Quantcast

ഫലസ്​തീൻ അനുകൂല വിദ്യാർഥി നേതാവിന്റെ അറസ്​റ്റ്​: അമേരിക്കയിൽ വൻ പ്രതിഷേധം

മഹ്മൂദ്​ ഖലീലിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട്​ ന്യൂയോർക്കിലും വാഷിങ്​ടണിലും ആയിരങ്ങൾ തെരുവിലിറങ്ങി

MediaOne Logo

Web Desk

  • Updated:

    2025-03-11 06:47:39.0

Published:

11 March 2025 10:37 AM IST

mahmoud khalil
X

ന്യൂയോർക്ക്​: ഗസ്സയിലെ ഇസ്രായേലിന്റെ വംശഹത്യാ യുദ്ധത്തിനെതിരെ കൊളംബിയ സർവകലാശാലയിൽ നടന്ന പ്രതിഷേധത്തിന് നേതൃത്വം നൽകിയ മഹ്മൂദ്​ ഖലീലിനെ അറസ്​റ്റ്​ ചെയ്​ത നടപടിയിൽ വൻ പ്രതിഷേധം.​ അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരാണ്​ മഹ്മൂദിനെ ശനിയാഴ്​ച അറസ്​റ്റ്​ ചെയ്​തത്​. ഫലസ്തീൻ അനുകൂല വിദ്യാർഥി പ്രതിഷേധങ്ങളിൽ പ​ങ്കെടുത്ത വിദേശികളെ നാടുകടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്​തമാക്കിയിരുന്നു. ഇതിന്​ ശേഷമുള്ള ആദ്യ അറസ്​റ്റാണ്​ മഹ്മൂദ്​ ഖലീലി​േൻറത്​.

അറസ്​റ്റിനെതിരെ വലിയ പ്രതിഷേധമാണ്​ അമേരിക്കയിൽ ഉയരുന്നത്​. യുഎസ് നിയമനിർമ്മാതാക്കളും പൗരാവകാശ സംഘടനകളും അറസ്​റ്റിനെ വിമർശിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് ഡെമോക്രാറ്റിക് പ്രതിനിധി റാഷിദ ത്ലൈബ് അറസ്റ്റിനെ അപലപിച്ചുകൊണ്ട്​ പറഞ്ഞു. ‘മഹ്മൂദ് ഖലീലിനെ സ്വതന്ത്രമാക്കൂ. വിയോജിപ്പിനെ ക്രിമിനൽ കുറ്റമാക്കുന്നത് നമ്മുടെ ഒന്നാം ഭേദഗതിക്കും സംസാര സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമാണ്’ -ത്ലൈബ് പറഞ്ഞു.

ഖലീലിന്റെ അറസ്റ്റ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് വിശേഷിപ്പിച്ച കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്ലാമിക് റിലേഷൻസ്, ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ നടപടികളെ അപലപിക്കുകയും ചെയ്​തു. ഖലീലി​െൻറ അറസ്​റ്റിൽ പ്രതിഷേധിച്ച്​ ന്യൂയോർക്കിലും വാഷിങ്​ടണിലും ആയിരക്കണക്കിന്​ പേർ ​തെരുവിലിറങ്ങി.

അതേസമയം, ഖലീലിന്റെ അറസ്റ്റിനെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ന്യായീകരിച്ചു. ഖലീൽ വിദേശ ഹമാസ് അനുകൂല വിദ്യാർഥിയാണെന്ന്​ വിശേഷിപ്പിച്ച ട്രംപ്​ വരാനിരിക്കുന്ന അറസ്​റ്റുകളുടെ തുടക്കമാണിതെന്നും വ്യക്​തമാക്കി. ​

സിറിയയിൽ ജനിച്ച ഫലസ്തീൻ വംശജനായ ഖലീൽ കൊളംബിയയിലെ സ്കൂൾ ഓഫ് ഇന്റർനാഷണൽ അഫയേഴ്‌സിൽനിന്നാണ്​ കഴിഞ്ഞവർഷം ബിരുദാനന്തര ബിരുദം നേടുന്നത്​.​ ഇയാളെ നാടുകടത്തുന്നത്​ ഫെഡറൽ ജഡ്ജി താൽക്കാലികമായി തടഞ്ഞിട്ടുണ്ടെങ്കിലും ലൂസിയാനയിലെ തടങ്കൽ കേന്ദ്രത്തിൽ തടവിൽ കഴിയുകയാണ്.

TAGS :

Next Story