഷന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി; യൂട്യൂബര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി ആപ്പിള്‍
രഹസ്യ വിവരങ്ങള്‍ പരസ്യമാക്കി എന്ന് ആരോപിച്ച് ആപ്പിള്‍ ജീവനക്കാരനെതിരെ നഷ്ടപരിഹാര കേസും നല്‍കി

ആപ്പിള്‍ ഐഒഎസ് 26നെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് യൂട്യൂബര്‍ക്കെതിരെ നിയമനടപടി ആരംഭിച്ച് ആപ്പിള്‍. യൂട്യൂബര്‍ ജോണ്‍ പ്രോസര്‍ക്കെതിരെയും കൂട്ടാളി മൈക്കിള്‍ റാമച്ചൊറ്റിക്കെതിരെയുമാണ് കേസ്. ഫ്രണ്ട് പേജ് ടെക് യൂട്യൂബ് ചാനല്‍ ഉടമയാണ് ജോണ്‍ പ്രോസര്‍. ഇനി വരാനിരിക്കുന്ന ഐഒഎസ് 26ലെ ഫീച്ചറുകള്‍ അതിവിശദമായി പരിചയപ്പെടുത്തിയ വ്യക്തിയാണ് പ്രോസര്‍. ഇതിനെതിരെയാണ് ആപ്പിള്‍ ഫെഡറല്‍ കോടതിയെ സമീപിച്ചത്. ഐഒഎസ് 26ലെ വാണിജ്യ രഹസ്യങ്ങള്‍ ചോര്‍ത്താന്‍ പദ്ധതി തയ്യാറാക്കി എന്നാണ് ആപ്പിളിന്റെ ആരോപണം.
ആപ്പിള്‍ ജീവനക്കാരനായ എതന്‍ ലിപ്നിക്ക് റാമച്ചൊറ്റിയുടെ സുഹൃത്താണ്. ലിപ്നിക്കിന്റെ വീട്ടില്‍ താമസിക്കാനെത്തിയ റാമച്ചൊറ്റി, ലിപ്നിക്കിന് ആപ്പിള്‍ കൊടുത്തുവിട്ട ഡെവലപ്മെന്റ് ഫോണിലേക്ക് കടന്നുകയറി എന്നും, ഇതുവരെ പുറത്തിറക്കാത്ത സോഫ്റ്റ്വെയറിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു ഫേസ്ടൈം വിഡിയോ കോള്‍ വഴി പ്രോസറെ അറിയിച്ചു എന്നും ആപ്പിള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
പ്രോസര്‍ ഈ കോള്‍ റെക്കോര്‍ഡ് ചെയ്യുകയും അതിലെ വിവരങ്ങള്‍ യൂട്യൂബ് ചാനല്‍ വഴി പുറത്തുവിടുകയും ചെയ്തു എന്നും കോടതിയില്‍ നല്‍കിയ പരാതിയില്‍ ആപ്പിള്‍ ആരോപിക്കുന്നു. അതില്‍ ഫീച്ചറിനെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങളായിരുന്നു ഉണ്ടായിരുന്നത്. അത് യൂട്യൂബ് വഴി കാണിച്ച് പണമുണ്ടാക്കി എന്നും ആപ്പിള്‍ വ്യക്തമാക്കുന്നു.
നല്‍കിയ ഡവലപ്മെന്റ് ഡിവൈസിലെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിച്ചില്ല എന്ന കാരണത്താല്‍ ലിപ്നിക്കിനെ ആപ്പിള്‍ പിരിച്ചുവിട്ടു. രഹസ്യ വിവരങ്ങള്‍ പരസ്യമാക്കി എന്ന കാരണം കാണിച്ച് ലിപ്നിക്കിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസും നല്‍കിയിട്ടുണ്ട്.
എന്നാല്‍ ആപ്പിള്‍ ഈ പറയുന്ന കാര്യങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് പ്രോസര്‍. സാഹചര്യം എന്തായിരുന്നു എന്ന് അറിയാതെയുള്ള പ്രതികരണമാണ് ആപ്പിള്‍ നടത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Adjust Story Font
16

