'സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തി'; അർമീനിയയിൽ ആർച്ച്ബിഷപ്പ് അറസ്റ്റിൽ
ആർച്ച് ബിഷപ്പ് ബഗ്രത് ഗാൽസ്താന്യൻ അടക്കം 14 പേരാണ് അറസ്റ്റിലായത്.

ലണ്ടൻ: സർക്കാരിനെ അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയതിന് ക്രിസ്ത്യൻ പുരോഹിതൻ അർമീനിയയിൽ അറസ്റ്റിൽ. ആർച്ച് ബിഷപ്പ് ബഗ്രത് ഗാൽസ്താന്യൻ ആണ് അറസ്റ്റിലായത്. ഇദ്ദേഹത്തോടൊപ്പം മറ്റു 13 പേരും അറസ്റ്റിലായിട്ടുണ്ട്. ഗാൽസ്താന്യനും മറ്റു 15 പേർക്കുമെതിരെ ഭീകരാക്രമണം നടത്തി അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചതിന് ക്രമിനൽ കുറ്റം ചുമത്തിയതായി അർമീനിയയുടെ അന്വേഷണ കമ്മിറ്റി പറഞ്ഞു.
ആർച്ച് ബിഷപ്പ് ബഗ്രത് ഗാൽസ്താന്യൻ അടക്കം 14 പേരാണ് അറസ്റ്റിലായത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അർമീനിയയിൽ അധികാരം പിടിച്ചെടുക്കാനുള്ള ക്രിമിനൽ- പ്രഭു വർഗ പുരോഹിതൻമാരുടെ പദ്ധതി പരാജയപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നിക്കോൾ പാഷിനിയൻ പറഞ്ഞു.
അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അർമീനിയയിൽ പ്രധാനമന്ത്രി പഷ്‌നിയനും അർമീനിയൻ അപ്പസ്‌തോലിക് സഭയും തമ്മിൽ വളർന്നുവരുന്ന ഏറ്റുമുട്ടലിന്റെ ഭാഗമാണ് ഗാൽസ്ത്യാനന്റെ അറസ്റ്റ്. അസർബൈജാനെതിരായ യുദ്ധത്തിൽ അർമീനിയ പരാജയപ്പെട്ടതിന്റെ പേരിൽ പഷിനിയൻ രാജിവെക്കണമെന്ന് ചില മുതിർന്ന പുരോഹിതൻമാർ ആവശ്യപ്പെട്ടിരുന്നു.
ഗാൽസ്താന്യനെ സർക്കാർ അന്യായമായി കുറ്റവാളിയാക്കുകയാണെന്നും പുകമറ സൃഷ്ടിച്ച് ഒരു തീവ്രവാദ ഗ്രൂപ്പിനെ പിടികൂടിയെന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ആരോപിച്ചു.
2018ൽ പ്രതിഷേധങ്ങളുടെ ഒരു തരംഗത്തിലൂടെയാണ് പഷിനിയൻ അധികാരത്തിലെത്തിയത്. എന്നാൽ 2020ലെ യുദ്ധത്തിൽ അസർബൈജാനോട് വലിയ തോൽവികൾ നേരിട്ടതോടെ പഷിനിയൻ സർക്കാരിനെതിരെ ജനരോഷം ശക്തമാണ്. 2023ൽ നാഗൊർണോ- കറാബാക്ക് പർവതമേഖല മുഴുവൻ അസർബൈജാൻ തിരിച്ചുപിടിച്ചു. ഇതിലുള്ള ജനരോഷം മുതലെടുത്ത് ഗാൽസ്താന്യനും അനുയായികളും പഷിനിയൻ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
Adjust Story Font
16

